കല്‍പ്പറ്റ: നിയമനങ്ങളെച്ചൊല്ലി കല്‍പ്പറ്റ സിപിഐയില്‍ പൊട്ടിത്തെറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവര്‍ നിയമനം, സപ്ലൈകോയിലെ താത്കാലിക നിയമനം എന്നിവയുമായി ബന്ധപ്പെട്ടാണ് കല്‍പ്പറ്റയില്‍ സിപിഐയില്‍ അസ്വാരസ്യം.
നിയമനങ്ങള്‍ സംബന്ധിച്ചു മണ്ഡലം കമ്മിറ്റിയംഗം സെക്രട്ടറിക്കു നല്കിയ പരാതികളില്‍ അന്വേഷണവും നടപടിയും ഉണ്ടാകാത്തതാണ് അസ്വാരസ്യത്തിനു ആധാരം. സിപിഐ ടിക്കറ്റില്‍ മേപ്പാടി ഡിവിഷനില്‍ വിജയിച്ച എസ്. ബിന്ദുവാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ഇവരുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായി സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവുമായ വ്യക്തിക്കാണ് നിയമനം ലഭിച്ചത്. കുറച്ചുകാലമായി സിപിഐ ബന്ധമില്ലാത്ത ഇദ്ദേഹത്തിനു പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ചര്‍ച്ച ചെയ്യാതെ നിയമനം നല്‍കിയതിനെതിരെയായിരുന്നു മണ്ഡലം കമ്മിറ്റിയംഗത്തിന്റെ പരാതി.
പാര്‍ട്ടി വിധേയത്വമുള്ളയാളെ ഡ്രൈവറായി നിയമിക്കണമെന്ന ആവശ്യവും പരാതിയില്‍ ഉന്നയിക്കുകയുണ്ടായി. സപ്ലൈകോയിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാരില്‍ ഒരാള്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ട്ടി മെംബറുടെ ഭാര്യയ്ക്കു സപ്ലൈകോയില്‍ താല്കാലിക ജോലി തരപ്പെടുത്തിയതിനു ബ്രാഞ്ച് സെക്രട്ടറി പണം കൈപ്പറ്റിയെന്നും ജോലി വാഗ്ദാനം ചെയ്തു പലരേയും പാര്‍ട്ടിയിലേക്കു ക്ഷണിക്കുന്നുവെന്നുമായിരുന്നു ആരോപണം. ഇതുസംബന്ധിച്ചു ആരോപണ വിധേയനായ ബ്രാഞ്ച് സെക്രട്ടറിയും മറ്റൊരു ബ്രാഞ്ചിലെ പ്രവര്‍ത്തകരുമായി വാക്കേറ്റവും ഉണ്ടായി.
പാര്‍ട്ടിയെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള ബ്രാഞ്ച് സെക്രട്ടറിയുടെ പ്രവര്‍ത്തനം മണ്ഡലം കമ്മിറ്റിയംഗം ലോക്കല്‍ സെക്രട്ടറിയെ അറിയിക്കുകയുണ്ടായി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് പാര്‍ട്ടി ജില്ലാ സെക്രട്ടറി വിജയന് ചെറുകര, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പി.പി. സുനീര്‍, സംസ്ഥാന സമിതിയംഗം പി.കെ. മൂര്‍ത്തി എന്നിവര്‍ക്കും ലഭ്യമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: