ചാണ്ഡിഗഡ്: ഹാരി രാജകുമാരനെതിരെ നിയമനടപടി ആവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് മുന്നില്‍ വിചിത്രമായ പരാതി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന ആരോപണമുന്നയിച്ചുള്ള പരാതിയില്‍ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റും ആവശ്യപ്പെട്ടു. പരാതിക്ക് അടിസ്ഥാനമില്ലെന്നും പകല്‍ സ്വപ്നം കാണുന്നയാളുടെ ഭ്രമം മാത്രമെന്നും കോടതി നിരീക്ഷിച്ചു. പല്‍വീന്ദര്‍ സിംഗ് എന്ന അഭിഭാഷകയാണ് കോടതിക്ക് മുന്നിലെത്തിയത്. പ്രത്യേക അഭ്യര്‍ഥന മാനിച്ച് കോടതി നേരിട്ട് വാദം കേള്‍ക്കുകയായിരുന്നു.
ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി. പരിഗണിക്കാനാവാത്ത അടിസ്ഥാനമില്ലാത്ത പരാതിയാണിതെന്നും ഇത്തരം വ്യാജ സംഭാഷണങ്ങള്‍ സത്യമെന്ന് വിശ്വസിക്കുന്ന പരാതിക്കാരിയോട് സഹാനുഭൂതി പ്രകടിപ്പിക്കാനേ കഴിയൂവെന്നും ബഞ്ച് വ്യക്തമാക്കി. വിവാഹം ഇനിയും വൈകരുതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ഹാരി രാജകുമാരനെതിരെ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടത്.
വിവാഹ വാഗ്ദാനം നല്കി ഹാരി രാജകുമാന് അയച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഇ-മെയില്‍ ഉള്‍പ്പെടെ പരാമര്‍ശിക്കുന്ന പരാതി സൂക്ഷ്മതയില്ലാതെയാണ് തയ്യാറാക്കിയതെന്നും കോടതി പറഞ്ഞു. ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐഡികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഹാരി രാജകുമാരന് എന്ന് പറയപ്പെടുന്ന ആള് പഞ്ചാബിലെ ഗ്രാമത്തിലുള്ള സൈബര്‍ കഫേയില്‍ ഇരിക്കുന്നുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് അരവിന്ദ് സിംഗ് സംഗ്വാന് ആണ് ഹര്‍ജി പരിഗണിച്ചത്. യുകെയില്‍ പോയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു പരാതിക്കാരിയുടെ മറുപടി. ഹാരി രാജകുമാരന് വിവാഹതിനാണ്. 2018-ലായിരുന്നു നടി മേഘന് മാര്‍ക്കിളുമായുള്ള വിവാഹം. 2019-ല്‍ മകന് ജനിച്ചു. രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് ഹാരിയും മേഘനും ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: