ന്യൂയോര്‍ക്ക്: രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്ക. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായി പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി. ഈ വര്‍ഷം സെപ്തംബര്‍ 11 ആകുമ്പോഴേക്കും സൈനിക പിന്മാറ്റം പൂര്‍ണമായും പ്രാബല്യത്തില്‍ വരും. ബുധനാഴ്ച വൈറ്റ് ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബൈഡന് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
2001-ല്‍ അമേരിക്കയുടെ വ്യോമാക്രമണം സ്ഥിരീകരിച്ച വൈറ്റ് ഹൗസിലെ അതേ മുറിയില്‍ നിന്നാണ് സൈന്യത്തെ പിന്‍വലിക്കുന്ന വിവരവും പ്രഖ്യാപിക്കുന്നത്. സെപ്തംബര്‍ 11ന് 2001ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികം കൂടിയാണ്. നാറ്റോ അഫ്ഗാന് മിഷന്റെ ഭാഗമായി കുറഞ്ഞത് 2500 യുഎസ് സൈനികരാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 3500ഓളം യുഎസ് സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്.
അഫ്ഗാനിസ്ഥാനിലെ അക്രമങ്ങള്‍ കുറയ്ക്കാമെന്ന നിലപാട് താലിബാന് ഇതുവരെ പാലിച്ചിട്ടില്ലെന്നാണ് യുഎസ്, നാറ്റോ ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. പിന്മാറലിന് മുന്നോടിയായി കാബൂളില്‍ സമാധാനത്തിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും അഫ്ഗാനിസ്ഥാനിലെ നേതാക്കള്‍ പറയുന്നു. ബുധനാഴ്ച അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനി ജോ ബൈഡനുമായി ഫോണിലൂടെ സംസാരിച്ചതായി ട്വീറ്റ് ചെയ്തിരുന്നു.
അമേരിക്കയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഭീകരര്‍ ശക്തിപ്രാപിക്കുന്നതു തടയും. സ്വന്തം പ്രവര്‍ത്തികള്‍ക്ക് താലിബാനെക്കൊണ്ട് കണക്കുപറയിക്കും. യുഎസിനെ ഭീഷണിപ്പെടുത്താന്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഇത് അഫ്ഗാന് സര്‍ക്കാര്‍ നമുക്കും ഉറപ്പു തന്നിട്ടുണ്ട്. നമ്മള് ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണികളിലേക്കാണ് ഇനി പൂര്‍ണ ശ്രദ്ധ കൊടുക്കുന്നത്’ – ബൈഡന് പറഞ്ഞു.
യുഎസ് സൈന്യത്തിനൊപ്പം നാറ്റോ (നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്ഗനൈസേഷന്) സഖ്യകക്ഷികളും മറ്റ് പങ്കാളികളും അന്നേ ദിവസത്തോടുകൂടി പൂര്‍ണമായും പിന്മാറുമെന്നാണ് ബൈഡന് വ്യക്തമാക്കിയത്. 2001 സെപ്തംബര്‍ 11നാണ് യുഎസിന്റെ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് യാത്രാ വിമാനം ഇടിച്ചിറക്കി ഭീകരര്‍ ആക്രമണം നടത്തിയത്. ഇതിനു തിരിച്ചടി നല്‍കാനാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഭീകരസംഘടനയായ അല്‍ ഖ്വയിദയ്ക്ക് നേരെ യുദ്ധം ആരംഭിച്ചത്.
പിന്മാറ്റം സുഗമമാക്കുമെന്നും പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നുംഅഷ്റഫ് ഗാനി വിശദമാക്കി. രാജ്യത്തെയും ജനങ്ങളേയും സംരക്ഷിക്കാന്‍ അഫ്ഗാനിസ്ഥാനിലെ സേന ശക്തമാണെന്നും അഷ്റഫ് ഗാനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: