ആലപ്പുഴ: കനത്ത മഴയില്‍ നിരവധി പാടത്തെ നെല്ല് വെള്ളത്തില്‍ മുങ്ങി. യുവജന സംഘടനയുടെ കൂട്ടായ്മയില്‍ തരിശുനിലം കൃഷിയോഗ്യമാക്കി കൈ കൊയ്‌ത്തില്‍ വിളവെടുത്ത നെല്ല് മുട്ടോളം വെള്ളത്തില്‍. തലവടി കൃഷിഭവന്‍ പരിധിയില്‍പ്പെട്ട ആനപ്രമ്പാല്‍ കണ്ടങ്കരി കടമ്പങ്കരി തെക്ക് പാടത്ത് കൈ കൊയ്‌ത്തില്‍ വിളവെടുത്ത നെല്ലാണ് മഴവെള്ളത്തില്‍ മുങ്ങിയത്. ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ പേമാരിയില്‍ പാടത്ത് മുട്ടോളം മഴവെള്ളം ഉയര്‍ന്നു.
കൊയ്‌ത്ത് യന്ത്രത്തിന്റെ അഭാവത്തില്‍ തൊഴിലാളിളെ ഉപയോഗിച്ച് കൈ കൊയ്‌ത്തിലൂടെ നടത്തിയ കറ്റ പാടത്ത് കൂട്ടിയിട്ടിരിക്കുകയായിരുന്നു. തലവടി പുതുമ പരസ്പര സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഇരുപതോളം യുവാക്കളാണ് കൃഷി ചെയ്യുന്നത്. പതിറ്റാണ്ടുകളോളം തരിശായി കിടന്ന പാടത്ത് ആയിരങ്ങള്‍ ചിലവഴിച്ചാണ് കൃഷിക്ക് സജ്ജമാക്കിയത്. പാടത്തെ വെള്ളം വറ്റിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡീസല്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് കൃഷി ആരംഭിച്ചത്. കൃഷിയെ സ്നേഹിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ സ്വപ്നത്തിന് മേല്‍ കരിനിഴല്‍ വീഴ്‌ത്തിയാണ് കൊയ്തിട്ട നെല്ല് വെള്ളത്തില്‍ മുങ്ങിയത്. നെല്ല് റോഡില്‍ എത്തിച്ച് യന്ത്രസഹായത്തോടെ വിളവെടുപ്പ് നടത്തിയാലും വന്‍നഷ്ടം നേരിടാന്‍ സാധ്യതയുണ്ടെന്ന് സംഘം പ്രസിഡന്റ് എസ്. അരവിന്ദനും, സെക്രറി കെ.ടി നന്ദകുമാറും പറഞ്ഞു.
തലവടി കൃഷിഭവനിലെ ചൂട്ടുമാലി പാടത്തെ നെല്ല് വെള്ളത്തില്‍ മുങ്ങി. 110 ഏക്കര്‍ വിസ്ത്രിതിയുള്ള പാടം ഇന്ന് കൊയ്യാനിരിക്കെയാണ് വെള്ളത്തിലായത്. വെള്ളം പമ്പ് ചെയ്ത് വറ്റിച്ചാല്‍ മാത്രമേ വിളവെടുപ്പ് നടത്താന്‍ കഴിയൂ. തലവടി എണ്‍പത്തിയെട്ടാം പാടവും വെള്ളത്തില്‍ മുങ്ങി. വിളവെടുത്ത നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വെള്ളത്തില്‍ മുങ്ങിയ സ്ഥലത്തെ നെല്ല് തൊഴിലാളികളെ ഉപയോഗിച്ച് കര്‍ഷകര്‍ വാരിമാറ്റുന്നുണ്ട്. ഈര്‍പ്പത്തിന്റെ പേരില്‍ 12 കിലോവരെ കുറയ്‌ക്കുമ്പോഴാണ് നിനച്ചിരിക്കാതെ നെല്ല് വെള്ളത്തിലായത്. എടത്വാ കൃഷിഭവന്‍ പരിധിയില്‍ വരുന്ന വട്ടമാലി തെക്ക് പാടശേഖരത്തെ കൃഷിയും വെള്ളത്തില്‍ മുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: