ന്യൂദൽഹി : ഹനുമാന്റെ ജന്മസ്ഥലത്തെച്ചൊല്ലി ആന്ധ്രയും കര്‍ണ്ണാടകയും തമ്മില്‍ തര്‍ക്കം മുറുകുന്നു. കുറച്ചുനാളുകളായി ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള വാഗ്വാദവും ശക്തമാവുകയാണ്.
ഹനുമാന്‍ ജനിച്ച ആഞ്ജനേയാദ്രി കുന്നുകള്‍ ആന്ധ്രയിലെ തിരുപ്പതിയിലാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ കര്‍ണ്ണാടകയിലെ കിഷ്കിന്ധയിലാണ് ഹനുമാന്‍ ജനിച്ചതെന്ന് മറ്റൊരു കൂട്ടര്‍ അവകാശപ്പെടുന്നു.
തിരുപ്പതി തിരുമലയിലെ ഏഴ് കുന്നുകളിലാണ് ആഞ്ജനയേനാദ്രി എന്നാണ് ആന്ധ്രയുടെ അവകാശവാദം. എന്നാല്‍ വടക്കന്‍ കര്‍ണ്ണാടകയിലെ കൊപ്പാല ജില്ലയില്‍ ഹംപിക്കടുത്തുള്ള കിഷ്കിന്ദയിലാണ് ആഞ്ജനയേനാദ്രി കുന്നുകളെന്നാണ് കര്‍ണ്ണാടകം വാദിക്കുന്നത്. എന്നാല്‍ കര്‍ണ്ണാടകയില്‍ തന്നെ മറ്റൊരു വിഭാഗം ഗോകര്‍ണ്ണത്തിനടുത്താണ് ഹനുമാന്‍ ജനിച്ചതെന്നും വാദിക്കുന്നു. കര്‍ണാടകയുടെ തീര പ്രദേശമായ ഗോകര്‍ണത്തെ കുഡ്ലെ തീരത്താണ് ഹനുമാന്റെ ജന്മസ്ഥലമെന്ന് ഹനുമാന്‍ സീതയോട് പറഞ്ഞിട്ടുണ്ടെന്നാണ് ശിവമൊഗ്ഗയിലെ രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതിയുടെ അവകാശവാദം.
ആന്ധ്രയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം ഭരിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം ഹനുമാന്റെ ജന്മസ്ഥലം നിര്‍ണയിക്കാന്‍ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. പുരാണപരമായും പുരാവസ്തുപഠനപ്രകാരവും ഹനുമാന്റെ സ്ഥലം തിരുപ്പതി തിരുമലയിലെ കുന്നുകളാണെന്ന് മനസ്സിലായതായി തിരുപ്പതി ദേവസ്ഥാനം എക്സിക്യുട്ടീവ് ഓഫീസര്‍ കെ.എസ് ജവഹര്‍ റെഡ്ഡി പറഞ്ഞു.
അതേസമയം ആന്ധ്രയുടെ വാദം ശരിയല്ലെന്നും ഹംപിക്കു സമീപം കിഷ്കിന്ദയിലുള്ള ആഞ്ജനേയാദ്രി കുന്നുകളിലാണെന്ന് രാമായണത്തില്‍ പരാമര്‍ശമുണ്ടെന്നും കര്‍ണാടക മന്ത്രിമാര്‍ പറയുന്നു . കുന്നിന്‍മുകളില്‍ ഒരു ഹനുമാന്‍ ക്ഷേത്രവുമുണ്ട്. ആഞ്ജനേയാദ്രി കുന്നുകള്‍ തീര്‍ഥാടന കേന്ദ്രമായി വികസിപ്പിക്കുമെന്ന് കര്‍ണാടക കൃഷിമന്ത്രി ബി.സി പാട്ടീല്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി കര്‍ണാടക വിനോദസഞ്ചാര വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്.
കഴിഞ്ഞ മാസം ടൂറിസം മന്ത്രി സി പി യോഗേശ്വർ മന്ത്രിമാരായ കെ എസ് ഈശ്വരപ്പ, ബി സി പാട്ടീൽ, കോട്ട ശ്രീനിവാസ് പൂജാരി, അരവിന്ദ് ലിംബവള്ളി എന്നിവരുമായി 50.18 കോടി രൂപയുടെ വികസന പദ്ധതി ചർച്ച ചെയ്തിരുന്നു . കര്‍ണ്ണാടകത്തിലെ മന്ത്രിമാര്‍ ഏപ്രിൽ 16 ന് സ്ഥലം സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട് .
കര്‍ണ്ണാടകയിലെ ആഞ്ജനാദ്രി കുന്നുകളില്‍ നിന്നും എടുത്ത രണ്ട് കല്‍സ്ലാബുകള്‍ സ്വന്തം നാടായ ഗുജറാത്തിലേക്ക് കൊണ്ടുപോയി അവിടെ ഒരു ഹനുമാന്‍ ക്ഷേത്രം പണിയാനുള്ള ശ്രമത്തിലാണ് കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വാജുബാഹി വാല.
ഗോകര്‍ണത്തിലെ ഗുഹയെ അടിസ്ഥാനമാക്കി ഹനുമാന്‍ സ്മാരകം പണിയാനാണ് രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതിയുടെ നീക്കം. അടുത്ത രാമനവമിയോടെ ഹനുമാന്റെ ഈ ഗോകര്‍ണക്ഷേത്രം വികസിപ്പിക്കാനാണ് രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതിയുടെ നീക്കം. ഈ ഏപ്രില്‍ 21ന് രാമനവമി ദിനത്തില്‍ രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി നിയോഗിച്ച സമിതി ഹനുമാന് അനയോജ്യമായ സ്മാരകം പണിയുന്നതുമായി ബന്ധപ്പെട്ട് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: