തൃശൂര്‍ : കോവിഡ് രണ്ടാം ജാഗ്രതയുടെ ഭാഗമായി തൃശൂര്‍ പൂരം നടത്തിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തൃശൂര്‍ പൂരത്തിന് ആളുകള്‍ പങ്കെടുക്കുന്നതിന് പാസ് മൂലം നിയന്ത്രിച്ചിരിക്കുകയാണ്. പുരം കാണാന്‍ എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വാക്‌സിന്റെ രണ്ട് ഡോസുകളുമോ എടുത്തിരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു.
ഇത് കൂടാതെ പൂരത്തില്‍ പങ്കെടുക്കുന്നതിനുള്ള പ്രവേശന പാസിനായി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്നും തിങ്കളാഴ്ച 10 മണി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്‌ട്രേഷന്‍ ലിങ്കില്‍ മൊബൈല്‍ നമ്പര്‍ പേര് തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് എന്‍ട്രി പാസ് ഡൗണ്‍ലോഡ് ചെയ്യാം.
അതേസമയം പൂരം പ്രവേശന പാസിനായി വാക്‌സിന്‍ ഒറ്റ ഡോസ് മതിയെന്നായിരുന്നു ആദ്യം സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തിറക്കിയത്. പിന്നീടത് രണ്ട് ഡോസും വേണമെന്നും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന വേണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രത്യേക ഉത്തരവിലൂടെ അറിയിക്കുകയായിരുന്നു. ഒറ്റ ഡോസ് വാക്‌സീന്‍ മതിയെന്ന നിര്‍ദേശം പിന്‍വലിച്ചതോടെ പാസിനായി ദേവസ്വങ്ങള്‍ക്ക് വീണ്ടും നടപടികള്‍ സ്വീകരിക്കേണ്ടി വരും. ആളുകളുടെ എണ്ണം പരമാവധി നിയന്ത്രിക്കാനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തൃശൂര്‍ പൂരത്തിനായി പ്രത്യേക ഉത്തരവ് പുറത്തിക്കിയത്.
കാര്യങ്ങള്‍ വിശദീകരിക്കാനായി ചീഫ് സെക്രട്ടറി ദേവസ്വങ്ങളുമായി വീണ്ടും ഓണ്‍ലൈന്‍ ചര്‍ച്ച നടത്തും. ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍, ഡിഎംഒ എന്നിവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട്് ചര്‍ച്ച നടത്തുന്നതിനായി ദേവസ്വവും ഇന്ന് യോഗം ചേരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: