ആലപ്പുഴ: വള്ളിക്കുന്നത്ത് കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് അച്ഛന് അമ്പിളികുമാര്‍. അഭിമന്യുവിന് പ്രത്യേകിച്ച് രാഷ്ട്രീയമില്ല. മകന് ഒരുപ്രശ്നത്തിനും പോകുന്നയാളല്ലായെന്നും പിതാവ് വ്യക്തമാക്കി.
എന്നാല്‍ അഭിമന്യുവിന്റേത് കമ്മ്യൂണിസ്റ്റ് കുടുംബമാണെന്നും അഭിമന്യു എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകനാണെന്നുമാണ് സിപിഎം അവകാശവാദം. ആര്‍എസ്എസ് വെട്ടിക്കൊന്ന തങ്ങളുടെ പ്രവര്ത്തകന് എന്ന് സോഷ്യല്‍ മീഡിയയിലടക്കം പ്രചരണം നടത്തുകയും ചെയ്തിരുന്നു. തങ്ങളുടെ സഖാവിന്റെ കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് ചാരുംമൂട് ഏരിയാ സെക്രട്ടറി പി ബിനു അവകാശപ്പെട്ടത്. സോഷ്യല്‍ മീഡിയ സിപിഎം സൈബര്‍ ഹാന്റിലുകളില്‍ അഭിമന്യുവിനെ പാര്‍ട്ടി രക്തസാക്ഷിയായി ചിത്രീകരിച്ച് പ്രചരണം നടത്തുകയാണ്.
ഇന്നലെ രാത്രി പത്തരയോടെയാണ് ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസുകാരനായ പടയണിവെട്ടം സ്വദേശി അഭിമന്യുവിനെ കുത്തിക്കൊന്നത്. മുമ്പ് നടന്ന വാക്കേറ്റത്തിന്റെ തുടര്‍ച്ചയായി നടന്ന സംഘര്‍ഷമാണ് കൊലയില്‍ കലാശിച്ചത്. അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകമല്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വള്ളിക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സ്ഥലത്ത് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: