മംഗലപുരം(തിരുവനന്തപുരം): ദേശീയപാതയില്‍ പള്ളിപ്പുറത്ത് സ്വര്‍ണ്ണവ്യാപാരിയെ അക്രമിച്ച് 100 പവന് കവര്‍ന്ന കേസില്‍ നാല് പേര് അറസ്റ്റില്‍. പെരുമാതുറ കൊട്ടാരതുരുത്ത് ദാറുല്‍ സലാം വീട്ടില്‍ നെബിന്‍ (28), പെരുമാതുറ കൊട്ടാരതുരുത്ത് പടിഞ്ഞാറ്റുവിള വീട്ടില്‍ അന്‍സര്‍ (28) അണ്ടൂര്‍ക്കോണം വെള്ളൂര്‍ പള്ളിക്ക് സമീപം ഫൈസല്‍ (24), സ്വര്‍ണ്ണം പണയം വയ്ക്കാന്‍ സഹായിച്ച പെരുമാതുറ സ്വദേശി നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ നിന്നും 13 വളകള്‍ ഏഴു മോതിരം നാലു കമ്മല്‍ 73,500 രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ഏപ്രില്‍ 9ന് രാത്രി എട്ടു മണിയോടെ മംഗലപുരം കുറക്കോട് ടെക്നോ സിറ്റിക്ക് സമീപം വച്ചാണ് സ്വര്‍ണ്ണ ഉരുപ്പടികള്‍ നിര്‍മ്മിച്ച് ജൂവലറികള്‍ക്ക് നല്കുന്ന നെയ്യാറ്റിന്‍കര സ്വദേശി സമ്പത്തിനെയും ഡ്രൈവര്‍ അരുണിനെയും ബന്ധു ലക്ഷ്മണനെയും ആക്രമിച്ച് സ്വര്‍ണ്ണം തട്ടിയെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി ഗ്ലാസുകള്‍ തകര്‍ത്ത ശേഷം മുളകു പൊടി എറിഞ്ഞു. കാറിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ച ശേഷം സ്വര്‍ണ്ണവുമായി കടക്കുകയായിരുന്നു. സമ്പത്തിന്റെ പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.
സംഭവം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചുമന്ന നിറത്തിലുള്ള സിഫ്റ്റ്, വെള്ള നിറങ്ങളിലുള്ള ഇര്‍ട്ടിഗ കാറുകളാണ് സ്വര്‍ണ്ണവ്യാപാരി സഞ്ചരിച്ച കാറിനെ പിന്തുടര്ന്ന് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇടവഴിയില്‍ കാര്‍നിര്‍ത്തി നമ്പര്‍പ്ലേറ്റ് മാറ്റി ഇടുന്നതിന്റെ ദൃശ്യങ്ങളും കണ്ടെത്തി. തുടര്‍ന്നാണ് കാറും, പ്രതികളെയും കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായും പ്രധാന പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വര്‍ണവ്യാപാരി സഞ്ചരിച്ച കാറിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. കാറിന്റെ മുന്‍വശത്തെ സീറ്റിനടിയിലെ ഫഌറ്റുഫോമില് രണ്ടു പ്രത്യേക രഹസ്യ അറകള്‍ ഉണ്ടാക്കി അതിലാണ് പണം സൂക്ഷിച്ചിരുന്നത്. പോലീസ് കോടതിക്ക് തുക കൈമാറി. ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: