ചാലക്കുടി: സര്‍ക്കാര്‍ 12 രൂപ തറവില നിശ്ചയിച്ചിട്ടും ആവശ്യക്കാരില്ലാതെ വന്നതോടെ മരച്ചീനി കര്‍ഷകര്‍ പ്രതിസന്ധിയില്‍. ജില്ലയില്‍ കൂടുതലായി മരച്ചീനി കൃഷി ചെയ്യുന്ന മേലൂര്‍ പൂലാനി ഭാഗത്തെ കര്‍ഷകരാണ്. ബുദ്ധിമുട്ടിലായിരിക്കുന്നത്. ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് ഏക്കറുകണക്കിന് വരുന്ന ഭൂമിയിലെ മരച്ചീനിയുടെ വിളവെടുപ്പ് പ്രതിസന്ധിയിലാണ്.
വിദേശ രാജ്യങ്ങളില്‍ വരെ ഏറെ മാര്‍ക്കറ്റുള്ള വെള്ളരാമന് എന്ന ഇനം മരച്ചീനിയാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. 10 മാസം കൊണ്ട് വിളവെടുപ്പിന് പാകമാകുന്ന ഇനമാണിത്. ഒരോന്നില്‍ നിന്ന് അഞ്ച് കിലോ തൂക്കമുള്ള മരച്ചീനി ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
ലോക്ഡൗണ്‍ സമയത്തെ പ്രതിസന്ധി മറികടന്നാണ് കര്‍ഷകര്‍ കൃഷി ചെയ്തത്. കിലോ ഒന്നിന് 20 രൂപ തറവിലയുണ്ടായിരുന്ന മരച്ചീനി വിപണി കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 12 രൂപയാക്കുകയായിരുന്നു. വിദേശത്തേക്ക് മരച്ചീനി കയറ്റിയയക്കുന്നത് കുറഞ്ഞതും നാട്ടിലെ ഭക്ഷണശാലകള്‍ പലതും അടച്ചിട്ടതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. നിലവിലുള്ള തറവിലയില്‍ നിന്ന് ഇളവ് നല്കി മരച്ചീനി നല്‍കാനും കര്‍ഷകര്‍ തയ്യാറാണ്.
മിക്കവരും പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷിയിറക്കിയിരിക്കുന്നത്. പാട്ടക്കാലാവധി കഴിയാറായതോടെ കൃഷിയിറക്കിയ ഭൂമി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒഴിഞ്ഞു കൊടുക്കേണ്ട സ്ഥിതിയാണിപ്പോള്‍.
കഴിഞ്ഞ പ്രളയത്തില്‍ നേരിട്ട ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം നികത്താന്‍ ലോണെടുത്തും മറ്റും കൃഷിയിറക്കിയവരുമുണ്ട്. ഇതിനിടയില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനവും പെരുച്ചാഴി അടക്കമുള്ളവയുടെ ശല്ല്യവും ഇടവിട്ടുള്ള മഴയും കര്‍ഷകരെ ദുരിതത്തിലാക്കി. ഹോര്‍ട്ടി കോര്‍പ്പിന്റെ ചാലക്കുടി ഔട്ട്ലെറ്റ് അടക്കമുള്ള കച്ചവട സ്ഥാപനങ്ങള്‍ ചെറിയ തോതില്‍ മരച്ചീനി ഏറ്റെടുക്കുന്നുണ്ടെങ്കിലും കാര്യമായ വില്‍പ്പന ഇല്ലെന്ന് കര്‍ഷകര്‍ പറയുന്നു.
അടുത്ത ദിവസങ്ങളിലും മരച്ചീനി വിറ്റു പോകാത്ത സ്ഥിതി തുടര്‍ന്നാല്‍ കൃഷി നിലം ഉഴുത് സ്ഥലം ഒഴിവാക്കി കൊടുക്കാനുള്ള ആലോചനയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: