മൂലമറ്റം: കനാലില്‍ വീണുള്ള അപകടം ഒഴിവാക്കാന്‍ കെഎസ്ഇബി പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ കനാലും പരിസരവും സന്ദര്‍ശിച്ചു.
സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൊതു ജനങ്ങളില്‍ നിന്ന്ആരാഞ്ഞു. കനാലില്‍ ഇറങ്ങുന്നവര്‍ക്കുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൂലമറ്റത്തെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പരിശോധന നടത്തിയത്. എന്നാല്‍ കനാലില്‍ കുളിക്കാനോ മാറ്റവശ്യങ്ങള്ക്കോ ഇറങ്ങാന്‍ നിയമപരമായി ആരെയും അനുവദിക്കാന്‍ കഴില്ലെന്നും അത് വൈദ്യുത നിലയത്തിന് തന്നെ സുരക്ഷാഭീഷണിയുണ്ടാക്കുമെന്നുമാണ് കെഎസ്ഇബി അധികൃതരുടെ നിലപാട്.
കനാലിനിരുവശവും സുരക്ഷാ വേലികെട്ടുന്നതും തൂക്കുപാലങ്ങള്‍ തീര്‍ത്ത് ഇരുകരകളെയും ബന്ധിപ്പിക്കുന്നതും പാര്‍ക്ക്, നടപ്പാത ഉള്‍പ്പെടെ പണിയുകയും പ്രവേശന പാസ് ഏര്‍പ്പെടുത്തുകയും സുരക്ഷാ ജീവനക്കാരെ നിയമക്കുകയും മാത്രമാണ് ശാശ്വത പരിഹാരം.
ഈ പദ്ധതി നടപ്പാക്കാന്‍ വൈദ്യുതവകുപ്പിന് തുടക്കത്തില്‍ വന്‍തുക ഇതിനായി ചിലവഴിക്കേണ്ടി വരുമെന്നതാണ് പ്രശ്നം. താല്‍ക്കാലികമായി വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്നതും കനാലില്‍ വടം കെട്ടിയുടുന്നതുമുള്പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ വന്നെങ്കിലും. ഇവ നടപ്പാക്കിയാല്‍ കൂടുതല്‍ പേര് കനാലില്‍ ഇറങ്ങാന്‍ ഇടയാക്കുമെന്നും ഇത് അപകടങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമാകുമെന്നുമുള്ള വിലയിരുത്തലിലാണ് കെഎസ്ഇബി.
കനാല്‍ സംരക്ഷണത്തിനായി കെഎസ്ഇബിക്കൊപ്പം പഞ്ചായത്തും വിനോദ സഞ്ചാര വകുപ്പും മുന്‍കൈ എടുക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം. ജനപ്രതിനിധികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ കനാല്‍ സംരക്ഷണ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: