മക്കളേ,
ആദ്ധ്യാത്മികജീവിതത്തിലും ഭൗതികജീവിതത്തിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഏകാഗ്രത. സദാ അലക്ഷ്യമായി അലഞ്ഞുകൊണ്ടിരിക്കുന്ന മനസ്സിനെ മറ്റു വിഷയങ്ങളില്‍നിന്നു പിന്‍വലിച്ച് ഒരു പ്രത്യേകലക്ഷ്യത്തില് ഉറപ്പിക്കുവാനുള്ള കഴിവാണ് ഏകാഗ്രത. ഏകാഗ്രതയാണ് ഏതു കര്‍മ്മത്തിനും പൂര്‍ണ്ണത നല്‍കുന്നത്. എല്ലാ വിജയങ്ങള്‍ക്കും അടിസ്ഥാനം അതുതന്നെ.
‘ഏകാഗ്രത എത്തരത്തിലുള്ളതാകണം, അതെങ്ങനെ വളര്‍ത്തിയെടുക്കാം’, എന്ന് പലരും ചോദിക്കാറുണ്ട്. തന്റെ ലക്ഷ്യത്തിലെത്തിച്ചേരാന്‍ മറ്റെല്ലാം മറന്ന് പരിശ്രമിക്കുന്ന ഒരു കള്ളന്റെ ഏകാഗ്രത ഇതിന് നല്ലൊരു ഉദാഹരണമാണ്. ഒരു മോഷ്ടാവ് രാത്രിസമയം ഒരു വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നു കരുതുക. അയാളുടെ ഓരോ പ്രവൃത്തിയിലും ശ്രദ്ധയും ഏകാഗ്രതയും ഉണ്ടായിരിക്കും. ഒരു നിസ്സാരചലനംപോലും അശ്രദ്ധയോടെയാകാതിരിക്കാന് അയാള്‍ പരമാവധി ശ്രദ്ധിക്കും. വീടിനു ചുറ്റുപാടും നടന്ന് നിരീക്ഷിക്കുമ്പോഴും വീട് കുത്തിത്തുറക്കുമ്പോഴും അകത്തു കയറുമ്പോഴും അലമാര തുറക്കുമ്പോഴുമെല്ലാം അയാള്‍ വളരെ ജാഗ്രതയുള്ളവനായിരിക്കും. കാരണം മോഷണത്തിനിടയില്‍ പിടിക്കപ്പെട്ടാല്‍ അതോടെ തന്റെ ജീവിതം ഇരുമ്പഴിക്കുള്ളിലാകും എന്ന ബോധം അയാള്‍ക്കുണ്ട്. ഇതുപോലുള്ള ശ്രദ്ധയാണ് നമ്മള് വളര്‍ത്തിയെടുക്കേണ്ടത്. അതിന് ലക്ഷ്യബോധം ഉറയ്ക്കണം. പക്ഷെ, ലക്ഷ്യം ഉത്തമമായ ഒന്നായിരിക്കുകയും വേണം.
ചഞ്ചലമായ മനസ്സിനെ വരുതിയില്‍ കൊണ്ടുവരിക വളരെ പ്രയാസമാണ്. ബാഹ്യലോകത്തെ മാറ്റങ്ങളും ചലനങ്ങളും നിരീക്ഷിക്കാനും വിലയിരുത്താനും താരതമ്യേന എളുപ്പമാണ്. എന്നാല്‍ നമ്മുടെ മനസ്സിന്റെ ചലനങ്ങളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക അത്ര എളുപ്പമല്ല.
പരിവ്രാജകനായ ഒരു സന്ന്യാസി യാത്രയ്ക്കിടയില്‍ ഒരു ക്ഷേത്രനടയിലെത്തിച്ചേര്ന്നു. അവിടെ കുറച്ചു ചെറുപ്പക്കാര്‍ വാദപ്രതിവാദം ചെയ്യുകയായിരുന്നു. തര്‍ക്കവിഷയം ക്ഷേത്രത്തിനുമുന്നിലുള്ള കൊടിമരത്തില്‍ കാറ്റേറ്റ് ഇളകിക്കൊണ്ടിരുന്ന കൊടിയെക്കുറിച്ചായിരുന്നു. ഒരു കൂട്ടര് പറഞ്ഞു, ‘കൊടിയാണ് ചലിച്ചുകൊണ്ടിരിക്കുന്നത്.’ ‘അല്ല, കാറ്റാണ് ചലിക്കുന്നത്,’ മറ്റേ കൂട്ടര് വാദിച്ചു. രണ്ടുകൂട്ടരും എതിര്‍പക്ഷത്തിന്റെ വാദമുഖങ്ങളെ യുക്തിപൂര്‍വ്വം ഖണ്ഡിച്ചു കൊണ്ട് തര്‍ക്കംതുടര്‍ന്നു. തോല്‍വി സമ്മതിക്കാന്‍ രണ്ടുകൂട്ടരും തയ്യാറായില്ല. കുറച്ചുനേരം അവരുടെ വാദങ്ങള്‍ കേട്ടുനിന്ന സന്ന്യാസി ഒടുവില്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തി, “കൊടിയുമല്ല കാറ്റുമല്ല്യൂ നിങ്ങളുടെ മനസ്സാണ് ചലിച്ചുകൊണ്ടിരിക്കുന്നത്.’ ഓരോ കാര്യത്തിന്റെയും പുറകില്‍ ഒരു കാരണമുണ്ട്. ആ കാരണത്തിന്റെ പുറകില്‍ മറ്റൊരു കാരണമുണ്ടാകും. എന്നാല്‍ എല്ലാത്തിനും അടിസ്ഥാനമായിരിക്കുന്നത് മനസ്സാണ്. അതുകൊണ്ട് ആ മനസ്സിനെ സ്വാധീനമാക്കാനാണ് നമ്മള് പഠിയേ്ക്കണ്ടത്.
മനസ്സിന്റെ മേലുള്ള നിയന്ത്രണം തന്നെയാണ് നമ്മെ ഏകാഗ്രതയിലേക്ക് നയിക്കുന്നത്. ഏകാഗ്രത നേടിയെടുക്കുക അത്ര എളുപ്പമല്ല. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ അത് സാദ്ധ്യമാവൂ. മനസ്സ് മറ്റു വിഷയങ്ങളിലേയ്ക്ക് പോകുമ്പോള്‍ വീണ്ടുംവീണ്ടും അതിനെ പിന്തിരിപ്പിച്ച്, ഒരേ ലക്ഷ്യത്തില്‍ ഉറപ്പിക്കണം. ആ ശ്രമം നിരന്തരം തുടരണം. അങ്ങനെയാണ് ഏകാഗ്രത വളര്‍ത്തുന്നത്. ഏകാഗ്രമായ മനസ്സിന്റെ ശക്തി വളരെ വലുതാണ്. പല കൈവഴികളായി ഒഴുകുന്ന നദിയെ അണകെട്ടി നിയന്ത്രിച്ച് ഒരു ദിശയിലേയ്ക്കു മാത്രം ഒഴുക്കുമ്പോള്‍ അതില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന് സാധിക്കുന്നു. സൂര്യരശ്മികളെ ലെന്‍സ് ഉപയോഗിച്ച് ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുമ്പോള്‍ അതില്‍നിന്നും തീയുണ്ടാക്കാന്‍ കഴിയുന്നു. പൂന്തോട്ടം നനയ്ക്കാനുപയോഗിക്കുന്ന ഹോസില്‍ അനേകം ദ്വാരങ്ങളുണ്ടെങ്കില്‍ അതിലൂടെ പുറത്തുവരുന്ന വെള്ളത്തിന്റെ ഒഴുക്കിന് ശക്തി കുറവായിരിക്കും. അതുപോലെ നമ്മുടെ മനസ്സ് കൂടെക്കൂടെ പല വസ്തുക്കളിലേയ്ക്കു പോയാല്‍ മനസ്സ് ദുര്‍ബലമാകും, ഏകാഗ്രത എന്നെന്നും ഒരു മരീചികയായി അവശേഷിക്കുകയും ചെയ്യും. ചിന്നിച്ചിതറിപ്പോകുന്ന മനസ്സിന്റെ ശക്തികളെ ഇച്ഛാശക്തികൊണ്ട് സമാഹരിക്കണം.
ഇന്നു നമ്മുടെ മാനസിക ഊര്‍ജത്തിന്റെ നല്ലൊരു പങ്ക് അഞ്ച് ഇന്ദ്രിയങ്ങളിലൂടെ ബാഹ്യലോകത്തിലേക്ക് പ്രവഹിച്ച് പാഴായിക്കൊണ്ടിരിക്കുകയാണ്. അതിനും പുറമെയാണ് മനസ്സിലുണ്ടാകുന്ന നാനാതരം ചിന്തകള്‍മൂലം സംഭവിക്കുന്ന ഊര്‍ജനഷ്ടം. ഇവയെ തടയുവാന്‍ കഴിഞ്ഞാല്‍ മനസ്സിനെ ഏകാഗ്രമാക്കുവാനും നമ്മുടെ ഉള്ളിലുള്ള അനന്തമായ ശക്തിയെ ഉണര്‍ത്താനും, ജീവിതലക്ഷ്യം നേടുവാനും നമുക്കു തീര്‍ച്ചയായും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: