തൃശ്ശൂര്‍: ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം നടത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. കോവിഡ് രണ്ടാം തരംഗ ഭീഷണി ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ പുനര്‍വിചിന്തനമില്ലെന്ന് മന്ത്രി അറിയിച്ചു. തൃശൂര്‍ പൂരത്തിന് ജനങ്ങള്‍ എത്തുന്നതില്‍ നിയന്ത്രണങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്തുന്നത് സംബന്ധിച്ച് പുനര്‍വിചിന്തനം വേണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നത്.
ജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്തും. പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം യോഗം ചേരും. ദേവസ്വങ്ങളും സര്‍ക്കാരും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശൂര്‍ ഡിഎംഒ പ്രതികരിച്ചു. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നിട്ടും തൃശൂര്‍ പൂരം നടത്തിയാല്‍ ആരോഗ്യ വകുപ്പിന് ഉത്തരവാദിത്തമില്ലെന്നും ഡിഎംഒ പ്രതികരിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്ത് വന്നത്.
അതേസമയം ഡിഎംഒക്കെതിരെ പാറമേക്കാവ് ദേവസ്വം രംഗത്തു വന്നു. പൂരത്തെ തകര്‍ക്കാനാണ് ഡിഎംഒയുടെ ശ്രമം. ഡിഎംഒയുടേത് ഊതി പെരുപ്പിച്ച കണക്കാണ്. ജനങ്ങളെ നിയന്ത്രിക്കാന്‍ തയ്യാറാണെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. അതിനിടെ, പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കത്തയച്ചു. യോഗം ചേരണം എന്നാണ് കത്തിലെ ആവശ്യം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: