കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തുമ്പോള്‍ രാഷ്ട്രീയവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിതല്‍കുച്ചി സംഭവം ഒഴിച്ചാല്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കും. നാദിയയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ച പ്രസംഗത്തിന്റെ പേരില്‍ മമത ബാനര്‍ജി ബംഗാളിലെ ജനങ്ങളോട് മാപ്പുപറയണമെന്നും ഷാ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അഞ്ചു പേര് മരിച്ചെങ്കിലും നാലു പേരുടെ മരണത്തില്‍ മാത്രമാണ് മമത അനുശോചിച്ചത്. അഞ്ചാമതായി കൊല്ലപ്പെട്ട ആനന്ദ് ബര്‍മ്മന്റെ മരണത്തില്‍ ഒരു തുള്ളി കണ്ണീര് പോലും മമത ഒഴുക്കിയില്ല. കാരണം ആനന്ദ് ബര്മ്മന് രാജ്വന്ഷി സമുദായത്തില്‍ നിന്നുള്ളയാളായതിനാലാണിത്. പ്രീണന രാഷ്ട്രീയമാണ് മമത പയറ്റുന്നത്. ഇത്തരത്തിലുള്ള പ്രീണന രാഷ്ട്രീയം ബംഗാളിന്റെ സംസ്കാരത്തിന് ചേര്‍ന്നതല്ലായെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
കുച്ച്ബീഹാര്‍ ജില്ലയിലെ സിതല്‍കുച്ചിയില്‍ പോളിങ് ബൂത്തിന് പുറത്തുവച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ആനന്ദ് ബര്മ്മന് മരിച്ചത്. സിതല്കുച്ചിയിലെ പത്താന്‍തുളി ബൂത്തിലെ ബിജെപി ഏജന്റായിരുന്നു ബര്മ്മന്.
ശാന്തിപൂര്‍ മേഖലയില്‍ ഇന്നലെ അമിത് ഷാ നടത്തിയ റോഡ് ഷോയില്‍ വന്‍ജനാവലിയാണ് സാക്ഷ്യം വഹിച്ചത്. ബിജെപി പതാകകളുമായി ആയിരങ്ങളാണ് അണിനിരന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: