പത്തനാപുരം: ഒരു വര്‍ഷമായി പട്ടാഴി പന്തപ്ലാവ് സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒരു അധ്യാപകര്‍ പോലുമില്ല. 46-ലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണന്ന് സര്‍ക്കാര്‍ പറയുമ്പോഴാണ് പട്ടാഴി പന്തപ്ലാവ് ഗവ ന്യൂ എല്‍പി സ്കൂളിന് ഈ ദുരവസ്ഥ. പട്ടാഴി പഞ്ചായത്തിലെ മൈലാടുംപാറ വാര്‍ഡിലാണ് വിദ്യാലയം സ്ഥിതിചെയുന്നത്.
ഒന്നര വര്‍ഷം മുമ്പ് പ്രഥമാധ്യാപകനും മൂന്ന് താല്‍ക്കാലിക അധ്യാപകരും ഇവിടെയുണ്ടായിരുന്നു. എന്നാല്‍ പ്രഥമ അധ്യാപകന് സ്കൂള്‍ പിറ്റിഎ അധികൃതരോട് പോലും പറയാതെ സ്ഥലംമാറി പോവുകയാണ് ഉണ്ടായത്. കൊറോണക്കാലത്ത് ഓണ്‍ലൈന്‍ പഠനം മറ്റ് വിദ്യാലങ്ങളില്‍ മികച്ച രീതിയില്‍ നടക്കുമ്പോഴും പന്തപ്ലാവ് സ്കൂളിലെ കുട്ടികള്‍ക്കത് അന്യമായിരുന്നു. ആവശ്യമായ നോട്ടുകള്‍ അയച്ച് കൊടുക്കാനോ കുട്ടികളുടെ കാര്യങ്ങള്‍ തിരക്കാനോപോലും ആളില്ലാത്ത ദയനീയ അവസ്ഥ.
രക്ഷിതാക്കള്‍ നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. കുളക്കട വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. അധ്യാപകരെ നിയമിച്ച് വിദ്യാര്‍ഥികളുടെ പഠന അവകാശം ഉറപ്പുവരുത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: