തിരുവനന്തപുരം : മുന്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്ത് എത്തിയത് ചട്ടം അട്ടിമറിച്ചെന്ന് ആരോപണം. ചീഫ് സെക്രട്ടറി പദവിയില്‍ ഇരിക്കേ നോട്ടിഫിക്കേഷന്‍ ഇറക്കി സ്വയം സമര്‍പ്പിച്ച അപേക്ഷയിലാണ് വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷന് ആയി ചുമതലയേറ്റത്. ചീഫ് സെക്രട്ടറിയായി വിരമിച്ചതിന് തൊട്ടുപിന്നാലെയുള്ള ഈ നിയമനം സംസ്ഥാന സര്‍ക്കാരുമായുള്ള ഒത്ത് കളിയാണെന്നും ആരോപണമുണ്ട്.
നിയമനം ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി നല്‍കിയെങ്കിലും സര്‍ക്കാര്‍ അനുകൂലിച്ചതോടെ ഹൈക്കോടതി അത് തള്ളി. വിന്‍സണ്‍ എം പോള്‍ വിരമിച്ചതിന് പിന്നാലെ മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് 2020 ജനുവരി 31ന് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസാണ് ആദ്യ നോട്ടിഫിക്കേഷന്‍ ഇറക്കിയത്. ഈ നോട്ടിഫിക്കേഷന്‍ പ്രകാരം 2020 മാര്‍ച്ച് 5വരെ അപേക്ഷ സമര്‍പിക്കാം. എന്നാല്‍ ടോം ജോസ് പടിയിറങ്ങിയതിന് പിന്നാലെ ചീഫ് സെക്രട്ടറിയായ വിശ്വാസ് മെഹ്ത്ത ഈ നോട്ടിഫിക്കേഷനില്‍ തുടര്‍നടപടി കൈകൊണ്ടില്ല.
പിന്നീട് ചീഫ് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ നവംബര്‍ 11ന് വിശ്വാസ് മെഹ്ത്ത തന്നെയാണ് മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചതും. ഡിസംബര്‍28 ആയിരുന്നു അപേക്ഷ സമര്‍പിക്കേണ്ട അവസാന തീയതി. വിശ്വാസ് മേത്ത തന്നെ സ്വയം സമര്‍പ്പിച്ച അപേക്ഷയില്‍ നിയമന ഉത്തരവിറക്കുകയായിരുന്നു. 14 പേരാണ് തസ്തികയിലേക്ക് അപേക്ഷ നല്‍കിയിരുന്നത്. ചീഫ് സെക്രട്ടറി പദവിയില്‍നിന്ന് ഫെബ്രുവരി 28ന് വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് വിശ്വാസ് മേത്ത സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണറായത്.
സംസ്ഥാന സര്‍ക്കാരിലെ പരമോന്നത അധികാരിയായി തുടരുമ്പോള്‍ മേത്തയ്ക്ക് മുഖ്യ വിവരാവകാശ കമ്മിഷന് തസ്തികയിലേക്ക് അപേക്ഷ നല്കാന് സാധിക്കില്ലെന്ന് ആര്‍ടിഐ ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെ പൊതു താത്പ്പര്യ ഹര്‍ജി നല്കിയപ്പോള് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം മനപ്പൂര്‍വ്വം ഒളിച്ചുവെയ്ക്കുകയായിരുന്നു. നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ മേത്ത കണ്ടിട്ടേയില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: