പ്രൊഫ.ഡി.അരവിന്ദാക്ഷന്
ഇ.ഡി.യ്ക്കെതിരെ കേരളാ ക്രൈംബ്രാഞ്ച് കേസെടുത്തതിനെ കുറിച്ച് കേന്ദ്രധനകാര്യമന്ത്രി നിര്മലസീതാരാമന് കേരളത്തില്‍ വന്നുപറഞ്ഞത് ഭദ്രകാളിയെ പിടിക്കാന്‍ പിശാച്പോയതുപോലെ എന്നായിരുന്നു. ഇത് പൂര്‍ണമായും ശരിയെന്ന് തെളിയിക്കുന്നതാണ് ഈ മാസം 16 നു ഉണ്ടായ കേരളാഹൈക്കോടതിയുടെ സുപ്രധാനവിധി. ഇ.ഡി.യ്ക്കെതിരെ കേരളാക്രൈംബ്രാഞ്ച് എടുത്ത രണ്ട് കേസുകളും റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. പരാതികള്‍ വിചാരണകോടതിയില്‍ ഉന്നയിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
ഇ.ഡി.യ്ക്കെതിരെ കേസെടുത്തത് വഴി കേരളാസര്‍ക്കാര്‍ സൃഷ്ടിച്ചത് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത നടപടികളാണ്. കല്‍ക്കട്ട സിറ്റി പോലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ പലവട്ടം ശ്രമിച്ചിട്ടും ബംഗാള്‍ ഗവണ്മെന്റ് അവര്‍ക്കെതിരെ കേസെടുക്കാതെ സുപ്രീംകോടതിയെ സമീപിക്കുകയാണുണ്ടായത്. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥിന്റെ ബന്ധുക്കളെ. കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹം സംസ്ഥാന പോലീസിനെക്കൊണ്ട് കേന്ദ്രഅന്വേഷണ ഏജന്‍സിയ്ക്കെതിരെ കേസെടുപ്പിച്ചില്ല. കേരളത്തിലും ത്രിപുരയിലും ബംഗാളിലും ഭരിച്ചിരുന്ന ഒരു മുഖ്യമന്ത്രിയും കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കെതിരേ സംസ്ഥാന പോലീസിനെക്കൊണ്ട് കേസെടുപ്പിച്ചില്ല. കേരളാ മുഖ്യമന്ത്രി നേരിടുന്നത് അസാധാരണവും അത്യപൂര്‍വ്വവുമായ പ്രതിസന്ധിയാണ്. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍കടത്ത് കേസുകളില്‍ ആരോപണ വിധേയമാകുന്നത് ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ല. അതിനാല്‍ അദ്ദേഹം കുറ്റവിമുക്തനായി പുറത്തുവരുന്നതിനുള്ള നിയമനടപടികളുടെ ഭാഗമായിട്ടാണ് കേസെടുത്തത് എന്ന് വേണം കരുതാന്‍. കേരളാ ക്രൈംബ്രാഞ്ച് പോലീസ് ഇങ്ങനെ രണ്ട് കേസുകള്‍ ഇ.ഡി.യ്ക്കെതിരെ എടുത്തത് കുറ്റവിമുക്തനാവാനുള്ള മുഖ്യമന്ത്രിയുടെ പ്രതിരോധം വളരെ ദുര്‍ബലമാണെന്ന് തെളിയിക്കുന്നു. ഡോളര്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തുകഴിഞ്ഞു.
സ്വപ്നയുടെയും കസ്റ്റംസിന്റെയും ആവശ്യപ്രകാരം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും 3 മന്ത്രിമാര്‍ക്കും എതിരെയുള്ള കുറ്റസമ്മതരഹസ്യ മൊഴി രേഖപ്പെടുത്തിയത് കസ്റ്റംസിന്റെ അധികാരപ്പെട്ട കോടതിയിലാണ്. ഇ.ഡി. ആവശ്യപ്പെട്ടിട്ടും കസ്റ്റംസിനു വേണ്ടിയുള്ള സാമ്പത്തികകുറ്റവിചാരണകോടതി (അഡിഷണല്സി.ജെ.എം) നാളിതുവരെ മുഖ്യമന്ത്രിയ്ക്കെതിരെയുള്ള സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡി.യ്ക്ക് നല്‍കിയിട്ടില്ല. അപ്പോള്‍ കസ്റ്റംസ് മൊഴി രേഖപ്പെടുത്തിയതിനു ഇ.ഡി.യ്ക്കെതിരെ കേസെടുക്കുന്നത് മറ്റെന്തോ നിഗൂഢ ലക്ഷ്യം വെച്ചാണ്. ഇ.ഡി.യ്ക്കെതിരെ കേസെടുക്കാനുണ്ടായ സാഹചര്യം മുഖ്യമന്ത്രിയും ധനമന്ത്രിയും വെളിപ്പെടുത്തുന്നുണ്ട്. കിഫബിക്കെതിരെ ഇ.ഡി.ഒരുചുക്കും ചെയ്യില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കിഫ്ബിയ്ക്കെതിരെഇ.ഡി.കേസെടുത്തത് ‘ചട്ടമ്പിത്തര’മാണെന്നും അതിനെതിരെ കേസെടുക്കാന്‍ ഞങ്ങള്‍ക്ക് പോലീസുണ്ടെന്നുമാണ് ധനമന്ത്രി പറഞ്ഞത്.
കേരളാ ക്രൈംബ്രാഞ്ച് പ്രതികളുടെ പേര് രേഖപ്പെടുത്താതെ എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ എഫ്.ഐ.ആര്.സമര്‍പ്പിച്ചാല്‍ ഓഫീസ് അടച്ചുപൂട്ടി ഒളിവില്‍ പോകാന്‍ കഴിയുന്ന അന്വേഷണ ഏജന്‍സിയല്ല ഇ.ഡി. നിയമം മൂലം രൂപീകരിക്കപ്പെട്ട അര്‍ദ്ധജുഡീഷ്യല്‍ അധികാരമുള്ള അന്വേഷണ ഏജന്‍സിയാണത്. വിദേശനാണയ – വിനിമയ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനത്തിനാണ് ഇ.ഡി.കി ഫബിക്കെതിരെ കേസെടുത്തത്. ഭരണഘടനാ അനുച്ഛേദം 293 (3) അനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വിദേശത്തു നിന്ന് പണം കടമെടുക്കാന്‍ കിഫ്ബിയ്ക്ക് അത്യാവശ്യമാണ്. അത് ലഭിച്ചാല്‍ മാത്രമേ കിഫ്ബിയ്ക്ക് വേണ്ടി ആക്സിസ്ബാങ്ക്, റിസര്‍വ് ബാങ്കില്‍നിന്നും എന്‍.ഓ.സിക്കായി അപേക്ഷ നല്‍കാനാവൂ. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ എന്‍.ഓ.സി. നല്കിയ റിസര്‍വ് ബാങ്കിന്റെ നടപടി അന്വേഷണത്തിന്റെപ രിധിയില് ഉള്‍പ്പെട്ടിട്ടുണ്ടാവും. ഈ കാലയളവില്‍ കിഫ്ബിയുടെ ബോര്‍ഡില്‍ പ്രവര്‍ത്തിച്ച റിസര്‍വ്ബാങ്കില്‍ നിന്നും വിരമിച്ച മുന്‍ ഉദ്യോഗസ്ഥന് സലിംഗംഗാധരനു പങ്കുണ്ടോ എന്നുള്ളതും അന്വേഷണത്തില്‍ പുറത്തുവരേണ്ട കാര്യമാണ്.
ഇതുസംബന്ധിച്ച് 3 കേസുകള്‍ ഇപ്പോള്‍ തന്നെ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ശിവശങ്കരന്റെ ജാമ്യം റദ്ദാക്കുന്നതിനു നല്കിയ 2 കേസുകളും ലൈഫ്മിഷനില്‍ സി.ബി.ഐ. അന്വേഷണത്തിനെതിരെ കേരളാ സര്‍ക്കാര്‍ നല്കിയ അപ്പീലുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. സ്വപ്നയ്ക്ക് സുരക്ഷ നല്‍കണമെന്ന വിചാരണക്കോടതി വിധിക്കെതിരെ ജയില്‍ഡി.ജി.പി .ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി നിലനില്ക്കുന്നു. ഈ കേസിലാണ് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും സ്പീക്കറിനുമെതിരേ സ്വപ്നാസുരേഷ് നല്കിയ രഹസ്യമൊഴി കേരളത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണര്‍ വെളിപ്പെടുത്തിയത്. കസ്റ്റംസ് കമ്മീഷണര്‍ക്കെതിരെ അഡ്വക്കേറ്റ് ജനറല്‍ മുമ്പാകെ കോര്‍ട്ട് അലക്ഷ്യ ഹര്‍ജിയും നിലനില്ക്കുന്നു. സുപ്രീംകോടതി മുതല്‍ അഡിഷണല്‍ സി.ജെ.എം.വരെ കേസുകള്‍ നിലനില്ക്കുമ്പോള് ഇ.ഡി.യ്ക്കെതിരെ ക്രൈംബ്രാഞ്ച് എടുത്ത കേസുകളാണ് ഇപ്പോള്‍ റദ്ദാക്കിയത്.
സ്വപ്ന ജയിലില്‍ നിന്ന് മറ്റാരുടെയോ ഫോണ്‍മുഖേന നല്കിയശബ്ദസന്ദേശവും സ്വപ്നയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന 2 വനിതാ പോലീസുകാരുടെ മൊഴികളും വിചാരണക്കോടതില്‍ ഉന്നയിക്കാനാണ്ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ചിന് ഇ.ഡി.യ്ക്കെതിരെ കേസെടുക്കാന്‍ അനുമതി നല്കിയ നിയമോപദേശം കേരളാസര്‍ക്കാരിന്റെ ചീഫ്സെക്രട്ടറിയും നിയമവകുപ്പ് സെക്രട്ടറിയും പരിശോധിച്ചതായി റിപ്പോര്‍ട്ടുകളില്ല. നിയമോപദേശം നല്‍കിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആണ്. കേരളാ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനെയും പ്രോസിക്യൂഷന് ഡയറക്ടറേയും നിയമിക്കുന്നത് രാഷ്ട്രീയപരിഗണനയിലാണ്. അങ്ങനെ നിയമിക്കപ്പെട്ട പ്രോസിക്യൂഷന് ഡയറക്ടര്‍ മഞ്ചേരിശ്രീധരന് നായര്‍ മുന്മന്ത്രിടി.ശിവദാസമേനോന്റെ മരുമകനാണ്. അദ്ദേഹത്തിന്റെ നിയമോപദേശപ്രകാരമാണ് കേരളാ ക്രൈംബ്രാഞ്ച് ഇ.ഡി.യ്ക്കെതിരെ കേസ്എടുത്തത്. കേരളാ സര്‍ക്കാരിന്റെ ഭാഗമായ നിയമവകുപ്പിന്റെ ഉപദേശം തേടിയില്ലെങ്കില്‍ അത് ക്രമവിരുദ്ധമാണ്.സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ തീരുമാനിക്കാത്തത് കൊണ്ട് കിട്ടിയ നിയമോപദേശം തെറ്റാണെന്നു വേണം കരുതാന്‍.
ധനമന്ത്രി തോമസ്ഐസക്ക് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത്കൊണ്ട് കിഫ്ബിയിലെ നിയമ ലംഘനങ്ങള്‍ സംബന്ധിച്ചുള്ളസി.എ.ജി.യുടെ കണ്ടെത്തലും തുടര്‍ന്ന് ഇ.ഡി.യും ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചതും കിഫ്ബി നിയമപരമായി മാത്രമേകൈകാര്യം ചെയ്യു എന്നാണ് പൊതുസമൂഹം കരുതുന്നത്. എന്നാല്‍ കിഫ്ബിയും ധനമന്ത്രിയും മുഖ്യമന്ത്രിയും നിയമപരമായ മാര്‍ഗങ്ങളിലൂടെയല്ല ഇ.ഡി.യെ നേരിട്ടതെന്നു ഹൈക്കോടതി വിധിയിലൂടെ വ്യക്തമായി.
ജനങ്ങളെ സംഘടിപ്പിച്ചു ഇ.ഡി.യെനേരിടുമെന്നാണ് വീണ്ടും ധനമന്ത്രി പറയുന്നത്. കിഫ്ബിയുടെ മേധാവികളായ ഡോ.കെ.എം.എബ്രഹാമിനെയും ഐ.പി.എസ്.ഉദ്യോഗസ്ഥനെയും വിട്ട് തന്നെ അറസ്റ്റ്ചെയ്യൂ എന്നാണ് ധനമന്ത്രി ഇ.ഡി.യെ വെല്ലുവിളിക്കുന്നത്. വേണ്ടിവന്നാല്‍ ഇ.ഡി.ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നും ധനമന്ത്രിഭീഷണിപ്പെടുത്തുന്നു. ഇങ്ങനെ ഇ.ഡി.യെ വെല്ലുവിളിച്ച ഒരു മന്ത്രി നാളിതുവരെ ഭാരതത്തില്‍ ഉണ്ടായിട്ടില്ല. നിയമമനുസരിച്ച് ഐസക്ക് ആവശ്യപ്പെടുമ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഇ.ഡി.യ്ക്ക് കഴിയില്ല. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് 1980-85 കാലഘട്ടത്തില്‍ ഡോ. ഐ.എസ്.ഗുലാത്തിയുടെ നേതൃത്വത്തില്‍ ഗവേഷണം നടത്തി ഡോക്ട്രല്ഡിഗ്രി നേടി എന്നവകാശപ്പെടുന്ന ഐസക്ക് നിയമത്തിന്റെ ബാലപാഠങ്ങള്‍ അറിയേണ്ടതാണ്. നിലവിലുള്ള അടിസ്ഥാന നിയമങ്ങള്‍ക്കനുസൃതമായേ ഇ.ഡി.യ്ക്ക് പ്രവര്‍ത്തിക്കാനാവൂ. 1999 ലെ ഫെമ നിയമത്തിനും 2002 ലെ കള്ളപണമിടപാടുകള്‍ തടയുന്ന നിയമം അനുസരിച്ചു മാണ് ഇ.ഡി.പ്രവര്‍ത്തിക്കുന്നത്. രണ്ടോ മൂന്നോ തവണ നോട്ടീസ് നല്കിയിട്ടാണ് കിഫ്ബി ഉദ്യോഗസ്ഥന്മാരെ ചോദ്യം ചെയ്യാനായി ഇ.ഡി.വിളിപ്പിച്ചത്. ഇങ്ങനെ നല്കുന്ന നോട്ടീസുകളില്‍ എന്തുകൊണ്ടാണ് വിളിക്കുന്നതെന്നും വ്യക്തമായി രേഖപ്പെടുത്തും. തോമസ്ഐസക്കിന്റെ വാദങ്ങള്‍ നിയമപരമാണെങ്കില്‍ നോട്ടീസ് ലഭിച്ച ഉദ്യോഗസ്ഥന്മാര്ക്ക് അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉന്നതാധികാര കോടതികളെ സമീപിക്കാവുന്നതാണ്. അങ്ങനെ ചെയ്യാതിരിക്കുമ്പോള്‍ ഐസക്കിന്റെ വാദങ്ങള്‍ നിയമപരമല്ലെന്ന് വ്യക്തമാണ്.
കിഫ്ബിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങിയതും റെയ്ഡ് നടത്തിയതും ഈ കേസിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ആദായനികുതി വകുപ്പിന്റെ റെയ്ഡിനെതിരെ ധനമന്ത്രി നടത്തിയ ശുദ്ധതെമ്മാടിത്തം എന്ന പ്രസ്താവന ഭരണഘടനാലംഘനവും സത്യപ്രതിജ്ഞാലംഘനവും പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനവുമാണ്. മര്യാദയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെട്ടു. ആദായനികുതി വകുപ്പിനെ ഭീഷണിപ്പെടുത്താന്‍ കരുതി കൂട്ടി നടത്തിയ പ്രസ്താവനയ്ക്കെതിരെ വേണമെങ്കില്‍ കേസെടുക്കാന്‍ ആദായനികുതി വകുപ്പിന് അധികാരമുണ്ട്.
ഇത്തരം നിയമപ്രശ്നങ്ങള്‍ പരിശോധിച്ച് ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്.റദ്ദ് ചെയ്തുകൊണ്ട് ഇ.ഡി.അന്വേഷണം തുടരാം എന്ന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള കേരളാഹൈക്കോടതി വിധി, കേരളാസര്ക്കാരിന്റെയും കേരളാപോലീസിന്റെയും നില പരുങ്ങലിലാക്കി. ക്രൈംബ്രാഞ്ചില്ജോലി ചെയ്യുന്ന ഐ.പി.എസ്.ഉദ്യോഗസ്ഥന്മാര് കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ നിയമവിരുദ്ധമായി ഇ.ഡി.യ്ക്കെതിരെ റദ്ദാക്കപ്പെട്ട രണ്ട് കേസുകള്‍ എടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ അവര്‍ നിയമപരമായി നടപടികള്‍ നേരിടേണ്ടിവരും. ഭരണഘടനാ അനുച്ഛേദം 356 ാം വകുപ്പനുസരിച്ച് കേരളാ സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനും ഗവര്‍ണര്‍ക്കും അധികാരമുണ്ട്.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് കുറ്റവിമുക്തരാവാന്‍ ഇ.ഡി.യ്ക്കെതിരെ കേസെടുക്കുക എന്നുള്ള നിയമവിരുദ്ധ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് എന്താണെന്നുള്ളത് അന്വേഷണങ്ങളിലൂടെയും കോടതി നടപടികളിലൂടെയും മാത്രമേ അറിയാന്‍കഴിയൂ. ഡോളര്‍കടത്തു കേസില്‍ മുഖ്യമന്ത്രിയും സ്പീക്കറും 3 മന്ത്രിമാരും കുറ്റക്കാരാണെന്ന് കണ്ടാല്‍ അത് രാജ്യവിരുദ്ധപ്രവര്‍ത്തനമായതിനാല്‍ സി.പി.എം. എന്നരാഷ്ട്രീയ പാര്‍ട്ടി പൂര്‍ണമായും ശിഥിലീകരിക്കപ്പെടും. പരമോന്നത നീതിപീഠം സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിക്കുന്നതോടെ ഈ കാര്യങ്ങളില്‍ വ്യക്തതവരും. ഭദ്രകാളിയെപിടിക്കാന് പോയപിശാചിന്റെ അവസ്ഥയാണ് കേരളാ സര്‍ക്കാരിന് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: