എടത്വാ: വേനല്‍മഴ കടുത്തതോടെ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി നെല്ല് സംഭരണം. വിളവെടുത്ത പാടത്ത് നെല്ല്കെട്ടികിടന്നും കൊയ്ത്തു നടക്കാനുള്ള പാടങ്ങളില്‍ വെള്ളം കയറിയുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിനേരിടുന്നത്.
അപ്പര്‍ കുട്ടനാട്ടിലാണ് നെല്ല് സംഭരണം അധികവും നടക്കാനുള്ളത്. തകഴി പോളേപ്പാടം, ഐവേലിക്കാട്, തലവടി എണ്‍പത്തിയെട്ടില്‍ പാടം, കണ്ടങ്കരി കടമ്പങ്കരി പാടം, കാരിക്കുഴി പുല്ലാരിമംഗലത്താടി, വീയപുരത്തെ വട്ടമാലിപാടം, നിരണത്തെ ഇടയോടി ചെമ്പുപാടം തുടങ്ങി പത്തോളം പാടങ്ങളില്‍ സംഭരണം പൂര്‍ത്തിയാകാനുണ്ട്. ചെന്നിത്തല കൃഷിഭവന്‍പരിധിയില്‍ മാത്രം 500 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. മാന്നാറില്‍ 150 ഹെക്ടറും തലവടി കൃഷിഭവന്‍പരിധിയില്‍ 140 ഹെക്ടറിലെയും കൃഷി നശിച്ചു. രണ്ടുദിവസംകൂടി മഴ തുടരുമെന്നതിനാല്‍ കര്‍ഷകരും ആശങ്കയിലാണ്.
എണ്‍പത്തെട്ടില്‍ പാടവും കണ്ടങ്കരി കടമ്പങ്കരി പാടവും നിരണം, വീയപുരം പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഇടയോടി ചെമ്പുപാടത്തും വിളവെടുപ്പ് കഴിഞ്ഞിട്ടും നെല്ല് സംഭരണം നടന്നില്ല. ഈര്‍പ്പത്തിന്റെ പേരില്‍ 12 കിലോ കിഴിവ് ആവശ്യപ്പെട്ടതാണ് സംഭരണം വൈകുന്നത്. പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ല് വേനല്‍മഴ എത്തിയതോടെ തൊഴിലാളികളെ ഉപയോഗിച്ച് കരയ്ക്കെത്തിച്ച് ഉണക്കുകയാണ് കര്‍ഷകര്‍. കൊയ്ത്ത് നടക്കാനുള്ള പോളേപ്പാടം, ഐവേലിക്കാട്, വട്ടമാലി ഉള്‍പ്പടെ ചെറുതും വലുതുമായ അഞ്ചോളം പാടങ്ങളില്‍ വെള്ളം കെട്ടികിടക്കുകയാണ്.
വേനല്‍മഴ നീണ്ടുനിന്നാല്‍ വിളവെടുപ്പിനെ ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. ജില്ലയില്‍ 85 ശതമാനം നെല്ല് സംഭരണം പൂര്‍ത്തിയായെങ്കിലും നാലായിരത്തോളം ഹെക്ടര്‍ പാടത്തെ സംഭരണമാണ് ഇനി നടക്കാനുള്ളത്. പുഞ്ചക്കൊയ്ത്ത് സുഗമമായി നടക്കുമ്പോഴാണ് നിനച്ചിരിക്കാതെ വേനല്‍മഴ ശക്തിപ്രാപിച്ചത്.
സംഭരണം നടക്കാത്ത പാടങ്ങളില്‍ നെല്ല് ഉണക്കി നല്കാന് ദിവസേന ആയിരക്കണക്കിന് രൂപായാണ് കര്‍ഷകര്‍ ചിലവഴിക്കുന്നത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് നെല്ല് സംഭരണം പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: