ലൗകികജീവിതത്തില്‍ നിന്നും മനസ്സിനെയും ശരീരത്തെയും പൂര്‍ണമായും ഈശ്വര സാക്ഷാത്ക്കാരത്തിനായി സമര്‍പ്പിക്കുന്ന വ്രതമാണ് ഏകാദശി. മാസത്തില്‍ ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും ഓരോ ഏകാദശിയുണ്ട്.
ശുക്ലപക്ഷത്തിലെ ഏകാദശി പാപശാന്തിക്കായി വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്തുന്നതിനും കൃഷ്ണപക്ഷത്തിലേത് പിതൃകര്‍മങ്ങള്‍ക്കും പ്രാധാന്യമുള്ളതാണ്.
തിഥികളില്‍ പ്രതിപദം കഴിഞ്ഞ് പതിനൊന്നാമത്തേതാണ്ഏകാദശി. വിഷ്ണുപ്രീതിക്ക് ഏകാശദി നാളിനു മുമ്പ് ദശമിയില്‍ വ്രതാനുഷ്ഠാനം തുടങ്ങണം. ഭക്ഷണം ഒരു നേരം മാത്രം. കിടക്കുന്നത് വെറും തറയിലാവണം. ഏകാദശിക്ക് പൂര്‍ണ ഉപാവാസം അനുഷ്ഠിക്കണം. രാവിലെ കുളിച്ച് വിഷ്ണുക്ഷേത്രദര്‍ശനം നടത്തുന്നത് ശ്രേഷ്ഠമാണ്. വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം എന്നീ അര്‍ച്ചനകള്‍ നടത്തുന്നതും നല്ലതാണ്.
ഏകാദശി നാളില്‍ വെളുത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക. അന്ന് ഊണുറക്കങ്ങള്‍ പൂര്‍ണമായും വര്‍ജിക്കേണ്ടതാണ്. കുടിക്കാനെടുക്കേണ്ടത് തുളസീതീര്‍ഥം.
ഏകാദശിയുടെ അവസാന പാദവും ദ്വാദശിയുടെ ആദ്യപാദവും ഉള്‍പ്പെടുന്ന മുപ്പതു നാഴികയാണ് ഹരിവരാസരം. ഈ സമയത്ത് വെള്ളം കുടിക്കുന്നതു പോലും നിഷിദ്ധമാണ്. ഏകാദശിക്ക് പിറ്റേന്ന് ദ്വാദശിയില്‍ രാവിലെ കുളികഴിഞ്ഞ് വിഷ്ണു പൂജ ചെയ്യുക. അതിനു ശേഷം പാരണ സേവിക്കണം. തുളസീദളമിട്ട വെള്ളവും ഒരു നുള്ള് ചന്ദനവും അല്പം ഉണക്കല്ലരി ചേര്‍ത്ത് ഭഗവാനെ ധ്യാനിച്ച് കഴിക്കുന്നതിനെയാണ് പാരണയെന്നതു കൊണ്ട് അര്‍ഥമാക്കുന്നത്. വ്രതം അവസാനിപ്പിക്കുന്നതിന്റെ പ്രതീകമായാണ് പാരണ സേവിക്കുന്നത്. തുടര്‍ന്ന് പതിവു ഭക്ഷണം ഏതെങ്കിലും കഴിക്കാം. ആ ദിവസം പിന്നീട് ഭക്ഷണം കഴിക്കരുതെന്നാണ് ചിട്ട.
ഏകാദശിയിലെ പൂര്‍ണ ഉപവാസം എല്ലാവര്ക്കും സാധ്യമല്ല. അങ്ങനെ വരുമ്പോള്‍ ഒരു നേരം പഴങ്ങള്‍ കഴിക്കാവുന്നതാണ്. അരിയാഹാരം തീര്‍ത്തും വര്‍ജിക്കണം.
ഏകാദശി നാളില്‍ തുളസിച്ചെടി നനച്ച് പരിപാലിക്കുന്നതും തുളസിത്തറ പ്രദക്ഷിണം വയ്ക്കുന്നതും ഗുണകരമാണ്. തുളസിയില കൊണ്ട് ഭഗവാന് അര്‍ച്ചന നടത്തിയാല്‍ പാപങ്ങളൊന്നും സ്പര്‍ശിക്കില്ലെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: