ഓയൂര്‍: പൂയപ്പള്ളി മരുതമണ്‍പള്ളിയില്‍ കുടിവെള്ള പൈപ്പ് പൊട്ടി റോഡു പൊളിയുന്നത് തുടര്‍ക്കഥയാകുന്നു. പൈപ്പും റോഡും നന്നാക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം.
പൈപ്പ് പൊട്ടിയ ഭാഗത്ത് രൂപപ്പെട്ട കുഴി അപകടക്കെണിയായി. ഓയൂര്‍-കൊട്ടാരക്കര റോഡില്‍ മരുതമണ്‍പള്ളി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്താണ് അടിക്കടി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതും കുഴികള്‍ രൂപപ്പെട്ട് അപകടങ്ങള്‍ ഉണ്ടാകുന്നതും. കുറെ വര്‍ഷങ്ങളായി ഇത് തന്നെയാണ് സ്ഥിതി. പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടിട്ട് ആറുമാസം പിന്നിട്ടു. നാട്ടുകാര്‍ കുഴി മണ്ണിട്ട് മൂടിയാല്‍ ഇതുവഴി വെള്ളം തുറന്ന് വിടുന്നതോടെ മണ്ണിളകി വീണ്ടും കഴിയാകും. മരുതമണ്‍പള്ളി മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ കൊടുംവളവ് കഴിഞ്ഞെത്തുന്ന ഭാഗത്താണ് ഈ കുഴി. കുഴിയുടെ ഇരുവശത്തും നാട്ടുകാര്‍ രണ്ട് പാറക്കല്ലുകള്‍ എടുത്ത് വച്ചത് മാത്രമാണ് കുഴി തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം. പാറക്കല്ലും അപകട ഭീഷണി ഉയര്‍ത്തുകയാണ്. ആറു മാസത്തിനിടെ നിരവധി ചെറിയ അപകടങ്ങള്‍ ഇവിടെയുണ്ടായി.
റോഡും പൈപ്പും ശരിക്കാത്തത് റോഡ് കുഴിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാലാണെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. പൂയപ്പള്ളി പഞ്ചായത്തും, വാട്ടര്‍ അതോറിറ്റിയും മുന്‍കയ്യെടുത്ത് പൈപ്പിന്റെ അറ്റകുറ്റ പണി തീര്‍ത്ത് റോഡിലെ കുഴി അടയ്ക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: