ന്യൂദല്‍ഹി: മുകേഷ് അംബാനിയുടെ വീടിന് മുമ്പില്‍ ബോംബ് നിറച്ച വാഹനം കൊണ്ടുവന്നിട്ട കേസില്‍ എന്‍ ഐഎ സച്ചിന്‍ വാസെയുടെ സഹായിയായ റിയാസുദ്ദീന്‍ കാസിയെ അറസ്റ്റ് ചെയ്തു. തെളിവുകള്‍ നശിപ്പിച്ചു എന്ന കുറ്റമാരോപിച്ചാണ് റിയാസുദ്ദീന്‍ കാസിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുന്ന റിയാസുദ്ദീന്‍ കാസിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ ഐഎ വാദിക്കും. അംബാനിയുടെ വീടിന് മുന്നില്‍ കൊണ്ടുവന്ന ബോംബ് നിറച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ചിരുന്നു. ഈ നമ്പര്‍ പ്ലേറ്റ് വാങ്ങിയ വിക്രോളി ഏരിയയിലെ ഗാരേജിലേക്ക് കാസി പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ തെളിവ് നശിപ്പിക്കാന്‍ ഇവിടുത്തെ ഡിവിആര്‍ (വീഡിയോ റെക്കോര്‍ഡര്‍) പിന്നീട് സച്ചിന്‍ വാസെയുടെ സഹായത്തോടെ കാസി നശിപ്പിച്ചു.
അതുപോലെ സച്ചിന്‍ വാസെ താമസിച്ചിരുന്ന താനെയിലെ സാകേത് റസിഡന്‍ഷ്യല്‍ സൊസൈറ്റി കേന്ദ്രീകരിച്ചും ഇരുവരും ഒട്ടേറെ ഗൂഢനീക്കങ്ങള്‍ നടത്തിയിരുന്നു. മോഷ്ടിച്ച ചില വാഹനങ്ങള്‍ ഇവിടെ കൊണ്ടുവന്നിരുന്നു. ഈ വാഹനങ്ങളാണ് പല കുറ്റക്യത്യങ്ങള്‍ക്കും പിന്നീട് ഉപയോഗിച്ചത്. ഇതില്‍ ഒരു വാഹനമാണ് ബോംബ് നിറച്ച് അംബാനിയുടെ വീടിന് മുന്നില്‍ കൊണ്ട് പാര്‍ക്ക് ചെയ്തത്. ഇത് മറയ്‌ക്കാന്‍ വേണ്ടി സാകേത് റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ നീക്കം ചെയ്യാന്‍ കത്ത് നല്‍കിയത് കാസിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ പിന്നീട് ആ ഡിവിആര്‍ എടുത്തു മാറ്റി നശിപ്പിച്ചു.
ബോംബ് ഭീഷണി ആസൂത്രണത്തിലും നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കുന്നതിലും കാസി നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. സച്ചിന്‍ വാസെയെ എന്‍ ഐഎ കോടതി ഏപ്രില്‍ 23 വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സച്ചിന്‍ വാസെ മറ്റൊരു വലിയ ഗൂഡപദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെയാണ് മാര്‍ച്ച് 13ന് പൊലീസ് വലയില്‍ കുടുങ്ങിയത്.
മറ്റൊരു സീനിയര്‍ പൊലീസ് ഓഫീസര്‍ പ്രദീപ് ശര്‍മ്മയും സച്ചിന്‍ വാസെയെ ക്രിമിനല്‍ ഗൂഡാലോചനയില്‍ സഹായിച്ചതായി പറയുന്നു. 2019ലെ മഹാരാഷ്‌ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ ശിവസേന ടിക്കറ്റില്‍ മത്സരിച്ച വ്യക്തിയാണ് പ്രദീപ് ശര്‍മ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: