കാസര്‍കോട്: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഭക്ഷണ വിതരണത്തിലൂടെ കുടുംബശ്രീക്ക് 45,16,474 രൂപയുടെ നേട്ടം. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ഭക്ഷണ വിതരണം നടത്തിയാണ് കുടുംബശ്രീ നേട്ടം കൈവരിച്ചത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന കേന്ദ്രങ്ങളിലേക്ക് ഭക്ഷണം എത്തിക്കുക എന്ന ദൗത്യമാണ് കുടുംബശ്രീ ആദ്യം ഏറ്റെടുത്തത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നിശ്ചയിക്കപ്പെട്ടിരുന്ന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ കുടുംബശ്രീ സംരംഭ ഗ്രൂപ്പുകള്‍ മൂന്ന് നേരത്തെ ഭക്ഷണം വിതരണം ചെയ്തു.
തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് ജില്ലയിലെ അഞ്ച് വിതരണ കേന്ദ്രങ്ങളിലായി പരിശീലനം ലഭിച്ച 15 സംരംഭ ഗ്രൂപ്പുകള്‍ക്ക് പ്രാതല്‍, ലഘു ഭക്ഷണം, ഉച്ച ഭക്ഷണം, ലൈറ്റ് റിഫ്രഷ് മെന്റ്, അത്താഴം എന്നിവ അടങ്ങിയ വിപുലമായ സ്റ്റാളുകളാണ് സജ്ജമാക്കിയിരുന്നത്. ഏഴിന് രാവിലെ മൂന്ന് മണി വരെയാണ് ഇവര്‍ വിതരണ കേന്ദ്രത്തിന്റെ പരിസരത്തുള്ള സ്റ്റാളുകളില്‍ ഭക്ഷണം വിതരണം നടത്തിയത്. ഇതിലൂടെ ആകെ 409,773 രൂപയാണ് രണ്ട് ദിനങ്ങളിലായി ഇവര്‍ നേടിയെടുത്തത്.
തുടര്‍ന്ന് 1591 പോളിംഗ് സ്റ്റേഷനുകളില്‍ 2622 കുടുംബശ്രീ അംഗങ്ങളെ സിഡിഎസ് വഴി സജ്ജരാക്കി പോളിംഗ് ബൂത്ത് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിനായി ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥരുടെ വയറു നിറയുന്നതില്‍ ഉപരി മനസ്സ് നിറച്ചാണ് കുടുംബശ്രീ വനിതകള്‍ അവരെ തിരഞ്ഞെടുപ്പ് ദൗത്യം പൂര്‍ത്തീകരിച്ച യാത്രയാക്കിയത്. ജില്ലയിലെ പോളിംഗ് ബൂത്തില്‍ ഭക്ഷണ വിതരണത്തിലൂടെ ഇവര്‍ക്ക് ലഭിച്ചത് 26,18,410 രൂപയാണ്.
ജില്ലാ ഭരണകൂടം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷനെ ഏല്‍പ്പിച്ച മറ്റൊരു ദൗത്യമാണ് പോളിംഗ് സ്റ്റേഷനുകളുടെ ശുചീകരണവും കോവിഡ് മാലിന്യ സംസ്കരണവും. ശുചീകരണ പ്രവര്‍ത്തനത്തിനായി 1504 കുടുംബശ്രീ വനിതകളേയും തിരഞ്ഞെടുപ്പാനന്തരമുള്ള കോവിഡ മാലിന്യ സംസ്കരണത്തിനായി 992 ഹരിതകര്‍മസേന അംഗങ്ങളെയും ആണ് ചുമതലപ്പെടുത്തിയത്. ശുചീകരണ മേഖലയില്‍ കുടുംബശ്രീ വനിതകള്‍ നേടിയത് 14,88,291 രൂപയാണ്.
കേരളത്തില്‍ ആദ്യമായാണ് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കുടുംബശ്രീയെ ഭക്ഷണ വിതരണത്തിന് ചുമതലപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഈ ദൗത്യം നിറവേറ്റാന്‍ സാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പിനെയും കുടുംബശ്രീ അഭിമുഖീകരിച്ചത്. കുടുംബശ്രീ വനിതകളുടെ സംരംഭ സാധ്യതകള്‍ പരിപോഷിപ്പിക്കുന്ന ഒരു ഉദ്യമം കൂടിയാണ് ഈ ഭക്ഷണ വിതരണത്തിലൂടെ സാധിച്ചതെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: