തൃശൂര്‍: അവിണിശ്ശേരിയില്‍ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കാന്‍ 20ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. 14 അംഗങ്ങളില്‍ ആറു സീറ്റുകളില്‍ ജയിച്ച ബിജെപിയാണ് പഞ്ചായത്തിലെ ഏറ്റവും വലിയ കക്ഷി. ബിജെപിക്ക് ഭരണം ലഭിക്കാതിരിക്കാന്‍ രാജിരാഷ്ട്രീയം എന്ന തന്ത്രമാണ് അവിണിശ്ശേരിയില്‍ യുഡിഎഫും എല്‍ഡിഎഫും നടത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് തവണ നടന്ന തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് അംഗങ്ങള്‍ ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ പിന്തുണയോടെ പദവികള്‍ വേണ്ടെന്ന നിലപാടെടുത്ത് രണ്ടുതവണയും എല്‍ഡിഎഫ് അംഗങ്ങള്‍ പദവികള്‍ രാജിവെയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് ഇന്‍ചാര്‍ജ് ഭരണമായിരുന്നു. വീണ്ടും അവിണിശ്ശേരിയില്‍ അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോഴും നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളുടെ ആവര്‍ത്തനമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആകെയുള്ള 14 സീറ്റുകളില്‍ ആറു സീറ്റു ബിജെപിക്കുള്ളപ്പോള് എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് മൂന്നും സീറ്റുകള്‍ മാത്രമാണ് ഉള്ളത്.
തദ്ദേശ സ്വയഭരണതെരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം തദ്ദേശ സ്ഥാപനങ്ങളിലും അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും അധികാരത്തിലേറിയിട്ടും അവിണിശ്ശേരി പഞ്ചായത്തില്‍ മാത്രം ഇപ്പോഴും പ്രസിഡന്റുമില്ല, വൈസ് പ്രസിഡന്റുമില്ല. മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ബജറ്റ് അവതരണവും, ഗ്രാമസഭയൊന്നും തന്നെ പഞ്ചായത്തില്‍ ഇതുവരെ നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: