മാനന്തവാടി: കോഴിയിറച്ചിക്ക് വിലകൂടുന്നു. പലയിടങ്ങളിലും 200 മുതല്‍ 220 വരെയാണ് ഒരു കിലോക്ക് ഈടാക്കുന്നത്. ഒരുമാസം മുമ്പ് 170 രൂപയായിരുന്നു വില. ഫാമുകളില്‍ ഉത്പാദനം കുറഞ്ഞതോടെയാണ് വില കുത്തനെ ഉയര്‍ന്നത്. ഒരുമാസത്തിനിടെ 50 രൂപയിലേറെ വര്‍ധിച്ചു. ഈസ്റ്ററിനു ശേഷം 10 മുതല്‍ 15 രൂപ വരെ കൂടി. നാടന്‍ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 200 രൂപയാണ് ഇപ്പോള്‍ വില.
ചൂട് വര്‍ധിച്ചത് ഫാമുകളില്‍ കോഴിവളര്‍ച്ചയെ ബാധിക്കുന്നുണ്ട്. പകല്‍ച്ചൂട് വര്‍ധിച്ചതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവങ്ങളും ഉണ്ട്. 45 ദിവസം കൊണ്ട് 2.5 കിലോഗ്രാം തൂക്കത്തില്‍ പൂര്‍ണവളര്‍ച്ചയിലെത്തേണ്ട കോഴികള്‍ക്ക് ഇപ്പോള്‍ രണ്ടുകിലോഗ്രാം തൂക്കമേ വെക്കുന്നുള്ളൂവെന്ന് ഫാം ഉടമകള്‍ പറയുന്നു. ഫാമുകളിലെ വെള്ളത്തിന്റെ ലഭ്യതക്കുറവും വളര്‍ച്ച കുറയാന്‍ കാരണമായി.
കോഴിത്തീറ്റയുടെ വില ഉയര്‍ന്നതും ബാധിച്ചിട്ടുണ്ട്. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിവരവ് നിലച്ചതും വില കൂടാനുള്ള കാരണമായി. എന്നാല്‍ കോഴിയിറച്ചിക്ക് വില വര്‍ധിച്ചിട്ടും അതിന്റെ ഗുണം കോഴി കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. കൃഷി നഷ്ടത്തിലാണെന്ന് വലിയ തോതില്‍ ഫാം നടത്തുന്നവരും ചെറിയ കൃഷി നടത്തുന്നവരും പറയുന്നു. മൊത്തവിതരണക്കാരും ഇടനിലക്കാരും കച്ചവടക്കാരുമാണ് കൂടുതല്‍ ലാഭമുണ്ടാക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കോഴിക്കുഞ്ഞുങ്ങളുടെ വിലയില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളും പ്രതിസന്ധിയാണ്.
ഒരു കോഴി വളര്‍ച്ചയെത്തി രണ്ടുകിലോ തൂക്കം വെക്കാന്‍ ശരാശരി 3.5 കിലോ തീറ്റ നല്‍കണം. ഇതിനായി 100 രൂപയോളം ചെലവാകും. പ്രതിരോധ കുത്തിവെപ്പ്, വെള്ളം, വൈദ്യുതി, അറക്കപ്പൊടി എന്നിവയും പണിക്കൂലിയും കണക്കാക്കുമ്പോള്‍ 95 രൂപക്ക് മുകളില്‍ ഉത്പാദനച്ചെലവുണ്ട്. ചൂട് വര്‍ധിക്കുന്നതോടെ 1000 കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താനാരംഭിച്ചാല്‍ 960ലധികം വില്‍പ്പനക്കായി ലഭിക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു.
ഇടക്കിടെ എത്തുന്ന പക്ഷിപ്പനിയടക്കമുള്ളവും ഉത്സവ സീസണുകളിലടക്കം കോഴിയിറച്ചി ഡിമാന്‍ഡ് കുറക്കുന്നു. കോഴിക്കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് കര്‍ഷകര്‍ക്ക് ആക്ഷേപമുണ്ട്. കുറഞ്ഞ വിലയില്‍ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നല്കി കര്‍ഷകരില്‍ നിന്ന് വളര്‍ച്ചയെത്തിയ കോഴി നേരിട്ട് സംഭരിക്കുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ കൂടുതല്‍ പണം കര്‍ഷകര്‍ ചെലവാക്കേണ്ടിവരുമെന്ന് പദ്ധതി നടത്തിപ്പുകാര്‍ പറഞ്ഞതോടെ കര്‍ഷകര്‍ പിന്മാറുന്ന സ്ഥിതിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: