മലപ്പുറം: അഴിമതിക്കേസില്‍ അകപ്പെടുന്ന നേതാക്കളെ സംരക്ഷിക്കാന്‍ ഇടതും വലതും ഒരുപോലെ മത്സരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദന കേസിന്റെ നിജസ്ഥിതി പോലും പരിശോധിക്കാതെ കെ.എം. ഷാജിക്ക് മുസ്ലിം ലീഗ് നല്കിയ പിന്തുണ ഒടുവിലത്തെ ഉദാഹരണമാണ്. ഷാജിയുടെ വീട്ടില്‍ നിന്ന് രേഖകളില്ലാത്ത അരക്കോടി രൂപയോളം വിജിലന്‍സ് പിടികൂടിയിട്ടും പിന്തുണക്ക് മാറ്റമൊന്നുമില്ല. മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് കുടുംബാംഗമായ സാദിഖലി തങ്ങളും ഒരേ സ്വരത്തിലാണ് ഷാജിയെ സംരക്ഷിക്കുന്നത്.
കുത്തക മുതലാളിമാര്‍ നേതാക്കളായുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അതുകൊണ്ട് തന്നെ ഇവരെ പിണക്കുന്ന രീതിയില്‍ ഒരു നടപടിയും നേതൃത്വം സ്വീകരിക്കുകയുമില്ല. കാസര്‍കോട്ട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലിലായ എം.സി. കമറുദ്ദീനെയും എറണാകുളം പാലാരിവട്ടം പാലം അഴിമതിയില്‍ ജയിലിലായ ഇബ്രാഹിംകുഞ്ഞിനെയും തള്ളിപ്പറയാന്‍ മുസ്ലിം ലീഗ് നേതൃത്വം തയാറാകാത്തതിന്റെ കാരണവും ഇതാണ്. അഴിമതി ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമെന്ന് വളച്ചൊടിക്കാനാണ് ലീഗ് ശ്രമിക്കുന്നത്.
കത്വ-ഉന്നാവോ ഫണ്ട് തിരിമറി നടത്തിയതായി ആരോപണമുയര്‍ന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ അന്വേഷണം പ്രഖ്യാപിക്കേണ്ടതിന് പകരം താനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുകയാണ് ലീഗ് ചെയ്തത്. നേതാക്കള്‍ തുടര്‍ച്ചയായി അഴിമതി കേസിലും തട്ടിപ്പ് കേസിലും അകപ്പെടുന്നത് അണികള്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
സിപിഎമ്മും ഈ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ ഭൂമി കയ്യേറ്റം മുതല്‍ സാമ്പത്തിക തട്ടിപ്പ് വരെയുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പല കേസുകളിലും അന്‍വര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും നടപടിയെടുക്കാന്‍ സിപിഎം തയാറായില്ല. ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഇത്തവണയും അന്‍വറിന് നിലമ്പൂരില്‍ സീറ്റ് നല്കി.
ബന്ധുനിയമനവും ഖുറാന് കടത്തുമായി കെ.ടി. ജലീലിനെതിരെയും നിരവധി ആരോപണങ്ങളുണ്ടായിരുന്നു. ബന്ധുനിയമന കേസില്‍ അവസാനം ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം ഗത്യന്തരമില്ലാതെയാണ് ജലീല്‍ രാജിവെച്ചത്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ സിപിഎം നേതൃത്വം തയാറായിട്ടില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന കാര്യത്തില്‍ മുസ്ലിം ലീഗും സിപിഎമ്മും ഒരേ തൂവല്‍പക്ഷികളാണെന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: