തിരുവനന്തപുരം: ”വര്‍ഗ്ഗീയ വിഷം ചീറ്റുന്ന സംഘ പരിവാര്‍ ഭീകരനായ” കുമ്മനം രാജശേഖരനെകുറിച്ച് മുന്‍ എസ് എഫ് ഐ നേതാവും ജൈവകൃഷിയുടെ പ്രചാരകനുമായ കെ എം ഹിലാല്‍ എഴുതിയ കുറിപ്പ് വൈറലായി. മാമ്മന്‍മാപ്പിള ഹാളില്‍ പരിപാടിയില്‍ മുന്നില്‍ തന്നെ ഇരുന്ന കുമ്മനത്തിന്റെ മൊബൈല്‍ മോഷ്ടിച്ച് കൊണ്ടുപോയിയതും വിഷ രഹിത കൃഷി പ്രചരിപ്പിക്കുന്നതിനും നിര്‍വഹിക്കുന്നതിനും നല്‍കിയ സഹായങ്ങളും ഒക്കെ വരച്ചിടുന്ന കുറിപ്പ് , ‘രാജേട്ടന്റെ നന്മ നിറഞ്ഞ ജീവിതം ഈ കെട്ട കാലത്തെ നന്മയിലേക്ക് നയിക്കാന്‍ ഒരു പാട് പേര്‍ക്ക് പ്രചോദനമാണ്.’ എന്നു പറഞ്ഞാണ് അവസാനിക്കുന്നത്
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
“വർഗ്ഗീയ വിഷം ചീറ്റുന്ന സംഘ പരിവാർ ഭീകരൻ”
ഇങ്ങനെയാണ് രാജേട്ടനെ കുറിച്ച് ആദ്യം കേട്ടത്
അന്ന് ഞാന്‍ SFI ഭാരവാഹി ഒക്കെ ആയിരുന്നു. പക്ഷേ നീതിബോധം കൈവിടാന്‍ പലപ്പോഴും എനിക്ക് മനസ്സ് വന്നിട്ടില്ല.
ഞാന്‍ ആലപ്പുഴ ലീയോ തേര്‍ട്ടീന്ത് ഹൈസ്‌ക്കൂളിലെ SFI യുടെ ആദ്യ യൂണിറ്റ് സെക്രട്ടറിയായി ഇരിക്കുമ്പോഴാണ് ആദ്യമായി പഠന ക്യാമ്പില്‍ പങ്കെടുക്കുന്നത്. അന്നത്തെ ജില്ലാ പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് SFI പരിപാടിയെയും ഭരണഘടനയെയും കുറിച്ച് ക്ലാസെടുത്തപ്പോള്‍ ആദ്യം പറഞ്ഞത് ”SFI ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ്, ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടേയും പോഷക സംഘടനയല്ല’ എന്നാണ്. നട്ടാല്‍ കുരുക്കാത്ത നുണയല്ലേ അതെന്ന് അപ്പഴേ തോന്നി!
പിന്നീട് നേതാക്കള്‍ പറയുന്നതെല്ലാം സംശയത്തിന്റെ ആനുകൂല്യം കൂടി നല്‍കിയേ ഞാന്‍ കേട്ടിരുന്നിട്ടുള്ളൂ.
കോട്ടയത്ത് SFI പ്രവര്‍ത്തനം നടത്തുമ്പോഴാണ് രാജേട്ടനെ കുറിച്ച് മേല്‍പ്പറഞ്ഞ വാചകം കേള്‍ക്കുന്നത്. അതും ഞാന്‍ അപ്പാടെ വിശ്വസിച്ചില്ല. അതിന് മറ്റൊരു കാരണമുണ്ട്. രാജേട്ടന്റെ ബന്ധുവായ ഒരാള്‍ എന്റെ ക്ലാസ് മേറ്റും SFI പ്രവര്‍ത്തകനുമായിരുന്നു. അവന്‍ അദ്ദേഹത്തിന്റെ നന്മകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
ഞാന്‍ ബസേലിയസ് കോളജില്‍ SFI പ്രവര്‍ത്തകനായിരുന്നപ്പോള്‍ കോട്ടയം കാരാപ്പുഴയിലെ RSS പ്രവര്‍ത്തകനും ABVP യുടെ കോളജിലെ നേതാവുമായ PK സാബുവുമൊത്ത് പലപ്പോഴും നടന്നാണ് കോളജില്‍ പൊയ്‌ക്കോണ്ടിരുന്നത്. പോകും വഴി മിക്കവാറും ദിവസവും RSS കാര്യാലയത്തില്‍ കയറി പായയില്‍ ഇരുന്ന് കുറച്ച് സമയം ജന്മഭൂമി, കേസരി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വായിക്കാറുമുണ്ട്. അങ്ങനെ ഒരു ദിവസമാണ് രാജേട്ടനെ ആദ്യമായി കണ്ടത്. കഴുത്തില്‍ ഒരു തോര്‍ത്തുമിട്ട് മുറ്റത്ത് നില്‍ക്കുകയായിരുന്നു അദ്ദേഹം. ഇതാണ് കുമ്മനമെന്ന് സാബു പറഞ്ഞപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. ”ഇതാരാ ?’ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ‘ഒരു SFIക്കാരനാണ്, എന്റെ കോളേജിലാണ് പഠിക്കുന്നത് ‘ എന്ന് സാബു മറുപടി പറഞ്ഞു.
ങ്ഹാ… ങ്ഹാ… എന്ന് സ്‌നേഹത്തോടെ അദ്ദേഹം പ്രതികരിച്ചു.
‘എങ്ങനെയുണ്ട്, കോളേജില്‍ SFI ഒക്കെ?’ എന്ന് അദ്ദേഹം ചോദിച്ചു.
”വളരെ സ്‌ട്രോങ്ങ് ആണ് ‘ എന്ന് ഞാന്‍ ഉത്തരം പറഞ്ഞു.
”ങ്ഹാ… ങ്ഹാ…” എന്ന് വീണ്ടും പറഞ്ഞു.
അതിന് ശേഷം പല പൊതു വേദികളിലും പത്രമാധ്യമങ്ങളിലും രാജേട്ടനെ കണ്ടു. നിഷ്‌കളങ്കമായ ആ മുളലാണ് എപ്പോഴും ഓര്‍മ്മ വന്നത്.
പിന്നീട് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ‘ഏകല്‍ വിദ്യാലയ’യുടെ ചുമതലക്കാരനായ അഭിലാഷ് എന്നെക്കുറിച്ച് രാജേട്ടനോട് പറഞ്ഞപ്പോള്‍ എന്നെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2008 ജനുവരിയിലെ ഒരു രാത്രി 10 മണിക്കാണ് ഞാന്‍ കോട്ടയത്തെ പുതിയ RSS കാര്യാലയത്തില്‍ വെച്ച് കൂടി കണ്ടത്. കൃഷിയെ കുറിച്ചും പ്രകൃതിയെ കുറിച്ചുമൊക്കെ ദീര്‍ഘമായി സംസാരിച്ചു. അവിടെ കിടന്നുറങ്ങിയിരുന്ന ചിലരെ വിളിച്ചുണര്‍ത്തി അദ്ദേഹം ഞങ്ങളുടെ സംസാരം ശ്രവിപ്പിച്ചു. ഏകദേശം രണ്ട് മണിയായപ്പോഴാണ് പിരിഞ്ഞത്.
അന്ന് മുതല്‍ നിരന്തരമായി പലസ്ഥലങ്ങളിലും രാജേട്ടനെ കൂടി കാണുകയും ആറന്മുളയിലടക്കം പല സ്ഥലങ്ങളിലും എന്റെ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു അദ്ദേഹം. പല ക്ലാസുകളിലും ഒരു പേനയും നോട്ട് ബുക്കുമായി വന്ന് മുഴുവന്‍ സമയവും മുന്നില്‍ ഇരുന്നു. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ ഒരു സംഘടന നടത്തിയ പരിപാടിയില്‍ എന്റെ ക്ലാസ്സ് കേള്‍ക്കാന്‍ മുന്നില്‍ തന്നെ ഇരുന്ന രാജേട്ടന്റെ മൊബൈല്‍ ഫോണ്‍ ആരോ മോഷ്ടിച്ച് കൊണ്ടുപോയി. വളരെ വിഷണ്ണനായ ആ മുഖം എന്നിലും സങ്കടമുണ്ടാക്കി.
കേരളത്തില്‍ വിഷ രഹിത കൃഷി പ്രചരിപ്പിക്കുന്നതിനും നിര്‍വഹിക്കുന്നതിനും അദ്ദേഹം നല്‍കിയ സഹായങ്ങള്‍ക്ക് കയ്യും കണക്കുമില്ല….
ഓരോ പരിപാടികള്‍ക്കും RSSന്റെയും പരിവാര്‍ സംഘടനകളുടെയും നിസ്സീമമായ പിന്തുണ ഉറപ്പുവരുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
‘വര്‍ഗ്ഗീയ വിഷം ചീറ്റുന്ന സംഘ പരിവാര്‍ ഭീകരനായ” അദ്ദേഹത്തിന്റെ നന്മകള്‍ തൊട്ടറിയാന്‍ ഭാഗ്യം സിദ്ധിച്ചു എന്നത് ഒരു അഭിമാനമായി തന്നെ കാണുന്നു….
രാജേട്ടന്റെ നന്മ നിറഞ്ഞ ജീവിതം ഈ കെട്ട കാലത്തെ നന്മയിലേക്ക് നയിക്കാന്‍ ഒരു പാട് പേര്‍ക്ക് പ്രചോദനമാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: