വിക്രമിനെ നായകനാക്കി 2005ല്‍ തമിഴില്‍ പുറത്തിറങ്ങിയ ചിത്രമാണ് അന്യന്. ബോക്സ് ഓഫീസില്‍ റെക്കോര്ഡുകല് സൃഷ്ടിച്ച് മുന്നേറിയ സിനിമ നടന് വിക്രമിന്റെയും സംവിധായകന് ശങ്കറിന്റെയും കരിയര്‍ ബെസ്റ്റ് എന്നു തന്നെ പറയാം. അന്യന് പുറത്തിറക്കി ഒന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷം ചിത്രം ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ തയാറെടുക്കുയാണ് സംവിധായകന് ശങ്കര്‍.
എന്നാല്‍ ചിത്രം ഹിന്ദിയില്‍ ചിത്രീകരിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അന്യന്റെ നിര്‍മ്മാതാവായ വി. രവിചന്ദ്രന്‍. ചിത്രത്തിന്റെ പകര്‍പ്പവകാശം നിര്‍മാതാവായ തനിക്കാണെന്നും അത് ലംഘിക്കാന്‍ സംവിധായകന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി വി രവിചന്ദ്രന്‍ ശങ്കറിന് നോട്ടീസ് അയച്ചു. കഥ തയ്യാറാക്കിയിരിക്കുന്ന സുജാതയില്‍നിന്ന് കഥ പണം കൊടുത്ത് കൈപ്പറ്റിയതിനാല്‍ ഉടമസ്ഥാവകാശം പൂര്‍ണമായും തനിക്കാണെന്നും രവിചന്ദ്രന്‍ നോട്ടീസില്‍ വ്യക്തമാക്കി.
ബോളിവുഡ് യുവതാരം രണ്‍വീര്‍ സിംഗിനെ നായകനാക്കി അന്യന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം ശങ്കര്‍ വ്യക്തമാക്കി. രണ്‍വീറിനൊപ്പമുള്ള ചിത്രം പുറത്തുവിട്ടാണ് ശങ്കര്‍ ഹിന്ദി അന്യന് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: