മുംബൈ: ശിവസേനയുടെയും മഹാരാഷ്‌ട്ര സര്‍ക്കാരിന്റെയും മുഖം രക്ഷിയ്‌ക്കാന്‍ മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ആരോപണമുയര്‍ത്തിയ മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍സിംഗിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം.
ഇതിന്റെ ഭാഗമായി പരംബീര്‍ സിംഗിനെക്കുറിച്ചുള്ള പരാതി മഹാരാഷ്‌ട്ര പൊലീസിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള നീക്കത്തിലാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍. ഇതിന്റെ അന്വേഷണച്ചുമതല മഹാരാഷ്‌ട്ര ഡിജിപി സഞ്ജയ് പാണ്ഡെയെ ഏല്‍പിച്ചിരിക്കുകയാണ് ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ.
മാസം തോറും ബലംപ്രയോഗിച്ച് ഡാന്‍സ് ബാറുകളില്‍ നിന്നും 100 കോടി രൂപ വീതം പിരിക്കാന്‍ മഹാരാഷ്‌ട്ര പൊലീസിനോട് മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നതായി പരംബീര്‍ സിംഗ് ആരോപിച്ചതോടെ അനില്‍ദേശ് ദേശ്മുഖ് ആഭ്യന്തരമന്ത്രി പദവി രാജിവെയ്‌ക്കേണ്ടിവന്നത് മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ പ്രതിച്ഛായയ്‌ക്ക് കളങ്കേല്‍പിച്ചിരുന്നു.
പിന്നീട് പരംബീര്‍ സിംഗിന്റെ ആവശ്യപ്രകാരം ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ മുംബൈ ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിനെതിരെ അനില്‍ ദേശ്മുഖ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സിബിഐ അന്വേഷണം തുടരാന്‍ കോടതി ആവശ്യപ്പെട്ടു. ഇപ്പോള്‍ സിബിഐ അന്വേഷണം അട്ടിമറിയ്‌ക്കാന്‍ ലോക്കല്‍ പൊലീസിനെ ഉപയോഗിച്ച് നീക്കം നടത്താനാണ് മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: