ഇടുക്കി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് കടുത്ത പ്രഹരം. കൊവിഡ് തീവ്രമായതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സഞ്ചാരികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ വിഷു ദിനത്തിലെത്തിയത് വെറും 460 പേര് മാത്രം. വ്യാഴാഴ്ച 816 പേരും ഇന്നലെ 902 പേരുമാണ് പാര്‍ക്കിലെത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 3000 പേര് വരെ എത്തിയിരുന്ന സമയത്താണിത്.
സഞ്ചാരികളുടെ എണ്ണം കൊവിഡിന് ശേഷം വലിയ തോതില്‍ കുറഞ്ഞതായും കൊവിഡിന്റെ രണ്ടാം തരംഗ ഭീതിയാണ് സഞ്ചാരികളെ അകറ്റുന്നതെന്നും ഇരവികുളം നാഷണല്‍ പാര്‍ക്ക് അസി. വൈല്‍ഡ് ലൈഫ് വാര്ഡന് ജോബ് ജെ. നേര്യംപറമ്പില്‍ പറയുന്നു. പ്രതിദിനം 1000 പേരെങ്കിലും എത്തിയാല്‍ മാത്രമേ പാര്‍ക്ക് വിജയകരമായി പ്രവര്‍ത്തിപ്പിക്കാനാകൂ. ഏപ്രില്‍ ഒന്നിനാണ് പാര്‍ക്ക് വരയാടുകളുടെ പ്രജനനകാലത്തിന് ശേഷം തുറന്നത്. ഇതിന് ശേഷം 3000 പേര് വരെ എത്തിയിരുന്നു.
ഇട ദിവസങ്ങളില്‍ 1500 വരെയും അവധി ദിവസങ്ങളില്‍ 2500-3000 പേര് വരെയും എത്തിയിരുന്നതായും ജോബ് ജെ. നേര്യംപറമ്പില്‍ പറഞ്ഞു. നിലവില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ നിയന്ത്രണമൊന്നും വരുത്തിയിട്ടില്ലെങ്കിലും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം 50 ശതമാനത്തില്‍ താഴെ മാത്രമാണ് സഞ്ചാരികളെത്തുന്നതെന്ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ അധികൃതര്‍ പറയുന്നു. മാട്ടുപ്പെട്ടിയും കുണ്ടളയും ആനയിറങ്കലും തേക്കടി, വാഗമണ്‍, പരുന്തുംപാറയിലും ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളുടെ എണ്ണം കുറവാണ്.
വരയാടുകളുടെ സെന്‍സസ് 19 മുതല്‍ 24 വരെ
ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകളുടെ കണക്കെടുപ്പ് 19 മുതല്‍ 24 വരെ. കെഎസ്ആര്ഒ റിട്ട. വൈല്‍ഡ് ലൈഫ് ഡിവിഷന് ഹെഡ് ഡോ. ഈസയുടെ നേതൃത്വത്തിലാണ് സെന്‍സസ്. മേഖലയെ 22 ബ്ലോക്കുകളായി തിരിച്ച് ഓരോ സ്ഥലത്തും മൂന്നു പേരടങ്ങുന്ന സംഘമാണ് കണക്കെടുപ്പ് നടത്തുക. കൊവിഡ് പശ്ചാത്തലത്തില്‍ വന്യജീവി സങ്കേതങ്ങളുടെ പരിധിയില്‍ മാത്രമാണ് കണക്കെടുപ്പ് നടത്തുക. കണ്ടെത്തുന്ന ആടുകളുടെ ഫോട്ടോ ശേഖരിക്കുന്നതിനൊപ്പം സ്ഥലത്തിന്റെ ജിപിഎസ് മാര്‍ക്ക് ചെയ്യും. കൂട്ടത്തിലെ കുട്ടികളുടെ എണ്ണം, വര്‍ഗം, പെരുമാറ്റ രീതി, ആഹാര ക്രമം തുടങ്ങിയവയും പരിശോധിച്ച് രേഖപ്പെടുത്തും. പിന്നീട് ഈ കണക്കുകള്‍ ക്രോഡീകരിച്ചാണ് എണ്ണം നിജപ്പെടുത്തുക.
ലോക്ക്ഡൗണിനെ തുടര്‍ന്ന് സഞ്ചാരികളുടെ വരവ് നിലച്ചതോടെ കഴിഞ്ഞ തവണ വരയാടുകളുടെ എണ്ണം കൂടിയിരുന്നു. ഇത്തവണ ഏതാണ്ട് 80-100 വരെ വരയാടിന് കുട്ടികള്‍ പിറന്നതായാണ് പ്രാഥമിക കണക്ക്. കഴിഞ്ഞ തവണ 724 വരയാടുകളെ ആകെ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: