കൊല്‍ക്കത്ത: മതപരമായ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കടുത്ത നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. മമതയുടെ പ്രചാരണത്തിനു 24 മണിക്കൂര്‍ കമ്മീഷന് വിലക്കേര്‍പ്പെടുത്തി. ഇന്ന് രാത്രി എട്ടു മുതല്‍ നാളെ രാത്രി എട്ടു വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് ഒരു വിധത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിലും മമത പങ്കെടുക്കരുതെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സാമുദായിക-മത വികാരങ്ങള്‍ ചൂഷണം ചെയ്ത് മമത പ്രചാരണം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മമതയെ സംസ്ഥാനത്ത് അശാന്തിയുണ്ടാക്കുന്നുവെന്നും ജാതി-മത-സമുദായിക വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രസ്താവനയിലൂടെ മമതയുടെ സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിച്ചു. ഇതിനെതിരെ കമ്മീഷന് ആവശ്യപ്പെട്ട വിശദീകരണത്തിന് തൃപ്തികരമല്ലാത്ത മറുപടിയാണ് മമത നല്‍കിയത്. കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന മമതയുടെ പ്രസ്താവനയും വിലക്കിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: