തിരുവനന്തപുരം: ഹിന്ദി പരീക്ഷയക്ക് പകരം ഇംഗ്ലീഷ് ചോദ്യപേപ്പർ വന്നതോടെ എസ്എസ്എൽസി പരീക്ഷ അരമണിക്കൂർ വൈകി. കണിയാപുരം സെന്റ് വിൻസന്റ് സ്‌കൂളിലാണ് ചോദ്യപേപ്പർ മാറി എത്തിയത്.ചോദ്യപേപ്പറുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ കെട്ടുകളാക്കി ട്രഷറികളിലും ബാങ്കുകളിലും കൂടാതെ ട്രോംഗ് റൂമുകളിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ ഹിന്ദി പരീക്ഷയായിരുന്നു. രാവിലെ തന്നെ ട്രഷറിയിൽ നിന്നും ചോദ്യപേപ്പർ സെന്റ് വിൻസന്റ് സ്‌കൂളിൽ എത്തിക്കുകയും ചെയ്തു.
ബണ്ടിലിൽ ഹിന്ദി എന്നാണ് എഴുതിയിരുന്നത്. അതിനാൽ തന്നെ സ്‌കൂൾ അധികൃതർ കൈപറ്റി ഓഫീസ് റൂമിൽ സൂക്ഷിച്ചു. വെള്ളിയാഴ്ച ആയിരുന്നതിനാൽ ഇന്നലെ രണ്ടരയ്‌ക്കായിരുന്നു പരീക്ഷ. ചോദ്യപേപ്പർ വിതരണത്തിനായി ബണ്ടിൽ അഴിച്ചപ്പോൾ അതിനുള്ളിലെ ചെറിയ പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷ് എന്നും. ഇംഗ്ലീഷ് പരീക്ഷ തിങ്കളാഴ്ച നടക്കേണ്ടതാണ്. ഇതോടെ അധ്യാപകർ ആശയക്കുഴപ്പത്തിലായി. സ്‌കൂൾ അധികൃതർ ഉടൻ തന്നെ ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ അറിയിക്കുകയായിരുന്നു.
തുടർന്ന് സമീപത്തെ സ്‌കൂളുകളിൽ നിന്നും ബാക്കിവന്ന ചോദ്യപേപ്പറുകൾ എത്തിക്കുകയായിരുന്നു. കൂടാതെ ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും അടങ്ങുന്ന സംഘം തിരുവനന്തപുരം എസ്എൻവി സ്‌കൂളിലെ സ്‌ട്രോംഗ് റൂമിൽ നിന്നും ഹിന്ദി ചോദ്യപേപ്പർ എത്തിക്കുകയായിരുന്നു. ഏകദേശം അരമണിക്കൂറുകളോളം വൈകിയാണ് പരീക്ഷ ആരംഭിക്കാനായത്. നഷ്ടപ്പെട്ട സമയം വിദ്യാർത്ഥികൾക്ക് അധികമായി നൽകി.
ചോദ്യപേപ്പറുകൾ ചോർന്നിട്ടില്ലെന്ന് ഡിഡിഇ സന്തോഷ് ജന്മഭൂമിയോട് പറഞ്ഞു. ചോദ്യപേപ്പറുകൾ ചെറിയ ചെറിയ മൂന്ന് കവറുകളിലാക്കിയശേഷാണ് വലിയ ബണ്ടിലാക്കുന്നത്. ആദ്യത്തെ കവർ പൊട്ടിച്ചപ്പോൾ തന്നെ അടുത്ത കവറിൽ ഇംഗ്ലീഷ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അപ്പോൾ തന്നെ സ്‌കൂൾ അധികൃതർ വിവരംഅറിയിക്കുകയായിരുന്നു. ചേദ്യപേപ്പർ സുരക്ഷിതമായി തന്നെ എസ്എൻവി സ്‌കൂളിലെ സ്‌ട്രോംഗ് റൂമിൽ എത്തിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകൾ സുരക്ഷിതമാണെന്നും പരീക്ഷ വളരെ സുഗമമായി തന്നെ നടന്നുവെന്നും സന്തോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: