കോഴിക്കോട്: ബാലുശ്ശേരിയിലെ സംഘര്‍ഷാവസ്ഥയില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്മ്മജന് ബോള്‍ഗാട്ടി. എനിക്ക് പേടിയും ഒപ്പം സങ്കടവുമാണ് തോന്നുന്നതെന്നും ആശയപരമായ വ്യത്യാസങ്ങളല്ലേയുള്ളൂവെന്നും ധര്മ്മജന് നാല്പത്തഞ്ച് വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന മണ്ഡലത്തില്‍ താന്‍ വന്നതോടെ മാറ്റം വരുമല്ലോയെന്ന സങ്കടത്തിലാണ് ഇതെല്ലാം കാണിക്കുന്നതെന്നും ധര്മ്മജന് പറഞ്ഞു.
‘നമ്മുടെ പ്രവര്‍ത്തകരെ ഒക്കെ അവര്‍ തല്ലി. പലരും ആശുപത്രിയിലാണ്. പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചു. നല്ല സങ്കടം ഉണ്ട്. തെരഞ്ഞെടുപ്പ് അല്ലേ. ആശയപരമായിട്ടുള്ള വ്യത്യാസങ്ങളല്ലേ നമുക്ക് ഉള്ളൂ. ഒരാളെ തല്ലാനും കൊല്ലാനും എങ്ങനെയാ. എനിക്ക് നല്ലപേടിയുണ്ട്. നാല്പത്തഞ്ച് വര്‍ഷമായില്ലേ അവര്‍ ഭരിക്കുന്നു. ഞാന്‍ വന്നപ്പോള്‍ ഒരു മാറ്റം വന്നാലോ എന്ന സങ്കടം ഉണ്ടാവും. അത് അവര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കാണിച്ചത്.’ ധര്മ്മജന് പറഞ്ഞു. വാര്‍ത്താ ചാനലിനോടായിരുന്നു ധര്‍മ്മജന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിന് ശേഷം ബാലുശേരിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മണ്ഡലത്തില്‍ കൂടുതല്‍ പൊലീസ് ക്യാംപ് ചെയ്തിട്ടുണ്ട്. ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് ഇന്ന് പുലര്‍ച്ചെ തീയിട്ടു. ഇതിന് പുറമേ കോണ്‍ഗ്രസ് പ്രവര്ത്തകന് ലത്തീഫിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ലത്തീഫിന്റെ കാറും തകര്‍ത്തു. ഇന്നലെ രാത്രി ബാലുശ്ശേരിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം നിലനിന്നിരുന്നു. നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: