ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഇസ്ലാമിക ഭീകര പാര്‍ട്ടിയായ തെഹ്റീക് ഇ ലബ്ബൈക് പാകിസ്ഥാന് നേതാവിനെ അറസ്റ്റ് ചെയ്തതിനെതിരെ അക്രമാസക്തമായ പ്രതിഷേധം ഇരമ്പുന്നു. പൊലീസും അര്ധസേനാവിഭാഗങ്ങളും ശ്രമിച്ചിട്ടും അക്രമസമരം അടിച്ചമര്‍ത്താന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണ്.
കഴിഞ്ഞയാഴ്ചയാണ് തെഹ്റീക് ഇ ലബ്ബൈക് പാകിസ്ഥാന് നേതാവ് സാദ് ഹുസൈന് റിസ് വിയെ ഇമ്രാന് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ലക്ഷങ്ങള്‍ ഇമ്രാന്ഖാന് സര്‍ക്കാരിനെതിരെ തെരുവില്‍ പ്രതിഷേധിക്കുകയാണ്. അവിടെ ഒരു യുദ്ധകാല സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്ഥാനിലെ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന് തെഹ്റീക് ഇ ലബ്ബൈക് പാകിസ്ഥാന് (ടിഎല്‍പി) ഇമ്രാന്ഖാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രവാചകനെക്കുറിച്ചുള്ള കാര്ട്ടൂണുകള് ഫ്രാന്‍സില്‍ ചാര്‍ളി ഹെബ്ഡോയിലും മറ്റ് മാഗസിനുകളിലും പ്രസിദ്ധീകരിച്ചതിനെതിരെയാണ് പാകിസ്ഥാനില്‍ ടിഎല്‍പിയുടെ പ്രതിഷേധം ഉണ്ടായത്. ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ത്തുകൊണ്ട് കര്‍ശന നിയമം പാസാക്കിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെയും ടിഎല്‍പി പാകിസ്ഥാനില്‍ പ്രതിഷേധിച്ചിരുന്നു.
ഫ്രാന്‍സിനോടുള്ള പ്രതിഷേധാര്‍ത്ഥം പാകിസ്ഥാനിലെ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ നവമ്പറില്‍ ടിഎല്‍പി വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം 2021 ഫിബ്രവരിയില്‍ നടപ്പാക്കാമെന്ന് ഇമ്രാന്ഖാന് സര്‍ക്കാര്‍ വാക്കുനല്കിയതിനെത്തുടര്ന്ന് അന്ന് പ്രക്ഷോഭം പിന്‍വലിച്ചു. പല തവണ ഈ തീയതി ഇമ്രാന്ഖാന് സര്‍ക്കാര്‍ നീട്ടിവെക്കുകയായിരുന്നു. ഇപ്പോള്‍ ഏപ്രില്‍ 20 ആണ് പാകിസ്ഥാനിലെ ഫ്രഞ്ച അംബാസഡറെ പുറത്താക്കാനുള്ള അവസാനതീയതിയായി ഇമ്രാന്സര്ക്കാര് പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിനിടെയാണ് ടിഎല്‍പി നേതാവിനെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള നാടകീയ നീക്കം. ഇതാണ് ടിഎല്‍പി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
നിരവധി പാകിസ്ഥാന് നഗരങ്ങളില്‍ പ്രധാന പാതകള്‍ പ്രകടനക്കാര്‍ രണ്ടാം ദിവസവും തടഞ്ഞിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പാകിസ്ഥാനിലെ പ്രധാന നഗരങ്ങളായ ലാഹോറിലും റാവല്‍പിണ്ടിയിലും ജനങ്ങള്‍ കൂട്ടത്തോടെ പ്രതിഷേധിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി പ്രചരിക്കുകയാണ്.
മുജെയ്ദ് ആലം ബകര്‍വാള്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് എഴുതുന്നു: ‘പാകിസ്ഥാനില്‍ യുദ്ധസാഹചര്യമാണ്. ഇമ്രാന് സര്‍ക്കാരിനും പാകിസ്ഥാന് സൈന്യത്തിനും എതിരെ ലക്ഷക്കണക്കിന് പ്രതിഷേധിക്കുന്നതിനാല്‍ സാഹചര്യം നിയന്ത്രണാതീതമാണ്’.
നേരത്തെ ബുധനാഴ്ച പാകിസ്ഥാന് ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് അഹമ്മദ് ഇസ്ലാമിക ഭീകര സംഘടനയായ തെഹ്റീക് ഇ ലബ്ബൈക് പാകിസ്ഥാനെ(ടിഎല്‍പി) നിരോധിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമാണ് ടിഎല്‍പിയുടെ പ്രവര്‍ത്തകരും അനുകൂലികളും രാജ്യത്തുടനീളം അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 1997ലെ ഭീകരവിരുദ്ധ നിയമത്തിലെ 11(ബി) വകുപ്പ് പ്രകാരം ടിഎല്‍പി എന്ന മത-രാഷ്ട്രീയ ഭീകര സംഘടനയെ നിരോധിക്കുമെന്നാണ് ഷേഖ് റാഷിദ് അഹമ്മദ് പ്രസ്താവിച്ചത്. ഈ സംഘടനയെ നിരോധിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നുവെന്നും ഇത് സംബന്ധിച്ച ഒരു സംഗ്രഹം സര്‍ക്കാരിന് അയച്ചിട്ടുണ്ടെന്നും ഷേഖ് റാഷിദ് അഹമ്മദ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: