കഴുത്തറക്കാന്‍ കൊണ്ടു പോകുന്നവന്റെ കത്തി ചുമക്കുന്ന കന്നുകാലികളായി സ്വയം മാറിക്കഴിഞ്ഞവരാണ് ഭാരതത്തിലെ കമ്യൂണിസ്റ്റു പക്ഷം. ഇസ്ലാമികജിഹാദികള്ക്ക് പാര്‍ട്ടിയെയും പ്രത്യയശാസ്ത്രത്തെയും അണികളെയും പണയപ്പെടുത്തിയ പിണറായിക്കാലത്ത് വിജയ രാഘവന് താത്കാലിക സംസ്ഥാന സെക്രട്ടറിയായത് ഇസ്ലാമിക വിഷയത്തിലെ അദ്ദേഹത്തിന്റെ ഗവേഷണ പരിചയം കൊണ്ടായിരിക്കാം. കേരളവും ഭാരതവും ഇസ്ലാമിക തീവ്രവാദിത്തിന്റെ പിടിയിലമരും വരെ അവര്‍ക്ക് വഴി തെളിക്കാനുള്ള ചൂലായി മാറിയിരിക്കുകയാണ് സിപിഎം. വര്‍ഗസമരം ഉപേക്ഷിച്ച് ഹിന്ദുവിരുദ്ധ വര്‍ഗീയതയെ തലയിലേറ്റിയ, സിപിഎം ഇപ്പോള്‍ വിലപിക്കുന്നത് എന്‍ എസ്സ് എസ്സ്, ആര് എസ്സ് എസ്സിന്റെ വാലാകുവാന് പോവുകയാണെന്നാണ്. ഏറെ പിന്നാലെ കൂടിയിട്ടും കിട്ടാത്ത മുന്തിരിയില്‍ പുളി കണ്ടെത്തി ഇഷ്ടക്കേട് അഭിനയിക്കുന്നന്നവന്റെ ഹൃദയം നുറുങ്ങിയുള്ള വിലാപമാണവിടെ കേള്‍ക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പിനു മുമ്പരിക്കല്‍ ‘ദേശാഭിമാനി’യില്‍ എഴുതിയിട്ട മന്നം സ്തുതി ഫലം കണ്ടില്ലെന്ന നിരാശയും അതിലുണ്ട്. ഹിന്ദൂവിരോധത്തില് താനാണു കേമന്‍ എന്ന് സ്ഥാപിച്ച് ഇപ്പോള്‍ ലഭിച്ചിട്ടുള്ള താത്കാലിക സെക്രട്ടറി സ്ഥാനം സ്ഥിരമാക്കാനുള്ള വിജയരാഘവന്റെ മറ്റൊരു തന്ത്രം കൂടിയാണിത്.
വീരസവര്‍ക്കറെ അറിഞ്ഞാദരിച്ച, ഗുരൂജി ഗോള്വക്കറുമായി ആത്മ ബന്ധം പുലര്‍ത്തിയ മന്നത്ത് പദ്മനാഭന്റെ പിന്മുറയ്ക്ക്, നായാടിമുതല്‍ മുതല്‍ നമ്പൂതിരി വരെയുള്ള എല്ലാവരും സ്വന്തം ജീവ ചൈതന്യത്തിന്റെ ഭാഗങ്ങളാണ്. അവിടെ ആരും വാലുമല്ല, തലയുമല്ല. വിജയരാഘവനും ജിഹാദി-കമ്യൂണിസ്റ്റുകളും അക്രമരാഷ്ട്രീയത്തിന്റെയും അധികാരമത്തിന്റെയും അഹങ്കാരത്തില്‍ അരിവാള്‍ കൊണ്ട് കോറിയിടുന്ന അതിരുകള്‍ക്കും അരുതുകള്‍ക്കും മുമ്പില്‍ അടിയറവു പറഞ്ഞ്, അടര്‍ക്കളം വിട്ട് അടുക്കളയുടെ ഉള്ളിടങ്ങളില്‍ അടങ്ങി ഒതുങ്ങി കഴിഞ്ഞുകൊള്ളുന്നവരാകും നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ സംഘടനകള്‍ എന്ന് കരുതിയെങ്കില്‍ വിജയരാഘവനും കൂട്ടാളികള്‍ക്കും തെറ്റിയെന്ന് മനസ്സിലാക്കണം.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ മറുപടി ആ സംഘടനയുടെ ചുമതലയുള്ളവര്‍ നല്‍കിക്കഴിഞ്ഞു. വിജയരാഘവന് ചരിത്രം അറിയില്ലെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള കുറിക്കു കൊള്ളുന്ന മറുപടി! കിട്ടേണ്ടതു കിട്ടിയതോടെ തനിക്കിനിയൊന്നും പറയാനില്ലെന്നും പറഞ്ഞ് പൊതുസംവാദത്തില്‍ നിന്ന് അദ്ദേഹം ഓടി ഒളിക്കുകയും ചെയ്തു.
ജവഹര്‍ലാല്‍ നെഹ്റുവില്‍നിന്ന് നരേന്ദ്രമോദിയിലേക്ക് ഭാരതം സഞ്ചരിച്ച ദൂരം തനിക്ക് അളക്കാന്‍ കഴിയുന്നില്ലെന്നാണ് വിജയരാഘവന്റെ മറ്റൊരു വിലാപം. ശരിയാണ്! തീവ്ര ചൈനാ-പാക്ക് പക്ഷരാഷ്ട്രീയം പിന്തുടരുന്ന കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭാരതത്തെ അടുത്തറിയുന്നതില്‍ എന്നും പരാജയപ്പെടുകയായിരുന്നു. അവര്‍ക്ക് നെഹ്റുവിനെ തിരിച്ചറിയാനായില്ല. നരേന്ദ്ര മോദിയെ മനസ്സിലാക്കാനായില്ല. നെഹ്റു അറിഞ്ഞോ അറിയാതെയോ ഇടവരുത്തിയ നല്ലകാര്യങ്ങള്‍ കണക്കിലെടുക്കാന്‍ തക്ക വിശാല വീക്ഷണമുള്ളവരാണ് നെഹ്റുവിനെ വിമര്‍ശിക്കുന്ന ദേശീയവാദികള്‍. വിമര്‍ശനങ്ങളില്‍ ചിലതിങ്ങനെയാണ്.
മുഹമ്മദാലി ജിന്നയെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് വിഭജനം ഒഴിവാക്കാനുള്ള മഹാത്മജിയുടെ നിര്‍ദ്ദേശത്തെ തള്ളിയ സംഭവം. തന്റെ ഓഫീസ്സിലെ ശിപായിയായി പോലും മുഹമ്മദാലി ജിന്നയെ ഇരുത്തില്ലെന്ന് പറഞ്ഞാണ് നെഹ്റു അതിനോട് പ്രതികരിച്ചത്. പ്രധാനമന്ത്രി പദത്തോടുള്ള ഒടുങ്ങാത്ത മോഹമായിരുന്നു നെഹ്റു മഹാത്മജിയോട് അക്കാര്യത്തില്‍ ഇടഞ്ഞതിന് പിന്നിലെന്നു സമ്മതിക്കുമ്പോള്‍ തന്നെ അത്തരം ഒരു നിലപാട് ചരിത്രത്തെ സ്വാധീനിച്ചതെങ്ങനെയെന്നത് പഠനാര്‍ഹമാണ്. ജിന്ന അന്ന് ഭാരത പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ ജനാധിപത്യവും മതേതരത്വവും ഇവിടെയും ഇല്ലാതായി ഇവിടമാകെ ഇസ്ലാമിക രാഷ്ട്രമാകുമായിരുന്ന സാദ്ധ്യത തള്ളിക്കളയാനാകുമോ? എന്തായാലും ജിന്നയുടെ വഴിമുടക്കുവാന്‍ മഹാത്മജിയെ എതിര്‍ത്ത നെഹ്റുവിന്റെ നടപടി സവിശേഷ ശ്രദ്ധ പതിയേണ്ടതു തന്നെയാണ്.
1959ലെ ഇഎംഎസ്സ് സര്‍ക്കാരിനെ വിമോചനസമരപോരാളികള് ആവശ്യപ്പെട്ടതുപോലെ പിരിച്ചു വിട്ട പ്രധാനമന്ത്രി നെഹ്റുവിന്റെ നടപടിയാണ് മറ്റൊന്ന്. വീരസവര്‍ക്കറും ഗുരുജി ഗോള്‍വക്കറും അടക്കം ദേശീയതയുടെ പക്ഷം പിരിച്ചു വിടുന്നതിനെതിരായിരുന്നു. മന്നത്ത് പദ്മനാഭന് മുന്നില്‍ നിന്നു നയിച്ച ബഹുജന സമരത്തില്‍ കമ്യൂണിസ്റ്റ് കാടന്‍ ഭരണത്തിനെതിരെയുള്ള ജനാധിപത്യ കേരളത്തിന്റെ രോഷം അണപൊട്ടിയൊഴുകിയിരുന്നു. എങ്കിലും ആ പിരിച്ചു വിടലില്‍ ഭരണഘടനാപരമായി ശരികേടിന്റെ ഒരംശമുണ്ടായിരുന്നു. അതെന്തായാലും 1962ല്‍ കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് സാമ്രാജ്യത്വ ചൈന ഭാരതത്തിനു നേര്‍ക്കു നടത്തിയ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ 1959ല്‍ ഇഎംഎസ്സ് സര്‍ക്കാരിനെ പിരിച്ചു വിട്ട നെഹ്റുവിന്റെ നടപടി ഒരനുഗ്രഹമായിരുന്നുവെന്നും പറയാം. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ആക്രമണകാലത്ത് ചൈനയുടെ ചാരന്മാര് ഒരു സംസ്ഥാനത്തിന്റെ ഭരണം കയ്യാളുന്ന അവസ്ഥയ്ക്ക് ഇടവരുത്തുമായിരുന്നു.
താനെന്നും അടുപ്പം പുലര്‍ത്തിയിരുന്ന കമ്യൂണിസ്റ്റ് പക്ഷം ചൈനാ യുദ്ധവേളയില്‍ ശത്രുപക്ഷത്താണെന്ന് തിരിച്ചറിഞ്ഞതോടെ ഭാരതത്തിനു വേണ്ടി സര്‍വ്വം സമര്‍പ്പിക്കാന്‍ തയാറായി വന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തെ, മുന്‍ വൈരാഗ്യം മറന്ന്, പോരാട്ടവേളയില്‍ കൂടെ നിര്‍ത്തി. യുദ്ധശേഷം റിപ്പബഌക്ക് ദിന പരേഡില്‍ ഗണവേഷം അണിഞ്ഞ് പങ്കെടുക്കുവാന്‍ അവരെ സ്വാഗതം ചെയ്തു. ഇതും ജവഹര്‍ലാല്‍ നെഹ്റു നടത്തിയ ചില തെറ്റുതിരുത്തലുകളില്‍ ശ്രദ്ധയര്‍ഹിക്കുന്നവയാണ്.
ജവഹര്‍ലാലില്‍ നിന്ന് നരേന്ദ്ര മോദിയിലേക്ക് വളര്‍ന്ന ഭാരതം സാക്ഷ്യം വഹിച്ചത് ഭാരതീയ ദേശീയതയുടെ ചരിത്രപരമായ വളര്‍ച്ചയുടെ കരുത്തുള്ള കാല്‍വെപ്പുകളാണ്. വിജയരാഘവനത് തിരിച്ചറിയാനിഷ്ടപ്പെടുന്നില്ലെങ്കില് ചൈനാ-പാക്ക് പക്ഷത്തു നിന്ന് ചിന്തിക്കുമ്പോളുള്ള അസ്വസ്ഥതകളാണതിനു കാരണമെന്നത് വ്യക്തം.
സോവിയറ്റു യൂണിയനിലേക്ക് നോക്കിയായിരുന്നു അവര്‍ വിധേയത്വം വിളിച്ചറിയിരുന്നതെങ്കിലും 1950 കളോടെ ചൈനയേയും ആ ലക്ഷ്യത്തോടെ കൂട്ടു പിടിക്കാനവര്‍ തുടങ്ങിക്കഴിഞ്ഞു. 1962ലെ ചൈനീസ് ആക്രമണ കാലം മുതല്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ വികസന അജണ്ടയ്ക്ക് അനുകൂലമായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍. ചൈന ലഡാക്കിലൊരു സൈനികാ കടന്നാക്രമത്തിനുള്ള സാഹസം കാട്ടിയെങ്കിലും ഭാരതത്തിന്റെ അഭൂത പൂര്‍വ്വമായ ചെറുത്ത് നില്പ്പിനു മുമ്പില്‍ അത് തകര്‍ന്നു. ചൈനയുമായുള്ള വ്യാവസായിക ബന്ധങ്ങളില്‍ ഭാരതം തുടങ്ങിവെച്ച കര്‍ശന ചുവടുവെപ്പുകളും കൂടിയായപ്പോള്‍ ചൈന വീണ്ടും പ്രതിരോധത്തിലായി. അതിനും പുറമെയാണ് അമേരിക്കയും ആസ്ട്രേലിയയും ജപ്പാനും ഭാരതവും ചേര്‍ന്ന് ഇന്‍ഡോ പസഫിക്ക് മേഖലയില്‍ ‘ക്വാഡ്’ എന്ന ചുരുക്കപ്പേരിലുയര്ത്തുന്ന നയതന്ത-രണതന്ത്ര ചുവടു വെപ്പുകള്ക്കുള്ള കൂട്ടായ്മ. ഇതൊക്കെ കണ്ടിട്ടും വിജയരാഘവനോ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്കോ നെഹ്റുവിന്റെ ഭാരതത്തില്‍ നിന്ന് മോദിയുടെ ഭാരതത്തിലേക്കുള്ള വളര്‍ച്ച ശരിയായി വിലയിരുത്താനാകുന്നില്ലെങ്കില് സഹതപിക്കുകയേ നിവര്ത്തിയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: