മലമ്പുഴ: തെക്കേമലമ്പുഴയില്‍ ജലസേചനവകുപ്പിന്റെ സ്ഥലത്ത് നടക്കുന്ന സിനിമാ ചിത്രീകരണത്തിന്റെ സെറ്റ് നിര്‍മാണം നിര്‍ത്തിവെക്കുന്നു. 15ന് സൂപ്രണ്ടിങ് എഞ്ചിനീയറും എക്‌സി.എഞ്ചിനീയറും സ്ഥലപരിശോധന നടത്തിയതിനു ശേഷം മാത്രമെ തുടര്‍ന്നുള്ള പ്രവൃത്തിക്ക് അനുമതി നല്‍കുകയുള്ളൂ.
മലമ്പുഴ ഡാമിനകത്ത് നിയമം ലംഘിച്ച് അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് കാണിച്ച് ജലസേചന മന്ത്രിക്കും കളക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട് നഗരസഭ, എട്ട് പഞ്ചായത്ത് എന്നിവയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിക്കുവാനായി ഉപയോഗിക്കുന്ന മലമ്പുഴ ഡാമിലെ വെള്ളമാണ് മലിനമാക്കി മാറ്റുന്നതെന്ന് പരാതി. ജലം മലിനാമാകാതിരിക്കാന്‍ ഒരുകോടി 80 ലക്ഷം രൂപ ചെലവഴിച്ച് മൃഗങ്ങള്‍ പോലും ഡാമികത്ത് ഇറങ്ങാതിരിക്കുവാന്‍ ഡാമിന് ചുറ്റും കമ്പിവേലി കെട്ടിയിട്ടുണ്ട്. എന്നിട്ടും ചില ഉദ്യോഗസ്ഥരുടെ താത്പര്യം മൂലമാണ് സിനിമാ നിര്‍മാതാക്കള്‍ക്കായി ഡാം പരിസരം വിട്ടുകൊടുത്തിരിക്കുന്നതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകനായ റെയ്മന്റ് ആന്റണിയാണ് നല്‍കിയത്. വിനയന്‍ സംവിധാനം ചെയ്യുന്ന ’19-ാം നൂറ്റാണ്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് കപ്പലിന്റെ രൂപം മരവും പ്ലൈവുഡും കൊണ്ട് നിര്‍മിക്കുന്നത്. സിനിമാ ചിത്രീകരണത്തിന്റെ മാനദണ്ഡം പാലിച്ചാണ് അനുമതി വാങ്ങിയിട്ടുള്ളതെന്നാണ് പറയുന്നത്.
നാലുദിവസത്തെ ചിത്രീകരണത്തിനായാണ് അനുമതി. ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തെ തടസ്സപ്പെടുത്തുന്നതിനുള്ള നടപടി എടുത്തിട്ടില്ലെന്നും കുടിവെള്ളം മലിനമാക്കിയിട്ടില്ലെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. മാത്രമല്ല, ചിത്രീകരണത്തിന് ശേഷം സാധനങ്ങളെല്ലാം കൊണ്ടുപോകാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.
ഡാമിനകത്ത് വാഹനങ്ങളും മറ്റും കൊണ്ടുപോകുന്നതിനായി പാതയൊരുക്കിയിട്ടുണ്ടെന്നും 36 ഓളം ലോഡ് അസംസ്‌കൃത വസ്തുകള്‍ ഇതിലൂടെയാണ് കൊണ്ടുവന്നിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു. മാത്രമല്ല, പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞിരിക്കുകയാണ്. അതിനാല്‍ ഡാമിനകത്തുള്ള ഈ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാണ് ബന്ധപ്പെട്ടവര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: