അടിമാലി: പീച്ചാട്- പ്ലാമല മേഖലയില്‍ വനംവകുപ്പ് നടത്തുന്ന ജെണ്ട സ്ഥാപിക്കല്‍ തല്ക്കാലം നിര്‍ത്തി. കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ പോലീസ് വിഷയത്തില്‍ കൂടുതല്‍ വ്യക്തത തേടിയതോടെയാണ് നടപടി നിര്‍ത്തിയത്. ജില്ലാ കളക്ടറും വിഷയത്തില്‍ തല്ക്കാലം നടപടി വേണ്ടെന്ന് നിര്‍ദേശം നല്കി.
മത പുരോഹിതരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ഏക്കര്‍ വനഭൂമിയാണ് ഇവിടെ കൈയേറി ഏലകൃഷി നടത്തി വരുന്നത്. നിരവധി തവണ സ്ഥലം ഏറ്റെടുക്കാന്‍ ശ്രമം നടന്നെങ്കിലും ഇടത് നേതാക്കളുടെ നേതൃത്വത്തില്‍ ആളുകളെത്തി ഇതിന് തടയിടുകയായിരുന്നു.
വെള്ളിയാഴ്ച പോലീസ്-വനംവകുപ്പ് സംഘം നേരിട്ടെത്തിയാണ് ജെണ്ട സ്ഥാപിക്കല്‍ ആരംഭിച്ചത്. ജെണ്ടകള്‍ സ്ഥാപിച്ചതിനൊപ്പം പ്രദേശത്തെ ഏലച്ചെടികളും വനംവകുപ്പുദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ചു. എതിര്‍ക്കാന്‍ എത്തിയവരെ വിരട്ടിയോടിച്ച ശേഷം രണ്ട് ദിവസം കൊണ്ട് 30 ഏക്കറോളം ഭൂമി ഏറ്റെടുത്തു. സ്ഥലത്തിന്റെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് കര്‍ശന നടപടി വരുന്നത്. മൂന്നാര്‍ ഡിഎഫ്ഒ, അടിമാലി റേഞ്ച് ഓഫീസര്‍, അടിമാലി എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ നടന്ന് വന്നിരുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ വലിയ തോതില്‍ കൈയേറ്റം നടക്കുന്നതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കൈയേറ്റം ഒഴുപ്പിക്കാനെത്തിയ സംഘത്തെ കുരിശുപാറയില്‍ ജനം തടഞ്ഞ് ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു.
ഇന്നലെ രാവിലെ പ്രദേശത്തേക്ക് പോകുവാനായി വനപാലകര്‍ എത്തിയതോടെ പ്ലാമല സിറ്റിയില്‍ കര്‍ഷകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കര്‍ഷകര്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറാന് തയ്യാറാകാതെ വന്നതോടെ പോലീസെത്തുകയും സംഭവം പിന്നീട് ബലപ്രയോഗത്തില്‍ കലാശിക്കുകയും ചെയ്തു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്തു. വിഷയത്തില്‍ 14 പേരെ അടിമാലി പോലീസ് കരുതല്‍ തടങ്കലില്‍ ആക്കി.
വിഷയത്തില്‍ പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് പ്രാദേശിക ജനപ്രതിനിധികള്‍ ആരോപിച്ചു. വനംവകുപ്പ് പ്രദേശത്ത് അന്യായമായ ഇടപെടല്‍ നടത്തുന്നുവെന്നും വനംവകുപ്പുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
അതേ സമയം വിഷയത്തില്‍ ക്രമസമാധാനം തകരാന്‍ സാധ്യതയുള്ളതിനാല്‍ തല്ക്കാലം നടപടി വേണ്ടെന്നാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം. ഏറെക്കാലത്തിന് ശേഷം അവധിയെടുത്ത് വീട്ടില്‍ പോയിരിക്കുകയാണ് കളക്ടര്‍. മടങ്ങി വന്ന ശേഷം വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കൈയേറ്റത്തിനെതിരെ വനംവകുപ്പ് നടപടി ആരംഭിച്ചതിന് പിന്നാലെ നിരവധി കേസുകളാണ് വിവിധ കോടതികളിലായി കര്‍ഷകര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ തീരുമാനം നീളുന്നതോടെ അനന്തര നടപടികളും വൈകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: