മുംബൈ: ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ നാല്‍പ്പത്തിരണ്ട് റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായതോടെ ടീം വിജയിക്കുമെന്ന് തന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിരുന്നെന്ന് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡേവിഡ് മില്ലറും ക്രിസ് മോറിസും ചേര്‍ന്ന് അപ്രാപ്യമെന്ന് തോന്നിയ വിജയം രാജസ്ഥാന് നേടികൊടുത്തു. മൂന്ന് വിക്കറ്റിനാണ് അവര്‍ വിജയിച്ചത്. ഈ സീസണില്‍ രാജസ്ഥാന്റെ ആദ്യ വിജയമാണിത്.
148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഒരു ഘട്ടത്തില്‍ അഞ്ചിന് 42 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. എന്നാല്‍ മില്ലറും ക്രിസ് മോറിസും ശക്തമായി ചെറുത്ത് നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. മില്ലര്‍ 62 റണ്‍സ് നേടി. മോറിസ് 18 പന്തില്‍ 36 റണ്‍സുമായി അജയ്യനായി നിന്നു.
42 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീണതോടെ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു. ഈ തകര്‍ച്ചയില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ചുകയറുക കഠിനമാണെന്ന് തോന്നിയെന്ന് മത്സരശേഷം സഞ്ജു സാംസണ് പറഞ്ഞു. മില്ലറും മോറിസും പൊരുതിയതോടെ വിജയം സ്വന്തമാക്കാനായി. ദല്‍ഹി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും സഞ്ജു പറഞ്ഞു.
ചാരത്തില്‍ നിന്ന് ടീമിന് ഉയര്ന്നെഴുന്നേല്ക്കാനാകുമെന്നതിന് തെളിവാണ് ഈ വിജയമെന്ന് ക്രിസ് മോറിസ് പറഞ്ഞു. എവിടെ കളിച്ചാലും ഈ ടീം വിജയിക്കുമെന്ന് മോറിസ് കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ അവസാന നിമിഷങ്ങളില്‍ മത്സരം കൈവിട്ടുപോയെന്ന് ദല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് പറഞ്ഞു. തുടക്കത്തില്‍ ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞു. അവസാന നിമിഷങ്ങളില്‍ അവര്ക്ക്് മികവ് പുലര്‍ത്താനായില്ല, ഋഷഭ് പറഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 147 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 32 പന്തില്‍ 51 റണ്‍സ് നേടി ടോപ്പ് സ്കോറാറായി. ലളിത് യാദവ് 20 റണ്‍സും ടോം കറന് 21 റണ്‍സും നേടി. 148 റണ്‍സ് ലക്ഷ്യത്തിലേക്ക്്് ബാറ്റ് പിടിച്ച രാജസ്ഥാന് റോയല്‍സ് 19.4 ഓവറില്‍ ഏഴു വിക്കറ്റ് നഷട്ത്തില്‍ 150 റണ്‍സ് നേടി വിജയിച്ചു. രണ്ട് മത്സരങ്ങളില്‍ രാജസ്ഥാന്റെ ആദ്യ വിജയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: