ന്യൂദല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തിയില്‍ സേനാ സന്നാഹം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള പതിനേഴാം പര്‍വത പ്രഹര കോറിലേക്ക് 10,000 സേനംഗങ്ങളെകൂടി ഉള്‍പ്പെടുത്താന്‍ കരസേന നടപടി തുടങ്ങി. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ ഡപ്സാംഗ് താഴ്വരയില്‍നിന്ന് പിന്മാറാന് ചൈനീസ് സേന തയ്യാറാകാത്ത സാഹചര്യത്തിലാണിത്. പതിനായിരം അംഗങ്ങളടങ്ങുന്ന സേനാ ഡിവിഷനെ പശ്ചിമബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള കോറിന്റെ ഭാഗമാക്കും.
തുടര്‍ന്ന് സേനാ സംഘം അതിര്‍ത്തിയിലെ സംഘര്‍ഷമേഖലകളിലേക്ക് നീങ്ങും. നിലവില്‍ ചൈന കടന്നുകയറ്റത്തിന് ശ്രമിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനൊപ്പം ആക്രമണ സ്വഭാവവുമുള്ള സംഘം വേണമെന്ന് സേന വിലയിരുത്തുന്നു. അതിര്‍ത്തിയില്‍ ആക്രമണ ലക്ഷ്യത്തോടെ നിലയുറപ്പിക്കുന്ന സേനാ സംഘമായ പ്രഹരകോറിന്റെ ഭാഗമായി നിലവില്‍ ഒരു ഡിവിഷന് മാത്രമാണുള്ളത്. ഡെപ്സാംഗില്നിന്ന് ഉടനടി പിന്മാറാന് ഒരുക്കമല്ലെന്നാണ് ചൈനയുടെ നിലപാടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓള്‍ഡി(ഡിബിഒ) മേഖല ഡപ്സാംഗിലാണെന്നതാണ് ഇതിന് കാരണം. സേനംഗങ്ങള്‍, ടാങ്കുകള്‍ അടക്കമുള്ള സന്നാഹങ്ങള്‍ അതിര്‍ത്തിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായ ഡിബിഒ താവളത്തിനുമേല് ഭീഷണിയുയര്‍ത്തി ഇന്ത്യയെ സമ്മര്‍ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. കഴിഞ്ഞദിവസം പതിനൊന്നാം വട്ട സേനാതല ചര്‍ച്ച നടന്നുവെങ്കിലും ഡെപ്സാംഗില്നിന്നുള്ള പിന്മാറ്റത്തിന്റെ കാര്യത്തില്‍ ചൈന അനുകൂല നിലപാടല്ല സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: