ഷൊര്‍ണൂര്‍: ബൈപാസ് റോഡിലെ വീതി കൂട്ടല്‍ ഒന്നര മാസം പിന്നിട്ടിട്ടും ഒരു കിലോമീറ്റര്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം നാട്ടുകാരും, ഇരുചക്രവാഹനങ്ങളും യാത്രികരും വ്യാപാരികളും മാസങ്ങളായി ദുരിതമനുഭവിക്കുകയാണ്.
എസ്എംപി ജങ്ഷന് മുതല്‍ പൊതുവാള് ജങ്ഷന് വരെയുള്ള ബൈപാസ് റോഡിന്റെ ഇരുവശവത്തും ജെസിബി ഉപയോഗിച്ച് മണ്ണുമാന്തി ക്വാറി വേസ്റ്റ് നിറക്കുന്നത്. ചാലുകീറി ഒന്നരമാസം കഴിഞ്ഞിട്ടും അവ അതേപടി കിടക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡാണിത്. ഇതിനിടെ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണാര്‍ത്ഥം മുഖ്യമന്ത്രി എത്തിയപ്പോള്‍ റോഡിന് സമീപത്തെ വേദിയൊരുക്കുന്നതിനായി കുറച്ചുഭാഗം വേസ്റ്റിട്ട് നികത്തിയിരുന്നു. എന്നാല്‍ അതിനുശേഷം നിര്‍മാണപ്രവൃത്തി ഒരിഞ്ച് പോലും മുന്നോട്ടുനീങ്ങിയിട്ടില്ല.
കുളപ്പുള്ളി – തൃശൂര്‍ റോഡില്‍ നൂറുകണക്കിന് വാഹനങ്ങളാണ് രാപകല്‍ ഭേദമന്യെ ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനാവാതെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് ചാലില്ച്ചാടി അപകടാവസ്ഥയിലാവുന്നുണ്ട്. മഴ പെയ്താല്‍ ഉണ്ടാകുന്ന ദുരിതം ഏറെയാണ്. ചാലിലും മറ്റും ഇരുചക്രവാഹനങ്ങളും തെന്നിവീഴാറുണ്ട്. വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന സാധനങ്ങള്‍ കയറ്റിയിറക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകാറുണ്ടെന്ന് വ്യാപാരികളും ചുമട്ടുകാരും പറയുന്നു.
ചാലിനിപ്പുറത്തു നിര്‍ത്തി സാധനങ്ങള്‍ ഇറക്കേണ്ടിവരുന്നതിനാല് ഉണ്ടാകുന്ന ഗതാഗതസ്തംഭനങ്ങളും ഏറെയാണ്. പാതയുടെ വശങ്ങളിലുള്ള വീട്ടുകാര്‍ക്കും അവരുടെ വാഹനങ്ങള്‍ വളപ്പിനകത്തേക്ക് കയറ്റാന്‍ പറ്റാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: