തിരുവനന്തപുരം: രാജ്യസഭാസീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സജീവരാഷ്‌ട്രീയം വിടുന്നുവെന്ന സുചന നല്‍കി ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പുതിയ പുസ്തകം ഉടന്‍ എഴുതി തുടങ്ങുമെന്നും ‘ഇടതും വലതും’ എന്നായിരിക്കും പേര് എന്നും കുറിപ്പില്‍ പറയുന്നു. കേരള രാഷ്‌ട്രീയചരിത്രം പറയുന്ന ‘കാല്‍ നൂറ്റാണ്ട്’ എന്ന പുസ്തകം രചിച്ചതിനുശേഷം തുടര്‍ന്നുള്ള ചരിത്രമെഴുതാന്‍ രാഷ്‌ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.
കാല്‍ നൂറ്റാണ്ടിനുശേഷമുള്ള രാഷ്‌ട്രീയ ചരിത്രം ഉടന്‍ എഴുതിത്തുടങ്ങും. രാഷ്‌ട്രീയ പാര്‍ട്ടികളിലെ പുറത്തറിയാത്ത അന്തര്‍ നാടകങ്ങളും വിഭാഗീയതയും പുസ്തകത്തില്‍ പ്രതിപാദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍നിന്ന് പുറത്തുവന്നശേഷം ഇടതു സഹയാത്രികനായി തുടര്‍ന്ന ചെറിയാന്‍ ഫിലിപ്പിനെ 2018-ല്‍ രാജ്യസഭയിലേക്ക് പരിഗണിച്ചുവെങ്കിലും അവസാനനിമിഷം തഴഞ്ഞു.
വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹത്തെ സാധ്യതാപട്ടികയില്‍ പെടുത്തിയെങ്കിലും കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസിനെയും സംസ്ഥാന സമിതി അംഗം വി ശിവദാസനെയുമാണ് വെള്ളിയാഴ്ച സിപിഎം സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ പുസ്തക രചനയിലേക്ക് കടക്കുന്നുവെന്ന് ഫെയ്‌സ് ബുക്കില്‍ കുറിക്കുകയായിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇടതും വലതും -എഴുതി തുടങ്ങുന്നു.
നാൽപതു വർഷം മുൻപ് ഞാൻ രചിച്ച ‘കാൽ നൂറ്റാണ്ട്’ എന്ന കേരള രാഷ്‌ട്രീയ ചരിത്രം ഇപ്പോഴും രാഷ്‌ട്രീയ, ചരിത്ര, മാധ്യമ വിദ്യാർഥികളുടെ റഫറൻസ് ഗ്രന്ഥമാണ്. ഇഎംഎസ്, സി. അച്ചുതമേനോൻ, കെ. കരുണാകരൻ, എ.കെ. ആന്റണി, ഇ.കെ. നായനാർ, പി.കെ..വാസുദേവൻ നായർ, സി.എച്ച്. മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം. മാണി, ആർ. ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇഎംഎസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു. ഈ പുസ്തകത്തിന്റെ പിന്തുടർച്ചയായ നാൽപതു വർഷത്തെ ചരിത്രം എഴുതാൻ രാഷ്‌ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.
കാൽനൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്‌ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.
ഇടതും വലതും – എന്നായിരിക്കും ചരിത്ര പുസ്തകത്തിന്റെ തലക്കെട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: