കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കോടതിയെ സമീപിക്കും. ക്രൈംബ്രാഞ്ച് കള്ളം പറഞ്ഞതും കോടതിയില്‍ വ്യാജ രേഖ സമര്‍പ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് വീണ്ടും നിയമ നടപടിക്ക് ഒരുങ്ങുന്നത്.
ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് എടുത്ത രണ്ടു കേസുകളും കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ആരോപണ പ്രകാരമാണ്, ഇ ഡിയെ ഒതുക്കാന്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. ഇവയാണ് റദ്ദാക്കിയത്. എന്നാല്‍ അതിനു മുന്‍പ് കേസുകളെടുത്ത ശേഷം, സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍, ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയില്‍ നിന്ന് അനുമതി നേടിയിരുന്നു. ഇങ്ങനെ അനുമതി നേടിയത് കോടതിയില്‍ കള്ളം പറഞ്ഞും വ്യാജരേഖ സമര്‍പ്പിച്ചുമാണ്.
അനുമതി തേടിയപ്പോള്‍, തങ്ങളുടെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇ ഡി അറിയിച്ചിട്ടുണ്ടെന്നാണ് പ്രത്യേക കോടതിയെ ക്രൈംബ്രാഞ്ച് ധരിപ്പിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ രേഖാമൂലവും അറിയിച്ചു. ഇ ഡി അങ്ങനെ പറഞ്ഞിരുന്നില്ലെന്നു മാത്രമല്ല, ക്രൈംബ്രാഞ്ച് ഇക്കാര്യം പോലും ഇ ഡിയെ അറിയിച്ചിരുന്നുമില്ല. ഈ കള്ളത്തരം ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ചിനും നിയമ വകുപ്പിനുമെതിരെ കോടതിയെ സമീപിക്കാനാണ് ഇ ഡിയുടെ ആലോചന.
അതിനിടെ, ക്രൈംബ്രാഞ്ച് എടുത്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയതില്‍ എന്തു നടപടിയാണ് ഇനി കൈക്കൊള്ളേണ്ടതെന്ന് സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങി. വരുംനാളുകള്‍ സര്‍ക്കാരിനും സംസ്ഥാന പോലീസിനും ഏറെ നിര്‍ണായകമാകും. ഇനി അടി കിട്ടാതിരിക്കാന്‍ കരുതലോടെയാണ് സര്‍ക്കാര്‍ നീക്കം. തിരക്കിട്ട് ഒരു നടപടിക്കും സര്‍ക്കാരില്ല. ക്രൈംബ്രാഞ്ച് കേസെടുത്തത് സര്‍ക്കാരിനും പാര്‍ട്ടിക്കും തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ രക്ഷയ്ക്ക് സഹായകമായതായി സര്‍ക്കാര്‍ വിലയിരുത്തുന്നു. അതിന് നിയമ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായവും നല്കി. പോലീസില്‍ എതിരഭിപ്രായക്കാരും ഉണ്ടായിരുന്നു. അതിനാല്‍, അടുത്ത നടപടിക്ക് ഏറെ ആലോചന വേണമെന്നാണ് ഒരു പക്ഷം.
ഇ ഡിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്ത സംഭവം കേന്ദ്ര സര്‍ക്കാരും ഗൗരവമായാണ് കണ്ടത്. ഭരണഘടനാ വിരുദ്ധമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഫെഡറല്‍ സംവിധാനത്തിന് എതിരെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ ഈ തെറ്റായ മാതൃക തുടരാനിടയായാല് അപകടമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: