ന്യൂദല്‍ഹി: മദ്വി ഹിദ്മയുടെ അറസ്റ്റിനായി ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). മാവോയിസ്റ്റുകളുടെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില ആര്‍മി(പിഎല്‍ജിഎ) ഒന്നിന്റെ തലവനാണ് ഹിദ്മ. ഏപ്രില്‍ മൂന്നിന് സുക്മ-ബിജാപൂര്‍ അതിര്‍ത്തിയില്‍ 22 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ഇയാള്‍ക്കും പങ്കുണ്ട്. ഛത്തീസ്ഗഡ് എംഎല്‍എയായിരുന്ന ഭിമ മാണ്ഡവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
സുക്മ-ബിജാപൂര്‍ അതിര്‍ത്തിയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തിലും മദ്വി ഹിദ്മ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് അറിയിച്ചിരുന്നു. ഭിമ മാണ്ഡവിയുടെ കൊലപാതക കേസില്‍ മദ്വി ഹിദ്മയ്ക്കെതിരെ എന്‍ഐഎ നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു. സുക്മ ജില്ലയിലെ പുര്‍വതി ഗ്രാമത്തില്‍നിന്നുള്ള ഗ്രോത്രവര്‍ഗ വിഭാഗത്തില്‍ പെടുന്നയാളാണ് 40-കാരനായ മദ്വി ഹിദ്മ.
ദക്ഷിണ ഛത്തീസ്ഗഡിലാണ് ഇയാള്‍ നേതൃത്വം നല്കുന്ന നിരോധിത സംഘടനയായ പിഎല്‍ജിഎ ബറ്റാലിയന് ഒന്ന് പ്രവര്‍ത്തിക്കുന്നത്. ഗറില യുദ്ധമുറകളില്‍ പരിശീലനം സിദ്ധിച്ച വ്യക്തിയാണ് ഹിദ്മ. ദണ്ഡകാരണ്യ ദളത്തിലെ അംഗമായ ഇയാള്‍ക്കൊപ്പം സ്ത്രീകള്‍ ഉള്‍പ്പെടെ 250-ഓളം മാവോവാദികളുണ്ട്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും ഇയാള്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: