മക്കളേ,
സന്തോഷത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സന്ദേശവുമായാണ് ഓരോ വിഷുവും വന്നെത്തുന്നത്. ഭാരതത്തിന്റെ പലഭാഗത്തും വിഷു പുതുവര്‍ഷപ്പിറവിയാണ്. ഭക്തിയും സമൃദ്ധിയും നിറഞ്ഞുതുളുമ്പുന്ന വിഷുക്കണി കണ്ട് നമ്മള് പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. പ്രപഞ്ചത്തിന്റെതന്നെ ഒരു ലഘുചിത്രം നമുക്കു വിഷുക്കണിയില്‍ ദര്‍ശിക്കാം.
കണ്ണന്റെ സുന്ദരചിത്രത്തിനു പുറമെ അറിവിനെ കുറിക്കുന്ന ഗ്രന്ഥവും, ആത്മജ്ഞാനത്തെക്കുറിക്കുന്ന വിളക്കും, സമ്പല്സമൃദ്ധിയെക്കുറിക്കുന്ന ഫലമൂലാദികള്‍, പുതുവസ്ര്തം, സ്വര്‍ണം, നാണയം, അരി, തേങ്ങ, വെറ്റിലപ്പാക്ക്, വാല്‍ക്കണ്ണാടി എല്ലാം അതിലുണ്ട്. അടിസ്ഥാനപരമായി വിഷു ഒരു കാര്‍ഷികോത്സവമാണ്.
വിഷുദിനം പുലരുമ്പോള്‍ ഓരോ വീട്ടിലെയും അമ്മമാരോ, അമ്മൂമ്മമാരോ കുഞ്ഞുങ്ങളുടെയും മറ്റുകുടുംബാംഗങ്ങളുടെയും മുറികളില്ചെന്ന് അവരെ വിളിച്ചുണര്‍ത്തും. അവരുടെ കണ്ണുകള്‍ പൊത്തി അവരെ പൂജാമുറിയിലേക്കു കൂട്ടിക്കൊണ്ടുപോകും. ഭഗവാന്റെ രൂപത്തിനുമുന്നില്‍ അവരെ നിര്‍ത്തിയതിനുശേഷം കണ്ണില്‍നിന്നു കൈകള്‍ മാറ്റും. കുഞ്ഞുങ്ങള്‍ കണ്ണുതുറന്ന് ഭഗവാന്റെ സുന്ദരരൂപവും, സുവര്‍ണ്ണശോഭയില്‍ കുളിച്ചുനില്ക്കുന്ന വിഷുക്കണിയും കാണും. മനസ്സില്‍ ഭക്തിയും ആഹഌദവും നിറയും. അത് ഒരു വര്‍ഷത്തേക്കുള്ള മൂലധനമാണ്. പുതുവര്‍ഷത്തിന്റെ ആദ്യദിവസംതന്നെ ഭഗവാനെയും സമ്പല്‍സമൃദ്ധിയെയും കണികണ്ടാല്‍ വര്‍ഷം മുഴുവന്‍ മംഗളകരമാകും, ഐശ്വര്യപൂര്‍ണമാകും എന്നാണ് സങ്കല്പം.
സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല, ഒന്നുതന്നെയെന്നാണ് സനാതനധര്‍മ്മം പഠിപ്പിക്കുന്നത്. അതുകൊണ്ട് ഈശ്വരസൃഷ്ടിയിലുള്ള ഏതു വസ്തു കാണുമ്പോഴും അവയുടെയെല്ലാം സ്രഷ്ടാവായ ഈശ്വരനെ തന്നെയാണ് നമ്മള് ഓര്‍ക്കേണ്ടത്. എന്നാല്‍ ആ സ്മരണയും ബോധവും ജീവിതത്തില്‍ ഉടനീളം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. ഭഗവാനു മുന്നില്‍ ഒരുക്കിവെച്ചിട്ടുള്ള വിഷുക്കണിയിലെ വസ്തുക്കളോരോന്നും ദൈനംദിനജീവിതത്തില്‍ നമ്മള് ഉപയോഗിക്കുന്നവയാണ്. അവ ഉപയോഗിക്കുമ്പോഴെല്ലാം ഈശ്വരസ്മരണ നമ്മളില്‍ ഉണരണം.
ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. ജന്മനാ അന്ധനായിരുന്ന സൂര്‍ദാസ് ഒരിക്കല്‍ കാല്‍നടയായി വൃന്ദാവനത്തിലേയ്ക്കു പോകുകയായിരുന്നു. വഴിയ്ക്കുവെച്ച് ഒരു ബാലന് സൂര്ദാസിന്റെകൂടെക്കൂടി. അദ്ദേഹത്തിനു വഴികാട്ടിയായി. ആ കുട്ടിയുടെ സംഭാഷണവും തമാശകളും കുസൃതികളും കളികളുമെല്ലാം സൂര്‍ദാസിനെ വല്ലാതെ ആകര്‍ഷിച്ചു. വൃന്ദാവനത്തിന് അടുത്തെത്താറായി. അപ്പോള്‍ സൂര്ദാസില് വെളിപാടുപോലെ ഒരു ബോധമുണര്‍ന്നു. ആ ബാലന് അമ്പാടിക്കണ്ണന്തന്നെ. പെട്ടെന്ന് ആവേശപൂര്‍വം മുന്നോട്ടുകുതിച്ച് ഇരുകൈകള്‍കൊണ്ടും ആ ഭക്തന് കണ്ണനെ വാരിപ്പുണര്‍ന്നു. എന്നാല്‍ കണ്ണന് കൈവിടുവിച്ച് കുതറിയോടി. അപ്പോള്‍ സൂര്‍ദാസ് പറഞ്ഞു, കണ്ണാ, എന്റെ കൈയില്‍നിന്ന് കുതറിയോടാന്‍ നിനക്കു കഴിയുമായിരിക്കും. എന്നാല്‍ എന്റെ ഹൃദയത്തില്‍നിന്ന് ഇറങ്ങിയോടാന്‍ നിനക്കൊരിക്കലുമാവില്ല. സൂര്‍ദാസിന്റെ ആ ഭക്തി കണ്ട് പ്രസന്നനായി കണ്ണന് പറഞ്ഞു, ഞാന്‍ അങ്ങയുടെ കണ്ണുകള്‍ക്കു കാഴ്ച തരാം. അങ്ങനെ സൂര്‍ദാസിന് കാഴ്ച കിട്ടി. കണ്ണന്റെ മനോഹരരൂപം സൂര്‍ദാസ് കണ്‍കുളിര്‍ക്കെ കണ്ടു. പൊടുന്നനെ സൂര്‍ദാസ് പറഞ്ഞു, കണ്ണാ, എന്റെ കാഴ്ചശക്തി തിരിച്ചെടുക്കൂ. അങ്ങയുടെ ഈ സുന്ദരരൂപം കണ്ട കണ്ണുകൊണ്ട് ഇനി മറ്റൊന്നും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സൂര്‍ദാസ് വീണ്ടും അന്ധനായി. എന്നാല്‍ ഉള്‍ക്കണ്ണുകൊണ്ട് സൂര്‍ദാസ് കണ്ണനെത്തന്നെ കണ്ടുകൊണ്ടിരുന്നു. ഈശ്വരനോടു തീവ്രപ്രേമം വരുമ്പോള്‍ ലോകത്തോടു വിമുഖത വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ അവസ്ഥയെയും അതിക്രമിക്കണം. ഈ പ്രകൃതിയില്‍ മുഴുവനും ഈശ്വരനെ ദര്‍ശിച്ച് സ്നേഹിക്കാനും ആരാധിക്കാനും നമുക്കു കഴിയണം. മനുഷ്യന് പ്രകൃതിയോട് അങ്ങനെ വളരെയധികം ഇണങ്ങി ജീവിച്ച ഒരു സംസ്കൃതിയെ വീണ്ടെടുക്കാനുള്ള ആഹ്വാനമാണ് വിഷു.
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെയ്ക്കലാണ് ഓരോ ഉത്സവവും. വിഷു നമുക്കു നല്കുന്ന സന്ദേശവും മറ്റൊന്നല്ല. ആ വിധത്തിലുള്ള ഹൃദയങ്ങളുടെ ചേര്‍ച്ചയില്‍നിന്നാണ് ശരിയായ സൗന്ദര്യം ഉടലെടുക്കുന്നത്. അങ്ങനെ സുന്ദരവും സന്തോഷപൂര്‍ണവുമായ വിഷുവിനെ നമുക്കു സ്വാഗതം ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: