ഡോ. ഡി. രഘു
(സംസ്ഥാന സെക്രട്ടറി ആരോഗ്യഭാരതി)
ഇന്ന് ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഡോക്ടര്‍ സാമുവല്‍ ഹാനിമാന്റെ ജന്മദിനമാണ് ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നത്. ഡോക്ടര്‍ സാമുവല്‍ ഹാനിമാന് 1755 ഏപ്രില്‍ 10 ന് ജര്‍മ്മനിയിലെ മേസണ്‍ നഗരത്തില്‍ ജനിച്ചു. 1779 ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. അന്ന് നിലനിന്നിരുന്ന പ്രാകൃതമായ ചികിത്സാ രീതികളില്‍ എതിര്‍പ്പുണ്ടായിരുന്ന അദ്ദേഹം വര്‍ഷങ്ങളോളം നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി ഹോമിയോപ്പതിയുടെ അടിസ്ഥാന പ്രമാണം രൂപീകരിക്കപ്പെട്ടു. 1796 ല്‍ ഹോമിയോപ്പതി എന്ന വൈദ്യശാസ്ത്രം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. സിമിലിയ സിമിലിബസ് കുറണ്ടര്‍ അഥവാ സമം സമേന ശാന്തതേ എന്നതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന സിദ്ധാന്തം.
ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചനപ്രകാരം ആരോഗ്യം എന്നാല്‍ രോഗമില്ലാത്ത അവസ്ഥ എന്നല്ല, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായി സുഖമുള്ള അവസ്ഥ എന്നതാണ്. അതിനാല്‍ രോഗികളുടെ മാനസികവും ശാരീരികവുമായ ലക്ഷണങ്ങള്‍ എല്ലാം സമഗ്രമായി വിശകലനം ചെയ്ത് ഓരോ വ്യക്തിയേയും പ്രത്യേകം അപഗ്രഥനം ചെയ്ത് രോഗത്തിനെപ്പറ്റി പ്രത്യേകമായി പഠിച്ച് രോഗ നിര്‍ണ്ണയം നടത്തിയാണ് ഹോമിയോപ്പതിയില്‍ മരുന്ന് നിശ്ചയിക്കുന്നത്. രോഗ കാരണം, രോഗത്തിന്റെ വര്‍ദ്ധനയും ശമനവും, മാനസിക ശാരീരിക പ്രശ്നങ്ങള്‍, രീതി, കാലവസ്ഥാ വ്യത്യാസങ്ങളുടെ സ്വാധീനം, ശീലങ്ങള്‍, തുടങ്ങി എല്ലാം പഠന വിധേയമായതിനു ശേഷമാണ് മരുന്ന് നിശ്ചയിക്കപ്പെടുന്നത്. രോഗലക്ഷണങ്ങളെ ലഘൂകരിച്ച് വ്യക്തിയുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് അതുവഴി രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്തുന്ന സമഗ്രമായ ചികില്‍സാ പദ്ധതിയാണ് ഹോമിയോപ്പതി. രോഗപ്രതിരോധ രംഗത്തും ഹോമിയോപ്പതിയുടെ പ്രസക്തി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്, ഈ കോവിഡ് കാലത്ത് ഭാരതം മുഴുവന്‍ ഇതിന്റെ പ്രതിരോധത്തിനായി ഇമ്യൂണ്‍ ബൂസ്റ്റര്‍ എന്ന രീതിയില്‍ ഹോമിയോ മരുന്ന് നല്കിയതും ഇപ്പോഴും തുടരുന്നതും ഈ വൈദ്യശാസ്ത്രത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.
ഹോമിയോപ്പതി ആയുഷ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരത സര്‍ക്കാര്‍ ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനും വികസനത്തിനുമായി വകുപ്പും മന്ത്രിയും അനുബന്ധ വ്യവസ്ഥകളും ഉള്‍പ്പെടുന്ന മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ആശുപത്രികളും, സി സി ആര് എച്ച് ന്റെ മേല്‍നോട്ടത്തില്‍ ഗവേഷണ സ്ഥാപനങ്ങളും കോളേജുകളും പ്രവര്‍ത്തിച്ചു വരുന്നു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാനും നൂതനമായ ചികില്‍സാ രീതികള്‍ ലഭ്യമാക്കുവാനായി ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോ മെഡിക്കല്‍ സയന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി കഴിഞ്ഞു. നാഷണല്‍ ഹോമിയോപ്പതിക് കമ്മീഷന് രൂപീകരിച്ചു, എന്‍ ആര് എച്ച് എം, എന്‍ എ എം വഴി സംസ്ഥാന തലത്തില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നു. ആവശ്യമായ ധനസഹായവും നല്കുന്നു.
1920 ല്‍ സംസ്ഥാനത്ത് കോളറാ പടര്‍ന്നു പിടിച്ചപ്പോള്‍ അത് നിയന്ത്രിക്കാനും പ്രതിരോധിക്കാനും ഹോമിയോപ്പതി വൈദ്യാശാസ്ത്രം നല്കിയ സംഭാവന വളരെ വലുതാണ്. 1928 മുതല്‍ ഹോമിയോപ്പതി അംഗീകരിക്കപ്പെട്ട ചികില്‍സാ രീതിയായി മാറി. 1958 ല്‍ കേരളത്തിലെ സര്‍ക്കാര്‍ തലത്തിലുള്ള ആദ്യത്തെ ഹോമിയോ ഡിസ്പെന്‍സറി തിരുവനന്തപുരത്ത് കിഴക്കേകോട്ടയില്‍ ആരംഭിച്ചു. ഇന്ന് സര്‍ക്കാര്‍ തലത്തില്‍ 660 സസ്പന്‍സറികള്‍,34 ആശുപത്രികള്‍, എന്‍ എച്ച് എം ന്റെ കീഴില്‍ 406 ഡിസ്പന്സറികള്, പിന്നാക്ക മേഖലയില്‍ 30 ആശുപത്രികള്‍, പഠനത്തിനായി അഞ്ച് ഹോമിയോ മെഡിക്കല്‍ കോളേജുകള്‍ എന്നിങ്ങനെ സംസ്ഥാനത്ത് നിലവിലുണ്ട്. പകര്‍ച്ചവ്യാധികള്‍ വരുമ്പോള്‍ റീച്ച് അഥവാ റാപ്പിഡ് ആക്ഷന്‍ എപിടെമിക് കണ്ട്രോള് സെല്‍ അത് നിയന്ത്രിക്കുകയും ഹോമിയോപ്പതിയിലൂടെ പൊതുജനത്തിനും സര്‍ക്കാരിനും ആശ്വാസമേവുകയും ചെയ്തിട്ടുണ്ട്.
എല്ലാ വൈദ്യശാസ്ത്ര ശാഖകള്‍ക്കും അതിന്റേതായ മേന്മകളും ന്യൂനതകളും ഉണ്ടെന്ന ബോധ്യത്തോടു തന്നെ പറയട്ടേ, ഇന്ന് ചികില്‍സാ ചെലവേറിവരുന്ന വന്ധ്യത, ക്യാന്‍സര്‍, ജീവിതശൈലീ രോഗങ്ങള്‍, പഴക്കം വന്ന അസുഖങ്ങള്‍, സോറിയാസിസ്, വെള്ളപാണ്ട്, സര്‍ജറി വേണ്ടി വരുന്ന പല അസുഖങ്ങള്‍ തുടങ്ങിയവ കുറഞ്ഞ ചെലവില്‍ ഹോമിയോ മരുന്ന് കൊണ്ട് പൂര്‍ണ്ണമായും മാറ്റാന്‍ സാധിക്കും.
ഹോമിയോപ്പതി ലളിതവും ശാസ്ത്രീയവും സമഗ്രവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും താരതമ്യേനെ ചെലവ് കുറഞ്ഞുതമായ ഒരു ചികിത്സാ രീതിയാണ്. സംസ്ഥാനത്ത് ആയുഷ് മന്ത്രാലയം സ്ഥാപിക്കപ്പെടുകയും എല്ലാ ജില്ലാതല ഹോമിയോ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളോടു കൂടി കാഷ്വാലിറ്റി സൗകര്യം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ക്യാന്‍സര്‍ കെയര്‍ സെന്ററുകളുടെയും ഡിസ്പന്‍സറികളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുകയും റിസര്‍ച്ച് സെന്റററുകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തതു വഴി ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ സര്‍വ്വ സ്പര്‍ശിയായ വികസനത്തിന് വഴിതെളിക്കും. പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും ചികിത്സക്കും ഹോമിയോ മരുന്നുകള്‍ വളരെ ഫലപ്രദമാണ്. സര്‍വ്വേ സന്തു നിരാമയാ എന്ന ഹോമിയോപ്പതി ദിന സന്ദേശം കൈമാറട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: