മധ്യഭാരത്തിലെ പ്രമുഖ ഗോത്രവിഭാഗമാണ് ഗോണ്ട്. ഗോണ്ടുകളുടെ വിഖ്യാതമായ ചുമര്ചിത്രകലാരീതി അറിയപ്പെടുന്നതും ഇതേ പേരിലാണ്. വരകളും കുത്തുകളും ജ്യാമിതീയ രൂപങ്ങളും ഇടകലരുന്ന, കടുംവര്‍ണങ്ങളുടെ ചാരുതയാര്‍ന്ന ഗോണ്ട് ചിത്രങ്ങള്‍ കാലങ്ങള്‍ക്കിപ്പുറത്തും വരയില്‍ തനിമ നിലനിര്‍ത്തുന്നു.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഒറീസ സംസ്ഥാനങ്ങളുള്‍പ്പെടുന്ന പച്ചപ്പുമൂടിയ കുന്നുകള്‍ കൊണ്ടയെന്നാണ് അറിയപ്പെടുന്നത്. കൊണ്ട എന്നതിന്റെ രൂപാന്തരമാണ് ഗോണ്ട്. 14ാം നൂറ്റാണ്ടില്‍ മധ്യഭാരതം ഭരിച്ചിരുന്നത് ഗോണ്ടുകളായിരുന്നു. മുസ്ലിം അധിനിവേശത്തെ ചെറുക്കാനാവാതെ കൊടുങ്കാടുകളില്‍ അഭയം തേടിയ ഗോണ്ടുകള്‍ പിന്നീട് ഗോത്രവിഭാഗമായി അറിയപ്പെടുകയായിരുന്നു.
പ്രകൃതിയെ മനുഷ്യനുമായി സമരസപ്പെടുത്തുന്നതെന്തും ഗോണ്ട് ചിത്രങ്ങള്‍ക്ക് വിഷയമാണ്. കുന്ന്, നദി, തടാകം, മരം, പക്ഷിമൃഗാദികള്‍ തുടങ്ങി പ്രകൃതിയിലെ ചരാചരങ്ങളിലെല്ലാം ദൈവിക സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന ഗോണ്ടുകള്‍ അവയെല്ലാം തികഞ്ഞ പവിത്രയയോടെയാണ് ചിത്രങ്ങളിലേക്ക് പകര്‍ത്തുന്നത്. വീടുകളുടെ ചുമര്, ജനല്‍, വാതിലുകളെല്ലാം ചിത്രങ്ങളാല്‍ അലങ്കരിക്കുന്നു. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ കുടുംബാംഗങ്ങളെല്ലാം ചിത്ര രചനയില്‍ പങ്കാളികളാകും.
പ്രകൃതിജന്യ നിറങ്ങള്‍ ഉപയോഗിച്ചു വരയ്ക്കുന്ന ചിത്രങ്ങള്‍ ഒളിമങ്ങാതെ 20 വര്‍ഷത്തിലേറെ നിലനില്ക്കും.മരക്കരി, നിറമുള്ള മണ്ണ്, ചെടികളുടെ കറ, ഇലകള്‍, ചെമ്പരത്തിപ്പൂ, ചാണകം എന്നിവ സംസ്ക്കരിച്ചെടുത്താണ് നിറങ്ങളുണ്ടാക്കുന്നത്. കറുപ്പ്, വെള്ള, ചുവപ്പ്, നീല, മഞ്ഞ നിറങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്.
നാട്ടുദേവതകള്‍, പക്ഷിപ്പോര്, വനഭംഗി, കൃഷിയിടങ്ങള്‍, വിവാഹം, അനുഷ്ഠാനങ്ങള്‍ ഇവയെല്ലാം നിറയുന്ന വരകള്‍ സമൂഹത്തിന്റെ, ദൈനംദിനജീവിതത്തിന്റെ, വിശ്വാസാചാരങ്ങളുടെയെല്ലാം പരിഛേദമാണ്.
പ്രകൃതിജന്യ നിറങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടായതോടെ അക്രിലിക് പെയ്ന്റുകള്‍ ഉപയോഗിച്ച് ക്യാന്‍വാസുകളിലും ഗോണ്ടുചിത്രങ്ങള് തനിമ നഷ്ടപ്പെടാതെ വരയ്ക്കാന്‍ തുടങ്ങി. ഇപ്പോള്‍ ആനിമേഷന്‍ ചിത്രങ്ങളിലും വസ്ത്രങ്ങളിലുമെല്ലാം ഇടം പിടിച്ചു കഴിഞ്ഞ ഗോണ്ടുചിത്രങ്ങള് ഭാരതത്തിനു വെളിയിലും പ്രിയങ്കരമായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: