ജമ്മു: പാംപോര്‍, സോപ്പോര്‍, ഷോപ്പിയാന്‍ എന്നിവടങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ മുസ്ലിം പള്ളികള്‍ ദുരുപയോഗം ചെയ്തുവെന്ന് കാശ്മീര്‍ പൊലീസ് ഐജി വിജയ് കുമാര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂണ്‍ 19ന് പാംപോറിലും ജൂലൈ ഒന്നിന് സോപോറിലും ഈ വര്‍ഷം ഏപ്രില്‍ ഒന്‍പതിന് ഷോപ്പിയാനിലും നടത്തിയ ആക്രമണങ്ങള്‍ക്കുവേണ്ടിയാണ് പള്ളികള്‍ ദുരുപയോഗം ചെയ്തത്.
‘2020 ജൂണ്‍ 19ന് പാംപോര്‍, 2020 ജൂലൈ ഒന്നിന് സോപോര്‍, 2021 എപ്രില്‍ ഒന്‍പതിന് ഷോപ്പിയാന്‍ എന്നിവടങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ മുസ്ലിം പള്ളികള്‍ ദുരുപയോഗം ചെയ്തു. പൊതുജനം, മസ്ജിദ് ഇന്‍തിസാമിയ, പൗരസമൂഹങ്ങള്‍ മാധ്യമങ്ങള്‍ എന്നിവര്‍ ഇത്തരം പ്രവൃത്തികളെ അപലപിക്കണം.’-അദ്ദേഹം പറഞ്ഞു. ഏപ്രില്‍ ഒന്‍പതിന് ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
പള്ളിയിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം പാംപോറിലുണ്ടായ ഏറ്റുമുട്ടലില്‍ ജാമിയ മുസ്ലിം പള്ളിയില്‍ അഭയം തേടിയ മൂന്ന് ഭീകരരെ വധിച്ചു. ജൂലൈ ഒന്നിന് സോപോറിൽ ഭീകരര്‍ മസ്ജിദില്‍നിന്ന് സിപിആര്‍പിഎഫിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ജവാനും ഗ്രാമീണനും കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: