കൊല്ലം: റോളര്‍ സ്കേറ്റിംഗില്‍ ജില്ലയുടെ അഭിമാനതാരങ്ങളായി ബാല്‍ ശ്രേയസും ലക്ഷ്മിയും. സ്കേറ്റിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ ചണ്ഡീഗഢിലെ മൊഹാലിയില്‍ സംഘടിപ്പിച്ച ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് സ്വര്‍ണം നേടി ബാല്‍ശ്രേയസും വെള്ളി നേടി ലക്ഷ്മി എസ് ദത്തും അഭിമാനമായത്.
റോളര്‍ സ്കൂട്ടര്‍ സീനിയര്‍, സബ്ബ് ജൂനിയര്‍ വിഭാഗത്തിലാണ് മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി ഇരുവരും മെഡല്‍ നേടിയത്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്നും ആദ്യമായിട്ടാണ് രണ്ടുപേര്‍ ഈ ഇനത്തില്‍ മത്സരിച്ച് നേട്ടം കൊയ്യുന്നത്. ജില്ലാ ചാമ്പ്യന്‍ഷിപ്പിലും സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും ഇതേ വിഭാഗത്തില്‍ ഇരുവരും സ്വര്‍ണ്ണം നേടിയിരുന്നു. ടികെഎം സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയായ ബാല്‍ശ്രേയസ് ആരോഗ്യ വകുപ്പ് ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് ഫൈലേറിയ ഇന്‍സ്പെക്ടര്‍ പി.ആര്. ബാലഗോപാലിന്റെയും കനറാ ബാങ്ക് തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസ് ഓഫീസര്‍ എല്‍. ഗീതയുടെയും മകനാണ്.
പേരൂര്‍ അമൃത വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ലക്ഷ്മി, മണ്‍ട്രോതുരുത്ത് കൃഷിഭവന് കൃഷി അസിസ്റ്റന്റ് ജൂലിയുടെയും ഡി. സജിയുടെയും മകളാണ്. സ്പീഡ് സ്കേറ്റിംഗ്, റോളര്‍ ഹോക്കി സംസ്ഥാന അമ്പയര്‍ പി.ആര്. ബാലഗോപാല്‍ മുഖ്യ പരിശീലകനായിട്ടുള്ള കൊല്ലം റോളര്‍ സ്കേറ്റിംഗ് ക്ലബ്ബിലെ അംഗങ്ങളാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: