ശ്ലോകം 313
വാസനാവൃദ്ധിതഃ കാര്യം
കാര്യവൃദ്ധാ ച വാസനാ
വര്‍ദ്ധതേ സര്‍വ്വഥാ പുംസഃ
സംസാരോ ന നിവര്‍ത്തതേ
വാസന വര്‍ദ്ധിക്കുമ്പോള്‍ സ്വാര്‍ത്ഥപരമായ കര്‍മ്മങ്ങള്‍ വര്‍ദ്ധിക്കുന്നു. സ്വാര്‍ത്ഥ കര്‍മ്മങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ വാസനകളും വര്‍ദ്ധിക്കുന്നു. ഇങ്ങനെ മനുഷ്യന് ഒരു പ്രകാരത്തിലും സംസാരനിവൃത്തിയുണ്ടാകുന്നില്ല.
കഴിഞ്ഞ ശ്ലോകത്തില്‍ കാര്യകാരണങ്ങളെക്കുറിച്ച് വിവരിച്ചപ്പോള്‍ കാര്യവും കാരണവും പരസ്പരം കൂടിയും കുറഞ്ഞുമിരിക്കുന്നുവെന്ന് വ്യക്തമാക്കി.
കാരണമായ വാസനകള്‍ മൂലം സാര്‍ത്ഥ ചിന്തകളും കാമ്യകര്‍മ്മങ്ങളും ഉണ്ടാകുകയും കൂടി വരികയും ചെയ്യുന്നു. ഇതു മൂലം പുതിയ വാസനകള്‍ ഉണ്ടാകുന്നു. അവ പുത്തന്‍ കര്‍മ്മങ്ങള്‍ക്ക് കാരണമാകും. ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നതിനാല്‍ ജീവന് അതില്‍ പെട്ട് വലയുന്നു.
കാര്യകാരണങ്ങളുടെ ചങ്ങലയ്ക്ക് അറ്റമില്ല. എല്ലാ വാസനകളേയും തീര്‍ക്കാന്‍ നിലവിലെ ദേഹത്തിന് കഴിയാതെ വരുമ്പോള്‍ മറ്റൊരു ദേഹം എടുക്കേണ്ടി വരും. ആ ദേഹത്തിലും വകതിരിവോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വീണ്ടും വാസനകള്‍ പെരുകി അടുത്ത ജന്മത്തിന് ഇടയാക്കും. സംസാരത്തിന്റെ ഈ ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ജീവന് ഏറെ പാടാണ്. വാസനകളെ മഹത്തായ ലക്ഷ്യത്തിലേക്ക് തിരിച്ചു വിട്ടാല്‍ ഇതിനൊരു മാറ്റമുണ്ടാകും.
കൃഷിക്കാരന് തന്റെ തോട്ടത്തിലോ വയലിലോ കിളിര്‍ത്ത് വരുന്ന കളകളെ അപ്പപ്പോള്‍ പറിച്ചു കളഞ്ഞ് വിള സംരക്ഷിക്കുന്നതു പോലെ സാധകന് തന്റെ മനസ്സിലെ എല്ലാ വിഷയ ചിന്തകളേയും പിഴുതെറിയണം. എത്ര പറിച്ചു കളഞ്ഞു പുതിയ പുതിയ കളകള്‍ ഉണ്ടാകും പോലെ വാസനകള്‍ രൂപമെടുത്തു കൊണ്ടേയിരിക്കും.
സാധകന് വിഷയ ചിന്തകള്‍ മുളച്ചു വരാന്‍ അനുവദിക്കരുത്. ഒരിക്കലും സാധനയില്‍ വിശ്രമമോ അലസതയോ പാടില്ല. ലക്ഷ്യമായ ആത്മസാക്ഷാത്കാരം നേടും വരെ നിതാന്ത ജാഗ്രതയോടെ പ്രയത്നം ചെയ്യണം. അഹങ്കാരം പൂര്‍ണമായും ഇല്ലാതാക്കണം. അല്ലെങ്കില്‍ സംസാരനാശം ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: