നാലും കൂടിച്ചേരുന്ന കവലകളില്‍ അല്പനേരം നിന്ന് യാത്രികരെ വീക്ഷിക്കുക. നമ്മളെ കടന്നു പോകുന്ന നാലോ അഞ്ചോ മുഖങ്ങളില്‍ മാത്രമാണു ചിരിയും സന്തോഷവും കാണാനാവുക. മറ്റുള്ളവര്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു പോയി എന്ന മുഖഭാവവുമായി നടന്നു പോവുകയാണ്.
കുട്ടിക്കാലത്തൊരു ചിത്രശലഭത്തെ പിടിച്ചപ്പോള്‍, അതിന്റെ നിറങ്ങള്‍ കൈയില്‍ ഒട്ടിപ്പിടിച്ചപ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ സന്തോഷം അതാണെന്നു നിങ്ങളില്‍ ചിലരെങ്കിലും വിചാരിച്ചിരിക്കില്ലേ?
അന്നു കുഞ്ഞായിരുന്ന നിങ്ങളുടെ പൊക്കം എത്രയായിരുന്നു? ഇപ്പോള്‍ എത്രയാണ്? അങ്ങനെയെങ്കില്‍ സന്തോഷവും വളര്‍ച്ചയ്ക്ക് അനുസൃതമായി വളര്‍ന്നു വരേണ്ടതായിരുന്നില്ലേ? നിഷ്കളങ്ക ബാല്യത്തില്‍ സന്തോഷമല്ലാതെ ഒന്നും നിങ്ങള്‍ അനുഭവിച്ചിട്ടില്ല.
പിന്നീട് സന്തോഷവാനായിരിക്കാന്‍ പല കാര്യങ്ങളും നിങ്ങള്‍ തേടിനടന്ന് കണ്ടെത്തി ശേഖരിച്ചു. ഉന്നത വിദ്യാഭ്യാസം, സ്വന്തം വീട്, കമ്പ്യൂട്ടര്‍, ബൈക്ക്, കാറ്, ക്രെഡിറ്റ് കാര്‍ഡ്, ടിവി, ഡിവിഡി, സെല്‍ഫോണ്‍ തുടങ്ങി അവരവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സൗകര്യങ്ങള്‍ പലതും സ്വന്തമാക്കി. നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ചിരുന്ന, ലോകത്തെ മുഴുവന്‍ കീഴ്പ്പെടുത്തി എന്നഭിമാനിച്ചിരുന്ന ചക്രവര്‍ത്തിമാര്‍ക്കു പോലും ഇത്രയും സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. സന്തോഷത്തിനായി ജീവിതത്തില്‍ ഇത്രത്തോളം ഓടിനടന്ന നിങ്ങള്‍ ഒടുവില്‍ സന്തോഷം കൈവിട്ടു പോയെന്ന് വിലപിക്കുന്നതായി കാണാം. എവിടെപ്പോയി നിങ്ങളുടെ സന്തോഷം? ഒരു കഥയിലൂടെ അത് വിശദീകരിക്കാം.
ലക്ഷ്യമറിയാത്ത യാത്ര
ഒരിക്കല്‍ അളവില്‍ കവിഞ്ഞു മദ്യപിച്ച ശേഷം ശങ്കരന്‍പിള്ള ബസ് സ്റ്റോപ്പില്‍ പോയിനിന്നു. അല്പ നേരം കഴിഞ്ഞ് ഒരു ബസ് വന്നു. ബസ്സില്‍ ഭയങ്കര തിരക്കായിരുന്നു. ശങ്കരന്‍പിള്ള വളരെ ബുദ്ധിമുട്ടി ബസ്സിനകത്തു കയറിപ്പറ്റി. പത്തു പതിനഞ്ചു പേരെ ചവിട്ടി, നാലഞ്ചുപേരെ കൈമുട്ടു കൊണ്ടു തള്ളിനീക്കി ഉള്ളിലേക്ക് കടന്നു ചെന്നു.
ഒരു വൃദ്ധയുടെ സമീപം ഇരുന്നിരുന്ന യാത്രക്കാരന് എണീക്കുന്നതു കണ്ടപ്പോള്‍ ശങ്കരന്‍പിള്ള യാത്രക്കാരെ ഇടിച്ചും തള്ളിയും മാറ്റിയിട്ടു വഴിയുണ്ടാക്കി സീറ്റിലേക്കെത്താന്‍ ശ്രമിച്ചു. മറ്റു യാത്രക്കാര്‍ മുഖം ചുളിച്ചു കൊണ്ടു വഴി മാറിക്കൊടുത്തു. ശങ്കരന്‍പിള്ള അഭിമാനത്തോടു കൂടി സീറ്റില്‍ ചെന്നിരുന്നു. ഇരുപുറം നോക്കാതെ ഇരുന്നതു കാരണം അടുത്തിരുന്ന വൃദ്ധയുടെ ശരീരത്തിലേക്കു ചാഞ്ഞു പോയി. അപ്പോള്‍ വൃദ്ധ മടിയില്‍ വച്ചിരുന്ന പഴക്കൂട താഴെ വീണുരുണ്ടു.
ക്രൂദ്ധയായി ശങ്കരന്‍പിള്ളയെ നോക്കി വൃദ്ധ, ‘നീ നരകത്തിലേക്ക് തന്നെ പോകും.’ എന്നു ശപിച്ചു. ശങ്കരന്‍പിള്ള ചാടിയെണീറ്റ്, ‘വണ്ടി നിര്‍ത്തൂ, വണ്ടി നിര്‍ത്തൂ, എനിക്കു പോകാനുള്ളതു ഗാന്ധിനഗറിലേക്കാണ്. ഞാന്‍ വണ്ടി മാറി കയറിപ്പോയി’ എന്നുറക്കെ വിളിച്ചു പറഞ്ഞു.
പ്രകൃതിയെന്ന ശിക്ഷകന്
നിങ്ങളില്‍ പലരും ഇതു പോലെ ഏതു ‘ബസ്സില്‍’ കയറി എന്നതു പോലും അറിയാതെ കയറിയിറങ്ങി അസ്വസ്ഥരായിരിക്കുന്നു. ആഗ്രഹിച്ചതു ലഭിക്കാതെ പോയാല്‍ ദുഃഖിക്കുന്നതു വിഡ്ഢിത്തമാണ്. ആഗ്രഹിച്ചതു ലഭിച്ചാലും നിങ്ങള്‍ക്കതു പൂര്‍ണമായും ആസ്വദിച്ചു സന്തോഷത്തോടെയിരിക്കാന്‍ കഴിയുന്നില്ല. അതിനായി പ്രകൃതിയില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്.
തെങ്ങുകളെ ശ്രദ്ധിക്കൂ, പറമ്പില്‍ അവ നീണ്ടു വളര്‍ന്നു നില്ക്കുന്നു. മധുര വെള്ളമുള്ള നാളികേരങ്ങള്‍ നല്കിക്കൊണ്ടേയിരിക്കുന്നു. മറ്റു വൃക്ഷങ്ങളെ മുറിച്ചു കളയുമ്പോഴും തെങ്ങുകള്‍ മുറിക്കാന്‍ നിങ്ങള്‍ക്കു മനസ്സുണ്ടാവില്ല. അവയെ സംരക്ഷിക്കുന്നു. നിങ്ങള്‍ സംരക്ഷിക്കും എന്നു പ്രതീക്ഷിച്ചാണോ തെങ്ങ് നാളികേരങ്ങള്‍ ചുമന്നു നില്‍ക്കുന്നത്? അതിന്റെ സ്വാഭാവിക ഘടന എന്താണോ അതനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്.
എന്നാല്‍ നിങ്ങളോ?
എതിര്‍ദിശയിലേക്കുള്ള തുഴച്ചില്‍
ധനികനാകണം. ഇതു പോലെ ഒരു മാളിക, അതു പോലെ ഒരു കാറ്, അയാളുടേതു പോലെ ഒരു ജീവിതം, ഇയാളുടേതു പോലെ അന്തസ്സ്…. എന്നിങ്ങനെ തനിക്ക് വേണ്ടത് എന്തെന്ന് ആദ്യമേ തീരുമാനിക്കുന്നു. അതു പ്രതീക്ഷിച്ചു പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ക്കത് നല്ലതായിരിക്കുമോ എന്നു പോലും നോക്കാതെ, അതാണു ശരി എന്നു വരുത്തിത്തീര്‍ക്കുന്നു. ഇങ്ങനെ അന്യരെ നോക്കി ജീവിതത്തെ രൂപപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ജീവിതം നരകതുല്യമാവും.
അതെ, നിങ്ങളുടെ സ്വത്വത്തെ മനസ്സിലാക്കാതെ എതിര്‍ദിശയില്‍ തുഴയുന്നതാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണം. അല്ലാതെ അടിസ്ഥാനപരമായ ആഗ്രഹങ്ങള്‍ ഒരു കുറ്റമല്ല. നമ്മുടെ സ്വത്വം എന്താണ്? അതു നിങ്ങള്‍ എങ്ങനെ മനസ്സിലാക്കുന്നു? സന്തോഷമില്ലാതെ ജീവിതം പിന്നിടുന്നതില്‍ പരം വലിയൊരു വേദന വേറൊന്നില്ലെന്ന് അറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: