തിരുവനന്തപുരം: കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസിനും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും രാജ്യസഭാ സീറ്റ് നല്കി സിപിഎം. സംസ്ഥാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്.
വിജു കൃഷ്ണന്, കെ.കെ.രാകേഷ് എന്നിവര്‍ അടക്കമുള്ളവരുടെ പേര് പരിഗണനയിലുണ്ടായിരുന്നു. ഇവരെയെല്ലാം തഴഞ്ഞുകൊണ്ടാണ് ബ്രിട്ടാസിനും ശിവദാസനും അവസരം നല്‍കിയിരിക്കുന്നത്, പതുമുഖങ്ങള്‍ നേതൃത്വത്തിലേക്ക് കടന്നുവരട്ടേയെന്നാണ് ഇതില്‍ പാര്‍ട്ടി നിലപാട്.
നാല് മണിക്ക് എല്‍ഡിഎഫ് ഉന്നതതല യോഗം ചേരുന്നുണ്ട്. അതില്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോ.വി.ശിവദാസന്‍ എസ്എഫ്ഐയുടെ അഖിലേന്ത്യ സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്.
ജോണ്‍ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയി ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷം കൈരളി ടി.വിയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. പിണറായി വിജയന് അധികാരത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എന്ന പദവിയും ബ്രിട്ടാസ് വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: