ന്യൂദല്‍ഹി: ജനസംഖ്യാവര്‍ധനവ് തടയാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി സുപ്രീംകോടതിയെ സമീപിച്ചു. ഏപ്രില്‍ 20ന് ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും.
രാജ്യത്തെ ക്രമാതീതമായ ജനസംഖ്യാവര്‍ധന ഒട്ടേറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്നും കേന്ദ്രസര്‍ക്കാരിന് ഇത് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് ശ്രീ സരസ്വതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതുകൊണ്ട് ജനസംഖ്യാവര്‍ധന തടയാന്‍ നിയമം കൊണ്ടുവരണമെന്നാണ് അദ്ദേഹം സുപ്രീംകോടതിയോടാവശ്യപ്പെടുന്നത്. നേരത്തെ അശ്വിനി ഉപാധ്യായ് എന്ന അഭിഭാഷകന് കൂടിയായ ബിജെപി നേതാവും ഇതിന് സമാനമായ പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ സുപ്രീംകോടതി ജനവരി 10ന് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കിയി്ട്ടുണ്ട്. ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.
അഖില്‍ ഭാരതീയ സന്ത് സമിതി, ഗംഗ മഹാസഭ എന്നീ സംഘടനകളുടെ ഭാരവാഹി ആണ് സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി. വര്‍ധിച്ചുവരുന്ന ജനസംഖ്യാഭാരം സര്‍ക്കാരിന്റെ അടിസ്ഥാനവിഭവങ്ങളെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് സര്‍ക്കാരെന്നും സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതിയുടെ ഹര്‍ജിയില്‍ പറയുന്നു. ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ ഭീഷണിയാണെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
ആഗോള ഭൂവിസ്തൃതിയുടെ രണ്ട് ശതമാനവും ആഗോള ജലവിഭവത്തിന്റെ നാല് ശതമാനവുമാണ് ഭാരതത്തിലുള്ളതെങ്കില് ആഗോള ജനസംഖ്യയുടെ 20 ശതമാനവും ഭാരതത്തിലാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ജനസംഖ്യനിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കാത്തതിനാല്‍ കോടതി തന്നെ സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: